2024-25 ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കിടെ മിച്ചല്‍ സ്റ്റാര്‍ക്കുമായി വാഗ്വാദത്തിലേര്‍പ്പെട്ട ഇന്ത്യന്‍ യുവതാരം യശസ്വി ജെയ്‌സ്വാളിനെ പരിഹസിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ്. പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിനിടെയാണ് ജെയ്‌സ്വാളും മിച്ചല്‍ സ്റ്റാര്‍ക്കും വാഗ്വാദത്തിലേര്‍പ്പെട്ടത്.
സ്റ്റാര്‍ക് വേഗതയില്ലാതെയാണ് പന്തെറിയുന്നത് എന്നായിരുന്നു ജെയ്‌സ്വാള്‍ പറഞ്ഞത്. ആദ്യ ടെസ്റ്റില്‍ താരം സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ പരമ്പരയില്‍ സ്റ്റാര്‍ക്കും ഓസ്‌ട്രേലിയയും തിരിച്ചടിക്കുകയും ഇന്ത്യ 3-1ന് പരമ്പര പരാജയപ്പെടുകയും ചെയ്തു.
ജെയ്‌സ്വാള്‍-സ്റ്റാര്‍ക് വിവാദത്തില്‍ പ്രതികരിക്കവെയാണ് ഗില്‍ക്രിസ്റ്റ് ജെയ്‌സ്വാളിനെകുറിച്ച് പരിഹാസപൂര്‍വം സംസാരിച്ചത്. സ്‌പോര്‍ട്‌സ് യാരിയോട് സംസാരിക്കുകയായിരുന്നു ഗില്ലി. ഇതിനൊപ്പം തന്നെ ജെയ്‌സ്വാള്‍ ഇന്ത്യയുടെ അടുത്ത സൂപ്പര്‍ സ്റ്റാറാണെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞുവെക്കുന്നുണ്ട്.
‘എനിക്ക് തോന്നുന്നത് ജെയ്‌സ്വാള്‍ അടുത്ത സൂപ്പര്‍ താരമാണെന്നാണ്. അവനത് നമുക്ക് കാണിച്ചുതന്നു. കുറച്ചുകൂടി പഠിക്കാനും ആഴത്തില്‍ പരിശോധിക്കാനും അവന് കുറച്ച് സമയം ലഭിച്ചു, അവനത് കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
അത് (സ്റ്റാര്‍ക് vs ജെയ്‌സ്വാള്‍) ഒരു നല്ല ബാന്ററായിരുന്നു. ഏതൊരു പട്ടിക്കും ഒരു ദിവസം വരും, അന്ന് അവന്റെ ദിവസമായിരുന്നു. ആ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ അവന്‍ ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാതാക്കി കളഞ്ഞു. എന്നാല്‍ സ്റ്റാര്‍ക് ശേഷം തിരിച്ചടിച്ചു. ഇതാണ് ഈ കളിയുടെ ഭംഗി. എന്നാല്‍ അത് തീര്‍ത്തും മികച്ച ഒരു ബാന്ററായിരുന്നു,’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.
പരമ്പരയില്‍ ട്രാവിസ് ഹെഡിന് ശേഷം ഏറ്റവുമധികം റണ്‍സ് നേടിയതും ജെയ്‌സ്വാളായിരുന്നു. പത്ത് ഇന്നിങ്‌സില്‍ നിന്നും 43.44 ശരാശരിയില്‍ 391 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും പരമ്പരയില്‍ ജെയ്‌സ്വാള്‍ സ്വന്തമാക്കി.
അതേസമയം, ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള മുന്നൊരുക്കത്തിലാണ് ജെയ്‌സ്വാള്‍. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടിലെത്തി കളിക്കുക. ജൂണ്‍ 20നാണ് പരമ്പരയിലെ ആദ്യ മത്സരം.
ആദ്യ ടെസ്റ്റ്: ജൂണ്‍ 20-24 – ഹെഡിങ്‌ലി, ലീഡ്‌സ്.
രണ്ടാം ടെസ്റ്റ്: ജൂലൈ 2-6 – എഡ്ജ്ബാസ്റ്റണ്‍, ബെര്‍മിങ്ഹാം.
മൂന്നാം ടെസ്റ്റ്: ജൂലൈ 10-14 – ലോര്‍ഡ്‌സ്, ലണ്ടന്‍.
നാലാം ടെസ്റ്റ്: ജൂലൈ 23-27 – ഓള്‍ഡ് ട്രാഫോര്‍ഡ്, മാഞ്ചസ്റ്റര്‍
അവസാന ടെസ്റ്റ്: ജൂലൈ 31 – ഓഗസ്റ്റ് 4 – ദി ഓവല്‍, ലണ്ടന്‍.
ഇന്ത്യ സ്‌ക്വാഡ്
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്.
Content Highlight: Adam Gilchrist took a cheeky dig at Yashasvi Jaiswal