| Tuesday, 28th April 2026, 2:27 pm

ത്ഫൂ! നീട്ടിയൊരു തുപ്പാണ്, കണ്ണ് നീറിയിട്ട് അലന്‍ ചേട്ടന്‍ ഓടിയ ഒരോട്ടമുണ്ട്: വേദ ശങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സവിന്‍ സായുടെ സംവിധാനത്തിലെത്തിയ വാഴ 2 വിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് വേദ ശങ്കര്‍. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ തിയേറ്ററുകളില്‍ കയ്യടി നേടാന്‍ ഈ കൊച്ചു കലാകാരിക്ക് സാധിച്ചു.

‘ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്’ എന്ന ടാഗ്ലൈനോടെ എത്തിയ വാഴയുടെ രണ്ടാം ഭാഗം സഹോദര ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ അലന്റെ അനിയത്തിയായ ‘ആഷ്‌ന’ എന്ന കഥാപാത്രമായാണ് വേദ ശങ്കര്‍ എത്തിയത്.

തനിക്കൊപ്പം കളിക്കാന്‍ ഒരു അനിയനെ കാത്തിരുന്ന അലന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായാണ് ഒരു സഹോദരി എത്തുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ ഒരു പുതുമുഖമാണെന്ന തോന്നല്‍ ഒട്ടും നല്‍കാതെ വേദ തന്റെ വേഷം മനോഹരമാക്കി.

വേദശങ്കര്‍ Photo: FB/Screen Grab

അലനുമായുള്ള കോമ്പിനേഷന്‍ സീനുകളിലും വൈകാരിക നിമിഷങ്ങളിലും മികച്ച പ്രകടനമാണ് ഈ എട്ടാം ക്ലാസുകാരി കാഴ്ചവെച്ചത്.

ലൊക്കേഷനിലെ ചില രസകരമായ അനുഭവങ്ങളും അലനുമൊത്തുള്ള ഷൂട്ടിങ് അനുഭവങ്ങളുമൊക്കെ പങ്കുവെക്കുകയാണ് വേദ.

സെറ്റില്‍ എല്ലാവരുമായും നല്ല കമ്പനിയായിരുന്നു. തന്നെ ഏറ്റവും കൂടുതല്‍ പ്രാങ്ക് ചെയ്യുന്ന ആള്‍ കൂടിയാണ് അലനെന്നും വേദ പറയുന്നു. അതുപോലെ വൈറലായ തുപ്പല്‍ സീനിനെ കുറിച്ചും വേദ സംസാരിക്കുന്നുണ്ട്.

‘സിനിമയില്‍ ഒരു തേങ്ങ പൊട്ടിച്ചിട്ട് അതിന്റെ വെള്ളത്തിന് വേണ്ടി ഗ്ലാസും പിടിച്ച് അടി കൂടുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. എന്തോ കാരണം കൊണ്ട് അത് എടുത്തില്ല. അപ്പോള്‍ അലന്‍ ചേട്ടനാണ് പറഞ്ഞത് നമുക്ക് ഇങ്ങനെ പല്ലു തേക്കുന്നതിനിടെയുള്ള ഒരു സീന്‍ ചെയ്താലോ എന്ന്.

വേദശങ്കര്‍ Photo: FB/Screen Grab

ആദ്യം കേട്ടപ്പോള്‍ അയ്യോ ഒരാളുടെ മുഖത്ത് തുപ്പണമല്ലോ എന്നൊക്കെ തോന്നി. പിന്നെ ഒന്നും നോക്കിയില്ല. ത്ഫൂ എന്ന് നീട്ടിയങ്ങ് തുപ്പി.
ഒരൊറ്റ ഷോട്ടേ എടുത്തുള്ളൂ. കണ്ണ് നീറി ഒറ്റ ഓട്ടമായിരുന്നു ചേട്ടന്‍. പിന്നെ കണ്ടിട്ടില്ല. അതിന് ശേഷം വന്നിട്ട്, ഇനി എടുക്കണ്ട ആ എടുത്തത് മതിയെന്ന് പറഞ്ഞു,’ വേദ പറയുന്നു.

സിനിമയോടുള്ള മോഹം കൊണ്ട് നിരവധി ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട് വേദ ശങ്കര്‍. ലോകയുടെ ഓഡിഷന് പോയിരുന്നെങ്കിലും പ്രായക്കൂടുതല്‍ തടസ്സമായെന്ന് താരം പറയുന്നു.

