ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായികയായി അരങ്ങേറ്റം കുറിക്കുകയാണ് വിസ്മയ മോഹന്‍ലാല്‍.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ‘ഗലാട്ട പ്ലസ്’ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍, തന്റെ വ്യക്തിജീവിതത്തിലെ യാത്രാനുഭവങ്ങളെക്കുറിച്ചും ഒറ്റയ്ക്കുള്ള തീരുമാനങ്ങളെക്കുറിച്ചും വിസ്മയ മനസ് തുറന്നു.
ഗ്രൂപ്പായുള്ള യാത്രകളെക്കാള്‍ താന്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നത് ഒറ്റയ്ക്കുള്ള യാത്രകളില്‍ നിന്നാണെന്ന് വിസ്മയ പറയുന്നു.
‘മറ്റുള്ളവര്‍ക്കൊപ്പം യാത്ര പോകാന്‍ എനിക്ക് ഇഷ്ടമാണ്. പക്ഷേ അതൊരു ഗ്രൂപ്പാണ്. അവിടെ ഒരുപക്ഷേ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രം ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല. നമ്മള്‍ ഒരുമിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കുക. ആളുകള്‍ ചുറ്റും ഉണ്ടെന്ന ആശ്വാസം അവിടെ നമുക്കുണ്ടാകും.
ഒരു പരിധി വരെ നമുക്ക് നമ്മളെ സ്വിച്ച് ഓഫ് ചെയ്യാം, ആ ഒഴുക്കിനൊപ്പം നീന്താം. എന്നാല്‍ ഒറ്റയ്ക്ക് യാത്രകള്‍ പോകുമ്പോള്‍ അങ്ങനെയല്ല. അതൊരു വ്യത്യസ്തമായ കാര്യമാണ്,’ വിസ്മയ വ്യക്തമാക്കി.
വിസ്മയ മോഹന്‍ലാല്‍ photo: Galatta Plus
ഒറ്റയ്ക്കുള്ള യാത്രകള്‍ വലിയ ഉത്തരവാദിത്തബോധം നല്‍കുമെന്നും അത് നമ്മെ സ്വയം ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘അവിടെ നിങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരായിരിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ നമ്മള്‍ സ്വയം ധാരാളം കാര്യങ്ങള്‍ പഠിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
ഒരു മോശമായ സാഹചര്യത്തെ എങ്ങനെ കൈകാര്യം ചെയ്യണം? നിങ്ങള്‍ എങ്ങനെയാണ് അതിനെ മറികടന്ന് മുന്നോട്ടുപോകുന്നത്? അത്തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ നമ്മള്‍ പഠിക്കും. അത് ഒരുമിച്ചുള്ള യാത്രയില്‍ സംഭവിച്ചുകൊള്ളണമെന്നില്ല,’ താരം പറഞ്ഞു.
ഒരേ സ്ഥലത്തുതന്നെ കൂടുതല്‍ കാലം നിലയുറപ്പിക്കാന്‍ കഴിയാത്ത തന്റെ സ്വഭാവത്തെക്കുറിച്ചും ബോര്‍ഡിങ് സ്‌കൂള്‍ കാലം തൊട്ടുള്ള അനുഭവത്തെക്കുറിച്ചും വിസ്മയ അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുന്നുണ്ട്. ‘ഒരേ സ്ഥലത്ത് ഒരുപാട് കാലം നില്‍ക്കാന്‍ എനിക്കാവില്ല. അതിപ്പോള്‍ ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് അങ്ങനെയാണ്.
വിസ്മയ മോഹന്‍ലാല്‍ കുടുംബത്തോടൊപ്പം Photo: Facebook
അവിടെ നിന്ന് വീട്ടിലേക്ക് വരും, തിരിച്ചുപോകും, യാത്രകള്‍ പോകും… ഒരു ആറ് മാസമൊക്കെ ഒരേ സ്ഥലത്തിരിക്കുമ്പോള്‍ എനിക്ക് തന്നെ തോന്നും, മാറാന്‍ സമയമായി എന്ന്. അതെന്താണെന്ന് അറിയില്ല. പിന്നെ ഓരോരുത്തര്‍ക്കും ജീവിതത്തിലൂടെ കടന്നുപോകാന്‍ അവരവരുടേതായ വഴികളുണ്ട്,’ വിസ്മയ പറഞ്ഞു.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത് ആശീര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ‘തുടക്കം’ ഓഗസ്റ്റ് ഏഴിനാണ് തിയേറ്ററുകളിലെത്തുന്നത്. മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മീനു എന്ന പ്രധാന കഥാപാത്രത്തെയാണ് വിസ്മയ അവതരിപ്പിക്കുന്നത്.
Content Highlight: Actress Vismaya Mohanlal about Solo Trip and Decision Making Power