മുംബൈ: മഹാരാഷ്ട്രയില്‍ അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി ഗ്രീന്‍ എനര്‍ജി ഒരു ജലവൈദ്യുത പദ്ധതിയുടെ ചെലവ് 5675 കോടിക്ക് പകരം 56.75 കോടിയായി കുറച്ച് കണക്കാക്കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സത്യവാങ്മൂലം സമര്‍പ്പിക്കുകയും ആ ആവശ്യം സംസ്ഥാന വനം വകുപ്പ് അംഗീകരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ഈ പദ്ധതിയുടെ ഭാഗമായി പദ്ധതിച്ചെലവിന്റെ നാല് ശതമാനം വരുന്ന തുക അദാനി ഗ്രൂപ്പ് വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണത്തിനായുള്ള ഫണ്ടിലേക്ക് അടക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ചെലവ് കുറച്ച് കണക്കാക്കാന്‍ ആവശ്യപ്പെട്ട് കമ്പനി സത്യവാങ്മൂലം നല്‍കിയതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
2025ല്‍ സമര്‍പ്പിച്ച പാരിസ്ഥിതിക അനുമതിക്കായുള്ള അപേക്ഷയില്‍ 5675 കോടിയാണ് അദാനി ഗ്രീന്‍ എനര്‍ജി പദ്ധതിച്ചെലവ് കാണിച്ചത്. തുടര്‍ന്ന് പദ്ധതിക്ക് അനുമതി ലഭിച്ച ശേഷം വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണത്തിനായുള്ള ഫണ്ടിലേക്ക് പദ്ധതിച്ചെലവിന്റെ നാല് ശതമാനം വരുന്ന തുക അടക്കാന്‍ അദാനി ഗ്രൂപ്പിനോട് സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ആവശ്യപ്പെട്ടു. പിന്നീട് പദ്ധതിച്ചെലവ് 56.75 കോടിയായി കുറച്ച് കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് ഈ വര്‍ഷം സെപ്റ്റംബറില്‍ അദാനി ഗ്രീന്‍ എനര്‍ജി സംസ്ഥാന സര്‍ക്കാരിന് സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
5675 കോടിയാണ് പദ്ധതി ചെലവെങ്കില്‍ അതിന്റെ നാല് ശതമാനമായ 227 കോടിയാണ് ഇത്തരത്തില്‍ വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണത്തിനായുള്ള ഫണ്ടിലേക്ക് നല്‍കേണ്ടി വരിക. എന്നാല്‍ പദ്ധതി ചെലവ് 56.75 കോടിയാക്കി കണക്കാക്കിയാല്‍ അതിനനുസരിച്ച് ഈ തുക 2.27 കോടിയായി കുറയും. ഈ ഇനത്തില്‍ 224.73 കോടി ലാഭിക്കാനും അദാനി ഗ്രീന്‍ എനര്‍ജിക്ക് കഴിയും.
സഹ്യാദ്രി ടൈഗര്‍ റിസര്‍വിന്റെ ഭാഗമായ കൊയ്ന വന്യജീവി സങ്കേതത്തിന്റെ ഭൂമിയിലാണ് അദാനി ഗ്രീന്‍ എനര്‍ജിയുടെ 1,500 മെഗാവാട്ട് ജലവൈദ്യുത പദ്ധതി വരുന്നത്. ഇതിനാലാണ് പദ്ധതി തുകയുടെ നാല് ശതമാനം വരുന്ന തുക വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണത്തിനായുള്ള ഫണ്ടിലേക്ക് അദാനിയുടെ സ്ഥാപനം നല്‍കേണ്ടി വരുന്നത്.
