| Wednesday, 5th August 2026, 12:27 pm

അന്ന് എം.ടി സാറിനെ കണ്ട ഉടനെ എയർപോർട്ടിൽ വെച്ച് ആ ഡയലോഗ് പറഞ്ഞു കേൾപ്പിച്ചു; വിനയ പ്രസാദ്

അജ്മല്‍ കെ

എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതി അജയൻ സംവിധാനം ചെയ്ത ശ്രദ്ധേയമായ ചിത്രമാണ് പെരുന്തച്ചൻ. തിലകൻ, നെടുമുടി വേണു, മോനിഷ, പ്രശാന്ത്, വിനയ പ്രസാദ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്നും മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി വിലയിരുത്തപ്പെടുന്നു.

സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവങ്ങളും എം.ടി. വാസുദേവൻ നായരുമായി ബന്ധപ്പെട്ട ഓർമകളും പങ്കുവെക്കുകയാണ് നടി വിനയ പ്രസാദ്. ‘മധുരമീ ജീവിതം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മഴവിൽ മനോരാമക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

പെരുന്തച്ചൻ. Photo. Screengrab/ Youtube

ഏകദേശം 12 വർഷങ്ങൾക്ക് മുൻപ് തിരുവന്തപുരം എയർപോർട്ടിൽ വെച്ചാണ് എം.ടി. വാസുദേവൻ നായർ സാറിനെ ‘പെരുന്തച്ചൻ’ സിനിമയ്ക്ക് ശേഷം വീണ്ടും ഞാൻ കാണുന്നത്. അന്ന് ഇന്നസെന്റ് സാറും കൂടെ ഉണ്ടായിരുന്നു. എം.ടി. സാറിനെ കണ്ട ഉടനെ ഞാൻ അദ്ദേഹത്തിന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങി.

ആദ്യം അദ്ദേഹത്തിന് എന്നെ മനസ്സിലായില്ല. കുറച്ചുനേരം നോക്കിനിന്ന ശേഷമാണ് ആളെ തിരിച്ചറിഞ്ഞത്. അപ്പോൾ തന്നെ ഞാൻ പറഞ്ഞു, ‘സാർ എനിക്ക് എഴുതി തന്ന ഒരു ഡയലോഗ് ഞാൻ ഇപ്പോൾ പറയാം. അത് നിങ്ങൾ കേൾക്കണം എന്നാണ് ഞാൻ അദ്ദേഹത്തോട് ആദ്യം പറഞ്ഞത് എന്ന് താരം പറഞ്ഞു.

‘ആ ഡയലോഗ് ഞാൻ സിനിമയ്ക്കായി മനപാഠമാക്കിയിരുന്നു. ഇന്നും അത് എനിക്ക് ഓർമയുണ്ട്. അദ്ദേഹത്തിന്റെ അനുവാദം പോലും കാത്തുനിൽക്കാതെ ഞാൻ അവിടെ വെച്ചുതന്നെ ആ ഡയലോഗ് പറഞ്ഞു. സാധാരണ ഞാൻ അങ്ങനെ എക്സൈറ്റഡ് ആകാറില്ല. പക്ഷേ മലയാള ഭാഷ എന്നെ പഠിപ്പിച്ച ഒരാളെന്ന നിലയിൽ എം.ടി. സാറിനോട് എനിക്ക് വലിയ ആദരവായിരുന്നു. അതാണ് അന്ന് ഞാൻ പ്രകടിപ്പിച്ചത്. ചുറ്റും ആളുകൾ നിൽക്കുന്നു എന്നൊന്നും ഞാൻ അന്ന് ചിന്തിച്ചില്ല.

വിനയ പ്രസാദ്. Photo. Screengean/ Mazhavil manorama/ Youtube

പിന്നീട് അദ്ദേഹം ഇംഗ്ലീഷിൽ കുറച്ചുനേരം എന്നോട് സംസാരിച്ചു. എന്നാൽ ഞാൻ ഡയലോഗ് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണിലുണ്ടായ ആ തിളക്കമാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം,’ താരം കൂട്ടിച്ചേർത്തു.

‘പെരുന്തച്ചൻ’ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് മലയാളത്തിൽ ഒരു ഡയലോഗ് പോലും പറയാൻ അറിയില്ലായിരുന്നു. ‘നിയമം തെറ്റിക്കണമെങ്കിൽ അത് നേരത്തെയാകാമായിരുന്നു. പതിനാറ് കൊല്ലവും പന്തീരായിരം പണവും ചിലവാകും വരെ കാത്തുനിൽക്കേണ്ടിയിരുന്നില്ല. അനുഗ്രഹിച്ചവരുടെ ഒക്കെ ശാപം ഏറ്റുവാങ്ങിയാലേ തൃപ്തിയാകുമെന്നുണ്ടോ’ എന്നതായിരുന്നു എന്റെ ആദ്യ ഡയലോഗ്. അതും ആദ്യ ദിവസം, ആദ്യ ഷോട്ട്. പക്ഷേ അത് എങ്ങനെ പറയണം, എന്ത് ഭാവത്തിൽ പറയണം എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു, വിനയ പ്രസാദ് പറഞ്ഞു.

നെടുമുടി വേണു സാർ എന്നെ സഹായിക്കാനുണ്ടായിരുന്നു. സാറിന് നന്നായി ഇംഗ്ലീഷ് അറിയാമായിരുന്നു. പക്ഷേ അദ്ദേഹം പറഞ്ഞുതരുമ്പോഴും സിനിമയുടെ കഥയോ എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യമോ എനിക്ക് മനസ്സിലാകുന്നില്ലായിരുന്നു. അപ്പോഴാണ് ക്യാമറമാൻ സന്തോഷ് ശിവൻ സാർ, ‘ഇന്ന് എം.ടി. സാർ വരും, അദ്ദേഹത്തോട് കഥ ചോദിച്ചോളൂ’ എന്ന് പറഞ്ഞത്. അങ്ങനെയാണ് ഞാൻ എം.ടി. സാറിനോട് സിനിമയുടെ കഥ മുഴുവൻ പറഞ്ഞുതരാൻ പറഞ്ഞത് എന്നും താരം പറഞ്ഞു.

എം.ടി. വാസുദേവൻ നായർ. Photo. Wikipidia

‘ഞാൻ ശരിക്കും ഭാഗ്യവതിയാണ്. എം.ടി. സാറിനെപ്പോലൊരു ഇതിഹാസം എനിക്ക് മുഴുവൻ കഥയും പറഞ്ഞുതന്നു. മോനിഷയും പ്രശാന്തും അന്ന് എനിക്കൊപ്പം ആ കഥ കേൾക്കാനുണ്ടായിരുന്നു. ആ നിമിഷങ്ങൾ ഓർക്കുമ്പോൾ ഇന്നും എനിക്ക് രോമാഞ്ചമാണ്,’ വിനയ പ്രസാദ് കൂട്ടിച്ചേർത്തു.

സിദ്ദിഖ്, വിനയ പ്രസാദ്, പൂജിത മേനോൻ, ജോണി ആന്റണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് മധുരമീ ജീവിതം. മാത്യു സക്കറിയ സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമയായ ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും.

Content Highlight: Actress Vinaya Prasad recalls her memorable experience with M.T. Vasudevan Nair and shares memories from Perumthachan

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more