മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത് ഹിറ്റടിച്ച അബ്രഹാം ഓസ്ലര് എന്ന ചിത്രത്തിലൂടെ ശ്രദ്ധയനായ അഭിനേതാവാണ് ആദം സാബിഖ്. മമ്മൂട്ടി, ജയറാം തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അലക്സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലത്തെയായിരുന്നു ആദം അവതരിപ്പിച്ചത്. തുടര്‍ന്ന് ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തിയ ഐഡന്റിറ്റിയിലും ഈ വര്‍ഷം പുറത്തിറങ്ങിയ ഡെര്‍ബിയിലും താരം പ്രധാനവേഷത്തിലെത്തിയിരുന്നു.
ആദം സാബിഖിന്റേതായി ഇപ്പോള്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ടൈറ്റന്‍സ്. ജയസൂര്യയും വിനായകനും പ്രധാനവേഷത്തിലെത്തിയ ചിത്രം ഫാന്റസി ഴോണറില്‍ വ്യത്യസ്തമായൊരു അനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ബേബി ജീന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, സണ്ണി വെയ്ന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയായിരുന്നു ആദം അവതരിപ്പിച്ചത്.
Photo: Instagram.com
ചിത്രത്തില്‍ വിനായകന്റെ റെജിമോന് എന്ന കാവല്‍ മാലാഖയും ആദം അവതരിപ്പിച്ച ലൂസിഫറിന്റെ അനുയായിയും തമ്മിലുള്ള ഫൈറ്റിന് വലിയ പ്രശംസയായിരുന്നു ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചെറിയ ബജറ്റിലുള്ള ചിത്രമായിട്ടും ഹോളിവുഡ് നിലവാരത്തിലുള്ള മേക്കിങ്ങായിരുന്നു ഈ ഫൈറ്റ് സീനില്‍ ഉണ്ടായിരുന്നത്.
ഇപ്പോഴിതാ റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഈ ഫൈറ്റ് സീന്‍ ചിത്രീകരണത്തെ കുറിച്ച് സംസാരിക്കുകയാണ് ആദം സാബിഖ്. വിനായകന് തന്നെ ചിത്രീകരണത്തിനിടെ സഹായിച്ചതിനെ കുറിച്ചാണ് ആദം സംസാരിച്ചത്.
‘ജയസൂര്യ, വിനായകന് തുടങ്ങി ഇത്രയും വര്‍ഷം എക്സ്പീരിയന്‍സുള്ളവരുടെ കൂടെ വര്‍ക്ക് ചെയ്യുക എന്ന് പറയുന്നത് അടിപൊളിയാണ്. അവര്‍ വളരെ ഈസിനെസില് ഒരു സീനൊക്കെ പെര്‍ഫോം ചെയ്യുന്നത് കാണുമ്പോള്‍ കൊള്ളാം എന്നും നാളെ നമുക്കും ഇതുപോലെ ചെയ്യണം എന്നും തോന്നും. അവരില്‍ നിന്നും പേഴ്സണലി ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ പടത്തില്‍ വിനായകന് ചേട്ടന്റെ കൂടെയുള്ള ഫൈറ്റിലെല്ലാം അദ്ദേഹം ഭയങ്കരമായിട്ട് എന്നെ സപ്പോര്‍ട്ട് ചെയ്തിരുന്നു.
ടൈറ്റന്‍സ്. Photo: X.com
ഫൈറ്റ് സീനിന്റെ ഫസ്റ്റ് ഡേ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. കാരണം വിനായകന് ചേട്ടന്റെ കൂടെയാണ് ഫൈറ്റ് ചെയ്യേണ്ടത്. എന്റെ മനസില്‍ കിടക്കുന്നത് വര്മനൊക്കെയാണ്. പുള്ളിയെ ഇടിക്കുന്ന സീനില്‍ വിനായകന് ചേട്ടനെ ഇടിക്കാന്‍ എന്റെ കൈ പൊങ്ങുന്നില്ല. നീ എന്താ ഈ കാണിക്കണെ എന്നെ ഇടിക്ക്, ആ പഞ്ച് ഓഡിയന്‍സിന് കിട്ടിയാലേ ഫൈറ്റ് വര്ക്കൗട്ടാകുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ഒന്നും നോക്കണ്ട വിനായകനെ ഇടിച്ചുപൊളിച്ചോ എന്നും പറഞ്ഞ് അത്രയും സപ്പോര്‍ട്ടായിട്ട് പുള്ളി നമ്മുടെ കൂടെ ഉള്ളതുകൊണ്ട് എനിക്ക് നന്നായി ചെയ്യാനുള്ള ധൈര്യം കിട്ടി,’ ആദം പറഞ്ഞു.
Content Highlight: Adam Sabiq talks about his experience of acting with Vinayakan in Titans