| Thursday, 11th December 2025, 11:09 am

മമ്മൂക്കയുടെ കൂടെയുള്ള ഓരോ നിമിഷവും ഓരോ അനുഭവങ്ങൾ; കളങ്കാവൽ നായികമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ സിനിമയാണ് കളങ്കാവൽ. മമ്മൂട്ടി പ്രതിനായകനും വിനായകൻ നായകനുമാണെന്നുള്ളതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. അനൗൺസ്മെന്റ് മുതൽ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം തീയേറ്ററിൽ മികച്ച മുന്നേറ്റം തുടരുകയാണ്. ഇരുപത്തിയൊന്നോളം നായികമാരാണ് ചിത്രത്തിൽ അണിനിരന്നത്.

മമ്മൂട്ടിയുടെ കൂടെയുള്ള ഓരോ നിമിഷങ്ങളും ഓരോ അനുഭവങ്ങൾ ആയിരുന്നെന്ന് പറയുകയാണ് കളങ്കാവലിലെ നായികമാർ. കാതറിൻ മരിയ, സ്മിത, അംബി സുഹാന, അമൃത വിജയ്, അനുപമ എന്നീ താരങ്ങൾ കളങ്കാവൽ സിനിമയെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചുമുള്ള അനുഭവങ്ങൾ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പങ്കിടുകയായിരുന്നു.

കാതറിൻ മരിയ, സ്മിത, അംബി സുഹാന, അമൃത വിജയ്, Photo: Screen grab / Milestone Makers

‘മമ്മൂട്ടി കമ്പനിയിൽ നിന്നും വിളി വന്നപ്പോൾ അതൊരു പ്രാങ്ക് കോൾ ആയിരിക്കുമെന്ന് കരുതി. എന്നാൽ പിന്നീട് അത് ഒറിജിനൽ കോൾ ആന്നെന്ന് മനസിലായി എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത ഒരു അവസ്ഥയായിരുന്നു. പ്രത്യേകിച്ചും മമ്മൂക്കയെ പോലെയുള്ള ഒരു മഹാ നടന്റെ കൂടെ ഒരു സ്ക്രീൻ ഷെയർ ചെയ്യുക എന്ന് പറയുമ്പോൾ,’ അംബി സുഹാന പറഞ്ഞു.

‘ഞാൻ ആദ്യം ക്രിസ്റ്റഫർ മൂവി ആയിരുന്നു ചെയ്തത്. ആരും ശ്രദ്ധിക്കാതെ പോയ ഒരു കഥാപാത്രത്തെ മമ്മൂക്ക ഓർത്തെടുത്ത് നന്നായിരുന്നു എന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിയാതെയായി. എല്ലാവരുടെയും ഓരോ ചെറിയ കാര്യങ്ങൾ വരെ ഓർത്തെടുത്ത് അതിന് അഭിപ്രായം പറയുകയും, അഭിപ്രായം ചോദിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് മമ്മൂക്ക,’ സ്മിത പറഞ്ഞു.

മമ്മൂട്ടി, Photo: Mammootty /Facebook

എല്ലാവരുടെയും ഉള്ളിൽ ഉള്ള ഒരു പേടിയാണ് മമ്മൂട്ടി എങ്ങനെയാണെന്നുള്ളത്. യഥാർത്ഥ ജീവിതത്തിൽ വളരെ സീരിയസ് ആയിട്ടുള്ള കുറച്ച് ദേഷ്യക്കാരനായ വ്യക്തിയായിട്ടാണ് എല്ലാവരും മമ്മൂട്ടിയെ കാണുന്നതെന്നും അനുപമ പറഞ്ഞു. എന്നാൽ ആളുകൾ പറയുന്ന പോലെയല്ല മമ്മൂട്ടി. മമ്മൂക്ക എന്താണെന്ന് മമ്മൂക്കയോട് സംസാരിച്ചാൽ മാത്രമേ ഒരോ വ്യക്തിക്കും മനസിലാവുകയുള്ളു എന്നും അനുപമ കൂട്ടിചേർത്തു.

കണ്ണൂർ സ്‌ക്വാഡ്, ടർബോ,ഭ്രമയുഗം എന്നീ ചിത്രങ്ങൾക്ക് ശേഷം ക്ലബ്ബിൽ 50 കോടി ഇടം പിടിച്ച സിനിമയാണ് കളങ്കാവൽ. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ ഇടം നേടിയ മമ്മൂട്ടി ചിത്രമെന്ന പ്രത്യേകതയും കളങ്കാവലിനുണ്ട്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച ‘കളങ്കാവല്‍’, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. ജിബിന്‍ ഗോപിനാഥ്, ബിജു പപ്പന്‍, രജിഷ വിജയന്‍, ഗായത്രി അരുണ്‍, മാളവിക, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രമുഖ താരങ്ങള്‍.

Content Highlight: Actresses from Kalamkaval are talking about Actor  Mammootty

 

We use cookies to give you the best possible experience. Learn more