| Saturday, 16th May 2026, 4:31 pm

കൊവിഡ് 19; മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാള്‍ മൂന്നിരട്ടിയോളം കൂടുതല്‍: ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2020നും 2023നും ഇടയിലുള്ള കാലയളവില്‍ ആഗോളതലത്തില്‍ കൊവിഡ്-19 മഹാമാരി 22.1 ദശലക്ഷം (2.21 കോടി) പേരുടെ മരണങ്ങള്‍ക്ക് കാരണമായതായി ലോകാരോഗ്യ സംഘടന.

ലോകമെമ്പാടും ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏഴ് ദശലക്ഷം കൊവിഡ് മരണങ്ങളേക്കാള്‍ ഏകദേശം മൂന്നിരട്ടി കൂടുതലാണിത്. ഡബ്ല്യു.എച്ച്.ഒ. പുറത്തിറക്കിയ 2026 ലെ ‘വേള്‍ഡ് ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സ്’ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

കൊവിഡ് മഹാമാരി ലോകത്തിനുണ്ടാക്കിയ ആഘാതം ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത അത്രയും വലുതും ഭീകരവുമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

2021 ആകുമ്പോഴേക്കും ആഗോളതലത്തില്‍ ആയുര്‍ദൈര്‍ഘ്യത്തിലും ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യത്തിലും കൈവരിച്ച ഏകദേശം ഒരു ദശാബ്ദക്കാലത്തെ നേട്ടങ്ങള്‍ ഈ മഹാമാരി ഇല്ലാതാക്കിയതായും ലോകാരോഗ്യ സംഘടന പറഞ്ഞു. റിപ്പോര്‍ട്ട് പ്രകാരം സമീപ ദശകങ്ങളിലെ ഏറ്റവും രൂക്ഷമായ തിരിച്ചടിയാണ് കൊവിഡ് കാരണം ലോകം നേരിട്ടത്.

2019 നും 2021 നും ഇടയില്‍ ആഗോളതലത്തില്‍ മനുഷ്യന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 1.8 വര്‍ഷം കുറഞ്ഞു. ഇതേ കാലയളവില്‍ ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യത്തില്‍ 1.5 വര്‍ഷത്തിന്റെ കുറവുണ്ടായി.

ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലായതിനെ തുടര്‍ന്ന് 2021ലാണ് അധിക മരണനിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. ആ വര്‍ഷം ആഗോളതലത്തില്‍ 10.4 ദശലക്ഷം അധിക മരണങ്ങള്‍ രേഖപ്പെടുത്തി. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇതില്‍ കുറവുണ്ടായിട്ടുണ്ട്. 2021ല്‍ 10.4 ദശലക്ഷവും 2022ല്‍ 4.9 ദശലക്ഷവും 2023ല്‍ 3.3 ദശലക്ഷവുമാണ് മരണനിരക്ക്.

എന്നാല്‍, കൊവിഡ് തകര്‍ച്ചയില്‍ നിന്നും ലോകരാജ്യങ്ങള്‍ പഴയ അവസ്ഥയിലേക്ക് പൂര്‍ണമായും തിരിച്ചെത്തിയിട്ടില്ലെന്നും പല രാജ്യങ്ങളും ഇപ്പോഴും പാന്‍ഡെമിക്കിന് മുമ്പുള്ള ആരോഗ്യാവസ്ഥയിലേക്ക് എത്താന്‍ പാടുപെടുകയാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

ഒരു നിശ്ചിത കാലയളവില്‍ സാധാരണയായി പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതലായി ഉണ്ടാകുന്ന മരണങ്ങളെയാണ് ഡബ്ല്യു.എച്ച്.ഒ ‘അധിക മരണങ്ങള്‍’ ആയി നിര്‍വചിക്കുന്നത്. ഇതില്‍ കൊവിഡ് മൂലം നേരിട്ടുണ്ടായ മരണങ്ങള്‍ മാത്രമല്ല ഉള്‍പ്പെടുന്നത്. ആരോഗ്യ സേവനങ്ങളുടെ തടസ്സം, ചികിത്സ വൈകല്‍ എന്നിവ മൂലമുണ്ടായ പരോക്ഷ മരണങ്ങളും ഈ കണക്കില്‍ വരുന്നുണ്ട്.

2021ല്‍ മഹാമാരി ഏറ്റവും രൂക്ഷമായ സമയത്ത്, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരെയാണ് ബാധിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രായമായവരാണ് ഏറ്റവും കൂടുതല്‍ മരണപ്പെട്ടത്. പ്രത്യേകിച്ചും 85 വയസ്സിനു മുകളിലുള്ളവര്‍.

പാന്‍ഡെമിക് സമയത്ത് ആഗോള മരണനിരക്ക് നിരീക്ഷിക്കുന്നതില്‍ വലിയ വീഴ്ച ഉണ്ടായതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. 2023ല്‍ ആഗോളതലത്തില്‍ 61 ദശലക്ഷം മരണങ്ങള്‍ ഉണ്ടായതായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതില്‍ 21 ദശലക്ഷം പേരുടെ മരണകാരണ വിവരങ്ങള്‍ മാത്രമേ ലോകാരോഗ്യ സംഘടനക്ക് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. മെഡിക്കല്‍ സര്‍ട്ടിഫൈഡ് I.C.D കോഡ് ചെയ്ത മരണനിരക്ക് ഡാറ്റ ലഭ്യമായത് വെറും 12 ദശലക്ഷം പേരുടെ മാത്രമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

വാക്സിനേഷന്‍ പ്രോഗ്രാമുകള്‍, ക്ഷയം, എച്ച്.ഐ.വി സേവനങ്ങള്‍, സാംക്രമികേതര രോഗങ്ങള്‍ക്കുള്ള ചികിത്സ എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള അവശ്യ ആരോഗ്യ സേവനങ്ങളെ മഹാമാരി ഗുരുതരമായി തടസ്സപ്പെടുത്തി. ഈ സേവനങ്ങള്‍ മുടങ്ങിയത് വലിയ തോതിലുള്ള പരോക്ഷ മരണങ്ങള്‍ക്ക് കാരണമായതായും ഏജന്‍സി പറഞ്ഞു.

2020-21 കാലയളവില്‍ ഇന്ത്യയില്‍ ഏകദേശം 4.74 ദശലക്ഷം (47.4 ലക്ഷം) അധിക മരണങ്ങള്‍ ഉണ്ടായതായി 2022 ലെ ഒരു പ്രത്യേക വിശകലനത്തില്‍ W.H.O ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ കണക്കുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.

കൊവിഡിന് ശേഷം സാര്‍വത്രിക ആരോഗ്യ പരിരക്ഷയിലെ പുരോഗതി മന്ദഗതിയിലായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ആരോഗ്യ സംരക്ഷണച്ചെലവുകള്‍ വര്‍ദ്ധിച്ചതുമൂലം ദാരിദ്ര്യം വര്‍ദ്ധിച്ചു. ഇതിനൊപ്പം ആഗോള ആരോഗ്യ ധനസഹായത്തില്‍ കുറവുണ്ടായെന്നും ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

Content Highlight: actual COVID-19 death toll is nearly three times higher than the officially recorded count. WHO

Latest Stories

We use cookies to give you the best possible experience. Learn more