| Saturday, 22nd March 2025, 4:50 pm

ഐ.പി.എല്ലിന്റെ അവസാനം ഓറഞ്ച് ക്യാപ്പ് അവന്‍ നേടും; വമ്പന്‍ പ്രസ്താവനയുമായി ഗില്‍ക്രിസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ഐ.പി.എല്ലിന്റെ പുതിയ പതിപ്പിനാണ്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തിന് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്.

എന്നാല്‍ കഴിഞ്ഞ തവണ കൊല്‍ക്കത്തയെ നയിച്ച ക്യാപ്റ്റന്‍ ശ്രേയസിനെ ഫ്രാഞ്ചൈസി വിട്ടുകൊടുത്തപ്പോള്‍ പഞ്ചാബാണ് താരത്തെ ടീമിലെത്തിച്ചതും ക്യാപ്റ്റനാക്കിയതും. മാത്രമല്ല ടീമിന്റെ പരിശീലകനായി മുന്‍ ഓസീസ് താരവും ദല്‍ഹി ക്യാപിറ്റല്‍സിന്റെ മുന്‍ കോച്ചുമായ റിക്കി പോണ്ടിങ്ങും സ്ഥാനമേറ്റതോടെ ഏറെ ആത്മവിശ്വാസത്തിലാണ് ടീം.

ഇപ്പോള്‍ പഞ്ചാബിന്റെ പരിശീലകന്‍ റിക്കി പോണ്ടിങ്ങിനെക്കുറിച്ചും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെക്കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ്. ക്ലബ് പ്രൈറി ഫയര്‍ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഗില്‍ക്രിസ്റ്റ്. ടൂര്‍ണമെന്റിന്റ 18ാം പതിപ്പ് അവസാനിക്കുമ്പോള്‍ പഞ്ചാബിന്റെ ശ്രേയസ് അയ്യര്‍ ടോപ് സ്‌കോററാകുമെന്നും ഓറഞ്ച് ക്യാപ്പ് നേടുമെന്നുമാണ് ഗില്‍ ക്രിസ്റ്റ് പറഞ്ഞത്.

‘2025 ഐ.പി.എല്ലിന്റ അവസാനം ശ്രേയസ് അയ്യര്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കും. റിക്കി പോണ്ടിങ്ങും ശ്രേയസ് അയ്യരും ഒന്നിക്കുമ്പോള്‍ ഫ്രാഞ്ചൈസിയെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. അവര്‍ മുമ്പ് ദല്‍ഹിയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അവര്‍ ഫ്രാഞ്ചൈസിയില്‍ സ്ഥിരക്കാരായി മുന്നോട്ട് പോകും. ഞാന്‍ ക്യാപ്റ്റനായിരുന്ന കാലത്ത് നിലനിന്നതുപോലെയായിരിക്കും ഇത്. ശ്രേയസിനൊപ്പം റിക്കിയും അവിടെ സ്ഥിരമാകും,’ ആദം ഗില്‍ക്രിസ്റ്റ് പറഞ്ഞു.

ഇത്തവണ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് പഞ്ചാബ് കളത്തിലിറങ്ങുന്നതും. മെഗാ താരലേലത്തിന് മുന്നോടിയായി പഞ്ചാബ് ഫൈസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ്ങിനേയും ശശാങ്ക് സിങ്ങിനേയും മാത്രമാണ് നില നിര്‍ത്തിയത്. അത്തരത്തില്‍ നോക്കുമ്പോള്‍ വലിയ മാറ്റങ്ങളോടെയാണ് ടീം കളത്തിലിറങ്ങുന്നത്. നിലവില്‍ ക്രിക്കറ്റില്‍ മികച്ച ഫോമില്‍ തുടരുന്ന ശ്രേയസ് ക്യാപ്റ്റന്‍സിയിലും ബാറ്റിങ്ങിലും മികവ് പുലര്‍ത്തുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

Content Highlight: Adam Gilchrist Talking About Shreyas Iyer And Rickey Ponting

We use cookies to give you the best possible experience. Learn more