പദ്ധതി ചെലവ് 56.75 കോടി രൂപയായി പുനര്‍നിശ്ചയിക്കാനുള്ള നിര്‍ദ്ദേശം മഹാരാഷ്ട്ര വനം വകുപ്പ് അടുത്തിടെ അംഗീകരിച്ചുവന്നെ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെത്തുടര്‍ന്ന്, സഹ്യാദ്രി ടൈഗര്‍ റിസര്‍വിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 56.75 കോടിയുടെ ഒരു ശതമാനമായ 56.75 ലക്ഷം രൂപ അദാനി സ്ഥാപനം അടച്ചു. ബാക്കി മൂന്ന് ശതമാനം തുക പദ്ധതിക്ക് നാഷണല്‍ ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫിന്റെ അനുമതി ലഭിച്ച ശേഷം നിക്ഷേപിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊയ്ന വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണോ പരിസ്ഥിതി ലോല മേഖലയോ ആയി കണക്കാക്കപ്പെടുന്ന പ്രദേശത്ത് വരുന്ന 150.74 ഹെക്ടര്‍ വനേതര ഭൂമിയിലാണ് 1,500 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതി വരുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ എട്ടിനാണ് പദ്ധതിച്ചെലവ് 56.75 കോടി രൂപയായി പുതുക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര വനം വകുപ്പിന് അദാനി ഗ്രീന്‍ എനര്‍ജി സത്യവാങ്മൂലം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 11നായിരുന്നു പദ്ധതിച്ചെലവ് 5,675 കോടി രൂപയാണെന്ന് രേഖപ്പെടുത്തിയുള്ള പാരിസ്ഥിതിക അനുമതി അപേക്ഷ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് അദാനി ഗ്രീന്‍ എനര്‍ജി അയച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പരിസ്ഥിതി അനുമതി ലഭിച്ചതിന് ശേഷം, 2026 ഫെബ്രുവരി 23-ന് ചേര്‍ന്ന സ്റ്റേറ്റ് ബോര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫ് ഈ നിര്‍ദ്ദേശം പരിഗണിച്ചു. 15 നിബന്ധനകളും അന്ന് ബോര്‍ഡ് സ്ഥാപനത്തിന് മുന്നില്‍ വെച്ചിരുന്നു. അതിലൊന്നായിരുന്നു പദ്ധതി ചെലവിന്റെ നാല് ശതമാനം വരുന്ന തുക ടൈഗര്‍ റിസര്‍വിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്നത്.
പിന്നീട് ഈ വര്‍ഷം മാര്‍ച്ചില്‍ 227 കോടി രൂപ കെട്ടിവെക്കാനും മറ്റ് 14 നിബന്ധനകള്‍ പാലിക്കുമെന്ന് ഉറപ്പ് നല്കുന്ന സത്യവാങ്മൂലം സമര്‍പിക്കാനും ആവശ്യപ്പെട്ട് കമ്പനിക്ക് സര്‍ക്കാര്‍ കത്തെഴുതിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പദ്ധതിയുടെ ചെലവ് കണക്കുകള്‍ തെറ്റാണെന്ന് ആരോപിച്ച് സത്താറ ജില്ലയിലെ ഓണററി വൈല്‍ഡ് ലൈഫ് വാര്ഡന് രോഹന് ഭാതെ പരാതി നല്‍കിയിരുന്നു. ഒക്ടോബര്‍ 30-ന് പ്രധാനമന്ത്രിയുടെ പരാതി പരിഹാര പോര്‍ട്ടലിലും, മഹാരാഷ്ട്ര സര്‍ക്കാരിന്റെ ‘ആപ്ലെ സര്‍ക്കാര്‍’ പോര്‍ട്ടല്‍ വഴി മുഖ്യമന്ത്രിക്ക് മുന്‍പാകെയും അദ്ദേഹം പരാതി സമര്‍പ്പിച്ചു. ഇതിനെത്തുടര്‍ന്ന്, വിഷയം മുന്‍ഗണനാടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നവംബര്‍ 6-ന് സംസ്ഥാന വനം വകുപ്പിന് നിര്‍ദ്ദേശം നല്കി. സംസ്ഥാന വനം വകുപ്പ് ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.
56.75 കോടി രൂപക്ക് ഇത്രയും വലിയ ഊര്‍ജ പദ്ധതി നടപ്പാക്കാന്‍ പറ്റില്ലെന്ന് രോഹന് ഭാതെ പറഞ്ഞു. ‘കമ്പനി സമര്‍പ്പിച്ച സത്യവാങ്മൂലം വനം വകുപ്പ് അംഗീകരിച്ചത് ഞെട്ടിക്കുന്നതാണ്. അതില്‍, ദശാംശ ചിഹ്നം മാറ്റിയിട്ടുകൊണ്ട് പദ്ധതി ചെലവ് 56.75 കോടി രൂപയാണെന്നാണ് കമ്പനി കാണിച്ചിരിക്കുന്നത്; ഇത് യഥാര്‍ത്ഥ കണക്കിനേക്കാള്‍ 100 മടങ്ങ് കുറവാണ്,’ ഭാതെയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
225 കോടി രൂപയുടെ അനാവശ്യമായ ഇളവ് നല്‍കിക്കൊണ്ട്, വെറും 2.275 കോടി രൂപ മാത്രം നിക്ഷേപിക്കാന്‍ കമ്പനിയോട് ആവശ്യപ്പെടുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ തീരുമാനം ഉടന്‍ റദ്ദാക്കണം. സര്‍ക്കാര്‍ നിഷ്പക്ഷമായി ഈ വിഷയം അന്വേഷിക്കുകയും കുറ്റക്കാരെന്ന് കണ്ടെത്തുന്ന എല്ലാവരെയും ശിക്ഷിക്കുകയും വേണമെന്നും ഭാതെ ആവശ്യപ്പെട്ടെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Adani Green Energy Maharasthra Satara Post Cost and Fund Report