| Friday, 31st July 2026, 10:51 am

തുടക്കത്തിലെ എന്റെ കഥാപാത്രം പ്രതികരണശേഷിയുള്ളവളാണ്, ധൈര്യശാലിയാണ്; അങ്ങനെ ആവാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാനും: വിസ്മയ

ആര്യ.പി

വിസ്മയ മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് തുടക്കം. വിസ്മയയുടെ മലയാള സിനിമയിലേക്കുള്ള ആദ്യചുവടുകൂടിയാണ് തുടക്കം.

തുടക്കത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ചും എന്തുകൊണ്ടാണ് തുടക്കത്തിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിക്കാന്‍ താന്‍ ആഗ്രഹിച്ചതെന്നും പറയുകയാണ് വിസ്മയ മോഹന്‍ലാല്‍.

മീനു എന്ന കഥാപാത്രത്തെ ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ട് തന്നെയാണ് താന്‍ ‘തുടക്കം’ എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചതെന്ന് വിസ്മയ പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഒട്ടേറെ പേരെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഒരു കഥാപാത്രമാണ് മീനു. ജീവിതത്തില്‍ എന്തിനെയും നേരിടാന്‍ കഴിവുള്ള, വളരെ ബോള്‍ഡും കൂളുമായ ഒരു പെണ്‍കുട്ടിയാണ് അവള്‍,’ താരം പറഞ്ഞു.

യഥാര്‍ത്ഥ ജീവിതത്തില്‍ മീനുവിനെപ്പോലെയാണോ എന്ന ചോദ്യത്തിന്, അവളെപ്പോലെ ആകാന്‍ ആഗ്രഹിക്കുന്ന ആളാണ് താന്‍ എന്നായിരുന്നു വിസ്മയയുടെ മറുപടി.

ചിത്രത്തിന്റെ തിരക്കഥ ഒരു മാസം മുന്‍പ് തന്നെ കൈയില്‍ കിട്ടിയിരുന്നതിനാല്‍ കഥാപാത്രത്തെക്കുറിച്ച് വ്യക്തമായി പഠിക്കാന്‍ സാധിച്ചെന്നും വിസ്മയ പറഞ്ഞു.

വിസ്മയ photo: Galatta Plus

എന്നാല്‍ സിനിമയില്‍ തന്റെ പകുതി സംഭാവന മാത്രമേ ഉള്ളൂവെന്നും കേരളത്തിലെ ഭാഷാശൈലി (സ്ലാങ്) വഴങ്ങാന്‍ അല്‍പ്പം പ്രയാസമായിരുന്നതിനാല്‍ തനിക്ക് പകരം ആദിത്യ ലക്ഷ്മിയാണ് കഥാപാത്രത്തിന് ശബ്ദം നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മീനുവും അവളുടെ അച്ഛനും ഒരു വളര്‍ത്തുനായയും അടങ്ങുന്നതാണ് ഈ കഥാപാത്രത്തിന്റെ ലോകം. മീനു എന്ന കഥാപാത്രത്തെ കുറിച്ച് എത്രമാത്രം പറയാനാകും എന്നെനിക്ക് അറിയില്ല. മീനുവും അവളുടെ അച്ഛനും അവളുടെ ഒരു വളര്‍ത്തുനായയും ചേര്‍ന്നുള്ള ഒരു ജീവിതം.

അച്ഛന്‍ ഈ സിനിമയില്‍ ഒരു കാമിയോ ചെയ്യുന്നുണ്ട്. അതില്‍ കൂടുതല്‍ എന്തെങ്കിലും പറയാന്‍ കഴിയുമോ എന്ന് എനിക്ക് അറിയില്ല, വിസ്മയ പറഞ്ഞു.

എല്ലാ സിനിമകളും സമൂഹത്തെ ഉപദേശിക്കാനോ പ്രചോദിപ്പിക്കാനോ ഉള്ളതാവണമെന്നില്ലെന്നും എന്നാല്‍ സിനിമകള്‍ക്ക് സമൂഹത്തെ നല്ല രീതിയില്‍ സ്വാധീനിക്കാന്‍ കഴിയുമെങ്കില്‍ അത് നല്ല കാര്യമാണെന്നും വിസ്മയ അഭിപ്രായപ്പെട്ടു.

വിസ്മയ Photo: Trailer Screen Grab/Aashivad Cinemas

ഒരു അഭിനേത്രി എന്ന നിലയില്‍ എല്ലാത്തരം ഷേഡുകളുള്ള കഥാപാത്രങ്ങളെയും ചെയ്തുനോക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. ജീവിതത്തില്‍ പ്രചോദനം നല്‍കുന്ന കാര്യങ്ങള്‍ മാത്രമല്ല ഉള്ളത്, അതിനാല്‍ റിയലിസ്റ്റിക്കായ എല്ലാ കഥാപാത്രങ്ങളെയും എക്‌സ്‌പ്ലോര്‍ ചെയ്യാനാണ് തനിക്ക് താല്പര്യമെന്നും വിസ്മയ വ്യക്തമാക്കി.

എല്ലാ സിനിമകളും സമൂഹത്തിന് പ്രചോദനം നല്‍കുന്നതായിരിക്കില്ല. പക്ഷേ സമൂഹത്തെ സിനിമ നന്നായി സ്വാധീനിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അത് നല്ലതാണ്. സിനിമകളില്‍ എല്ലാ തരം കഥാപാത്രങ്ങളേയും അവതരിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.

റിയല്‍ ക്യാരക്ടേഴ്‌സ് ചെയ്യണമെന്നാണ് ആഗ്രഹം. ജീവിതത്തില്‍ നമ്മളെ ഇന്‍സ്‌പെയര്‍ ചെയ്യുന്ന കാര്യങ്ങള്‍ മാത്രമായിരിക്കില്ല ഉണ്ടാവുക. അവിടെ എല്ലാ ഷേഡുകളും ഉണ്ടാകും. അതുകൊണ്ട് എല്ലാം ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. എല്ലാ കഥാപാത്രങ്ങളേയും എക്‌സ്‌പ്ലോര്‍ ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം,’ വിസ്മയ പറഞ്ഞു.

Content Highlight: Actress Vismaya Mohanlal about Her Character on Thudakkam

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more