വാഴയുടെ ഓഡിഷന്‍ വേളയില്‍ ഓരോ സിറ്റുവേഷന്‍ നല്‍കിയായിരുന്നു അഭിനയിപ്പിച്ചു നോക്കിയത്. ആദ്യം നിങ്ങളേയും നിങ്ങളുടെ ലവറിനേയും ഒരുമിച്ച് പിടിച്ചു എന്നാണ് പറഞ്ഞത്. രണ്ടാമത്തെ ടോപ്പിക്ക് നിങ്ങളുടെ ലവര്‍ മരിച്ചുപോയി എന്നായിരുന്നു.

വാഴ 2 ല്‍ നിന്നുള്ള രംഗം Photo: FB/Screen Grab

എന്നാല്‍ റിയല്‍ ലൈഫില്‍ പ്രണയമൊന്നുമില്ലാത്തതിനാല്‍, ആ സാഹചര്യം ഉള്‍ക്കൊള്ളാന്‍ പ്രയാസമാണെന്നും കുടുംബവുമായി ബന്ധപ്പെട്ട ഏതെങ്കിലും രംഗം ചെയ്‌തോട്ടെ എന്നും ചോദിച്ചു. അങ്ങനെ ചെയ്തത് അവര്‍ക്ക് ഇഷ്ടമായി.

അതിന് ശേഷം സവിന്‍സായുടെ അടുത്ത് പോയി. അതിന് ശേഷമാണ് അലന്റെ അനിയത്തിയാക്കാമെന്ന് പറയുന്നത്. ആദ്യമായി ക്യാമറ കണ്ടപ്പോള്‍ ചെറിയൊരു പേടിയൊക്കെ ഉണ്ടായിരുന്നു. പിന്നെ നന്നായി ഗൈഡ് ചെയ്തു തന്നു. അതോടെ കംഫര്‍ട്ടബിള്‍ ആയി.

റിയല്‍ ലൈഫില്‍ ഞാന്‍ മൂത്ത കുട്ടിയാണ്. ചേട്ടന്‍മാര്‍ ഇല്ല. ഇവരൊന്നും ശരിക്കും ചേട്ടന്‍മാര്‍ അല്ലെങ്കിലും എനിക്ക് അതുപോലെ തന്നെയാണ്. എന്നെ പ്രാങ്ക് ചെയ്ത് പറ്റിക്കുകയും വെറുതെ കരയിപ്പിക്കുകയുമൊക്കെ ചെയ്യും. ഞാനാണെങ്കില്‍ കളിയാക്കുമ്പോഴേക്ക് കരയും.

വേദശങ്കര്‍ Photo: FB/Screen Grab

വിനായകന്‍ ചേട്ടന്‍ ഭയങ്കര പാവമാണ്. ചേട്ടന് ഒരു അനിയത്തി ഉണ്ടെന്ന് തോന്നുന്നു. അജിനും അലന്‍ ചേട്ടനും ഹാഷിര്‍ ചേട്ടനുമാണ് പ്രാങ്ക് ചെയ്യുക. ഏറ്റവും വലിയ പ്രാങ്ക് ചെയ്യുന്നയാള്‍ മറ്റാരുമല്ല അത് സവിന്‍ സാ തന്നെയാണ്,’ വേദ ശങ്കര്‍ പറഞ്ഞു.

സിനിമയില്‍ അലനുമായുള്ള കോമ്പിനേഷന്‍ സീനുകളില്‍ എല്ലാം വേദ സ്‌കോര്‍ ചെയ്യുന്നുണ്ട്. ഇന്‍ട്രോ സീന്‍ മുതല്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ച വേദ ഇമോഷണല്‍ സീനുകളെല്ലാം ഏറെ കയ്യടക്കത്തോടെയാണ് കൈകാര്യം ചെയ്തതത്.

ചിത്രം ഹിറ്റായതോടെ വേദ ശങ്കറെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. സിനിമയിലെ പക്വതയാര്‍ന്ന അഭിനയവും സ്‌ക്രീന്‍ പ്രസന്‍സും താരത്തിന് വലിയ ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്.

Content Highlight: Actress Vedha Shankar About Vazha 2 Scene and Alan

We use cookies to give you the best possible experience. Learn more