| Wednesday, 4th November 2026, 8:46 am

സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിന് ഭീഷണിയായി അദാനി ഗ്രൂപ്പും ഒപ്ഇന്ത്യയും; പത്രസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ 157ാം സ്ഥാനത്ത്!

ശ്രീരാഗ് പാറക്കല്‍

ന്യൂദല്‍ഹി: 2026ലെ മാധ്യമസ്വാതന്ത്ര്യത്തിന് ഭീഷണിയുയര്‍ത്തുന്നവരുടെ 33 പേരടങ്ങുന്ന പട്ടികയില്‍ അദാനി ഗ്രൂപ്പും തീവ്ര ഹിന്ദുത്വവാദികളുടെ വെബ്‌സൈറ്റായ ഒപ്ഇന്ത്യയും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (ആര്‍.എസ്.എഫ്). മാധ്യമപ്രവര്‍ത്തകരെയും മാധ്യമസ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള നടപടികളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡം.

അദാനി ഗ്രൂപ്പിനെ നിയമപരമായ സമ്മര്‍ദം ചെലുത്തുന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്. തങ്ങളുടെ ബിസിനസുകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ നിശബ്ദരാക്കാന്‍ അദാനി ഗ്രൂപ്പ് കേസുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ കണ്ടെത്തല്‍. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ നിശബ്ദമാക്കാന്‍ സിവില്‍, ക്രിമിനല്‍ അപകീര്‍ത്തിക്കേസുകള്‍ ഉള്‍പ്പെടെയുള്ള നിയമനട പടികള്‍ ഗ്രൂപ്പ് ഉപയോഗിക്കുന്നുവെന്നാണ് സംഘടനയുടെ നിരീക്ഷണം.

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അപവാദ പ്രചാരണങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും പ്രചരിപ്പിക്കുന്നുവെന്നാണ് ഒപ്ഇന്ത്യക്കെതിരായ വിമര്‍ശനം. സര്‍ക്കാര്‍ വിമര്‍ശകരായ മാധ്യമപ്രവര്‍ത്തകരെയും മാധ്യമസ്ഥാപനങ്ങളെയും വിദേശശക്തികളുടെ ഏജന്റുമാരായും രാജ്യവിരുദ്ധരായും ചിത്രീകരിക്കുന്ന പ്രചാരണങ്ങള്‍ക്ക് വെബ്‌സൈറ്റ് നേതൃത്വം നല്‍കുന്നതായി ആര്‍.എസ്.എഫ് ആരോപിച്ചു.

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ഇസ്രഈല്‍ സൈന്യവും ഉള്‍പ്പെടെയുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും അന്താരാഷ്ട്ര മാധ്യമസ്വാതന്ത്ര്യ സംഘടനയായ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (ആര്‍.എസ്.എഫ്) പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷാനടപടികളിലെ വീഴ്ച അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ദിനമായ നവംബര്‍ രണ്ടിനാണ് പട്ടിക പ്രസിദ്ധീകരിച്ചത്. മാധ്യമസ്വാതന്ത്ര്യ സൂചികയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക, നിയമ, സാമുഹികമേഖലകളിലായാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

അതേസമയം 2026ലെ ലോക പത്രസ്വാതന്ത്ര്യ സൂചികയില്‍ 180 രാജ്യങ്ങളില്‍ ഇന്ത്യ 157ാം സ്ഥാനത്ത്. 2025ല്‍ 151ാം സ്ഥാനത്തായിരുന്ന ഇന്ത്യയ്ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ആറ് സ്ഥാനങ്ങളാണ് നഷ്ടപ്പെട്ടത്. ഇത് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ റാങ്കിങ്ങാണ് എന്നതും ശ്രദ്ധേയമാണ്. മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളെല്ലാം തന്നെ മെച്ചപ്പെട്ട നിലയിലാണ്. ബംഗ്ലാദേശ് 152ാം സ്ഥാനത്തും പാകിസ്ഥാന്‍ 153ാം സ്ഥാനത്തുമാണ്.

Content Highlight: Adani Group and OpIndia pose a threat to independent journalism; India ranks 157th on the Press Freedom Index

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more