| Wednesday, 4th February 2026, 11:38 am

ഇറ്റാലിയന്‍ ഗ്രൂപ്പുമായി കൈകോര്‍ത്ത് ഇന്ത്യയില്‍ ഹെലികോപ്റ്ററുകള്‍ നിര്‍മിക്കാന്‍ അദാനി ഗ്രൂപ്പ്

അമര്‍നാഥ് എം.

ന്യൂദല്‍ഹി: ആഗോളതലത്തില്‍ ഹെലികോപ്റ്റര്‍ ഉത്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഇറ്റാലിയന്‍ കമ്പനിയായ ലിയോണാര്‍ഡോയുമായി ചേര്‍ന്ന് ഹെലികോപ്റ്റര്‍ നിര്‍മിക്കാനുള്ള കരാറില്‍ ഒപ്പുവെച്ച് അദാനി ഗ്രൂപ്പ്. ഇന്ത്യയും യൂറോപ്പ്യന്‍ യൂണിയനുമായുള്ള വ്യാപാര- പ്രതിരോധ കരാര്‍ ഒപ്പുവെച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അദാനി ഗ്രൂപ്പിന്റെ ഈ നീക്കം.

ഇന്ത്യയില്‍ പൂര്‍ണമായും സംയോജിത ഹെലികോപ്റ്റര്‍ നിര്‍മാണത്തിനുള്ള ആവാസവ്യവസ്ഥയുണ്ടാക്കുക എന്നതാണ് ലിയോണാര്‍ഡോയുമായുള്ള കരാറിലൂടെ ആദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. വലിയൊരു സൈനിക വിപണിയും ഈ കരാറിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഇന്ത്യയുടെ കര-നാവിക- വായു സേനകള്‍ക്ക് വിവിധ ക്ലാസുകളിലായി ആയിരത്തിലധികം ഹെലികോപ്റ്ററുകള്‍ ആവശ്യമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മുന്നൂറിലധികം ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍, മൂന്നുറിലധികം മീഡിയം ലിഫ്റ്റ് ഹെലികോപ്റ്ററുകള്‍, നൂറിലധികം ഇന്റര്‍മീഡിയറ്റ് ഹെലികോപ്റ്ററുകള്‍, 90-ലധികം സമുദ്ര മള്‍ട്ടി-റോള്‍ ഹെലികോപ്റ്ററുകള്‍ എന്നിവ ഈ കണക്കില്‍ ഉള്‍പ്പെടുന്നു. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിന്റെയും പ്രതിരോധ മന്ത്രാലയത്തിലെ ഡി.ജി (അക്വിസിഷന്‍) എ. അനബരസുവിന്റെയും സാന്നിധ്യത്തിലാണ് കഴിഞ്ഞദിവസം ദല്‍ഹിയില്‍ ധാരാണാപത്രം ഒപ്പുവച്ചത്.

ഇന്ത്യന്‍ സായുധ സേനയുടെ ആവശ്യകതകള്‍, പ്രത്യേകിച്ച് ലിയോനാര്‍ഡോയുടെ AW169M, AW109 ട്രെക്കര്‍ എം ഹെലികോപ്റ്ററുകള്‍ എന്നിവയാണ് ലക്ഷ്യമെന്നും ഇതിലാണ് കരാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. ഘട്ടം ഘട്ടമായുള്ള തദ്ദേശീയവത്കരണം, അറ്റകുറ്റപ്പണികള്‍, ഓവര്‍ഹോള്‍ ശേഷി, മികച്ച രീതിയിലുള്ള പൈലറ്റ് പരിശീലനം എന്നിവയും ഈ കരാറിന്റെ ലക്ഷ്യങ്ങളിലുണ്ട്.

ഭാവിയില്‍ ഹെലികോപ്റ്റര്‍ നിര്‍മാണവ്യവസ്ഥയിലേക്കുള്ള വലിയൊരു ചുവടുവെയ്പ്പാണ് ഈ നീക്കമെന്ന് കരാറില്‍ ഒപ്പുവെച്ച ശേഷം അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പെയ്‌സ് ഡയറക്ടര്‍ ജീത് അദാനി പറഞ്ഞു. ഇന്ത്യയെ ആഗോള എയ്‌റോസ്‌പെയ്‌സ് രംഗത്തെ പവര്‍ഹൗസായി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയത്തെ ഈ നീക്കം സഹായിക്കുമെന്നാണ് കരാറില്‍ ഒപ്പുവെച്ച ശേഷം പ്രതിരോധ സെക്രട്ടറി രാജ്കുമാര്‍ സിങ് പറഞ്ഞത്. മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന ആശയത്തെ കൂടുതലായി ആശ്രയിക്കുന്നതിനും ഇറക്കുമതി കുറക്കുന്നതിനും ഈ നീക്കം സഹായകമാകുമെന്നും അദ്ദേഹം പറയുന്നു. നൂറ് ശതമാനം സ്വാശ്രയത്വം എന്ന ആശയം ഒരിക്കലും നടപ്പാക്കാനാകില്ലെന്നും രാജ്കുമാര്‍ സിങ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Adani Group ties up with Italian firm for Helicopter Making

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more