| Sunday, 28th December 2025, 11:34 am

പാട്‌നയിലെ സ്‌കൂളില്‍ ജാതി വിവേചനം; കുട്ടികളുടെ തുറന്നു പറച്ചിലില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിഷാന. വി.വി

പാട്‌ന: ബീഹാറിലെ അലവാല്‍പൂര്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ജാതി വിവേചനവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ ഭരണകൂടം.

സ്‌കൂളില്‍ ജാതി വിവേചനം ഉണ്ടെന്ന് ആരോപിക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

തങ്ങളെ പ്രത്യേകം ഇരുത്തുകയും ഉയര്‍ന്ന ജാതിക്കാരായ കുട്ടികളുടെ അടുത്തിരിക്കാന്‍ അനുവദിക്കാറില്ലെന്നും വീഡിയോയില്‍ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

ചില സമയങ്ങളില്‍ ഭക്ഷണം പോലും തങ്ങള്‍ക്ക് നിഷേധിക്കാറുണ്ടെന്നും കുട്ടികള്‍ പറഞ്ഞു. നിങ്ങള്‍ അവരോടൊപ്പം ഇരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചുകൊണ്ട് മാറ്റിയിരുത്തും എന്നാണ് വീഡിയോയില്‍ ഒരു കുട്ടി പറയുന്നത്.

വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് നിര്‍ദേശിച്ചതായി പാട്ന ജില്ലാ മജിസ്ട്രേറ്റ് ത്യാഗരാജ് എസ്.എം പറഞ്ഞു.

അധ്യാപകര്‍ പല ദിവസങ്ങളിലും ക്ലാസില്‍ എത്താറില്ല, ക്ലാസുകള്‍ ക്രമ രഹിതമായാണ് നടക്കുന്നത്, സ്‌കൂളിലെ ഭക്ഷണത്തിന്റെ ഗുണമേന്മ വളരെ മോശമാണ്, തങ്ങളെ മറ്റു പല ജോലികളും ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്നു തുടങ്ങി ഗുരുതര ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ വീഡിയോയിലൂടെ ഉന്നയിച്ചത്.

എന്നാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ തങ്ങളുടെ സ്‌കൂളില്‍ നടന്നിട്ടില്ലെന്നും സ്‌കൂളിനെ രാഷ്ട്രീയ വേദിയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പ്രിന്‍സിപ്പാള്‍ പ്രതികരിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

‘സ്‌കൂളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുകയോ ജാതി വിവേചനത്തോടെ പെരുമാറുകയോ ചെയ്തിട്ടില്ല. കുട്ടികള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ആണ്‍ക്കുട്ടികളും പെണ്‍ക്കുട്ടികളും വെവ്വേറെ ഇരിക്കണം എന്ന് മാത്രമാണ് നിര്‍ദേശിച്ചിരുന്നത്,’ പ്രിന്‍സിപ്പാള്‍ രജ്ഞന്‍ കുമാര്‍ പറഞ്ഞു.

അതേസമയം പ്രദേശത്തെ വിദ്യാഭ്യാസ സമ്പ്രദായം നശിപ്പിക്കരുതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പളിനോട് ആവശ്യപ്പെട്ടതായി അലവല്‍പൂര്‍ പഞ്ചായത്ത് മേധാവി നിതാന്‍ ദേവി പറഞ്ഞു.

മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ഏതൊരു അധ്യാപകനും ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ദേവി പറഞ്ഞു.

2014 ല്‍ സന്‍സത് ആദര്‍ശ് യോജന പ്രകാരം ലോക്‌സഭ എം.പി രവിശങ്കര്‍ പ്രസാദ് അലവാല്‍പൂര്‍ ഗ്രാമം ദത്തെടുത്തിരുന്നു. ഈ പദ്ധതി പ്രകാരം മാതൃകാ ഗ്രാമമായി വികസിപ്പിക്കുന്നതിന് എം.പിമാര്‍ ഒരോ ഗ്രാമം ദത്തെടുക്കേണ്ടതുണ്ട്.

Content Highlight:  Caste discrimination in Patna school; Government orders inquiry into children’s outbursts

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more