| Tuesday, 21st July 2026, 7:16 pm

ത്സാന്‍സി റാണി ചമയാതെ അടര്‍ക്കളത്തിലെ അഭിമന്യു; ശ്വേതാ മേനോന് മറുപടിയുമായി ഉഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വലിയ വിവാദങ്ങള്‍ക്കായിരുന്നു മലയാളസിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ സാക്ഷ്യം വഹിച്ചത്. സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവെച്ച ശ്വേതാ മേനോനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു അന്‍സിബ ഹസന്‍, മാല പാര്‍വതി ഉഷ ഹസീന തുടങ്ങിയവര്‍ ഉന്നയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കുറ്റാരോപിതര്‍ സംഘടനയുടെ തലപ്പത്ത് വരാന്‍ ശ്രമിക്കുന്നുവെന്നും താനുള്ളപ്പോള്‍ അതിന് അനുവദിക്കില്ലെന്നും പറഞ്ഞുകൊണ്ട് ശ്വേതാ മേനോന്‍ പങ്കുവെച്ച കുറിപ്പ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

എ.എം.എം.എ. Photo: X.com

ഇപ്പോഴിതാ ശ്വേതയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി ഉഷ. തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ കുറ്റാരോപിതരായവരും അല്ലാത്തവരും സംഘടനയുടെ തലപ്പത്ത് വരണമെന്ന് ഇവിടെ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും നിങ്ങള്‍ ഇറങ്ങി പോകണമെന്ന് മാത്രമാണ് തങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നും ഉഷ പോസ്റ്റില്‍ പറഞ്ഞു. അവതരിപ്പിച്ച കണക്കുകളും റിപ്പോര്‍ട്ടുകളും സംഘടനയിലെ അംഗങ്ങള്‍ക്ക് സ്വീകാര്യമല്ലാതെ വന്നപ്പോള്‍ രാജി വെച്ച് പോകേണ്ടി വന്നതാണെന്നും അതെല്ലാവര്‍ക്കും അറിയാമെന്നും ഉഷ പോസ്റ്റില്‍ പറയുന്നു.

ശ്വേതാ മേനോന്റെ പേര് പരാമര്‍ശിക്കാതെ എഴുതിയ കുറിപ്പില്‍ സംഘടനയുടെ ഫണ്ടില്‍ തിരിമറി നടത്തി എന്ന ശക്തമായ ആരോപണമാണ് നിങ്ങള്‍ക്കെതിരെ ഉള്ളതെന്നും അതുകൊണ്ട് തന്നെ തലപ്പത്തിരിക്കാന്‍ എന്ത് യോഗ്യതയാണ് നിങ്ങള്‍ക്കുള്ളതെന്നും താരം ചോദിച്ചു. ഒരുപാട് കാലം ജനങ്ങളെ കള്ളം പറഞ്ഞ് പറ്റിക്കാന്‍ സാധിക്കില്ലെന്നും കുറ്റാരോപിതരായ ആരം തന്നെ എ.എം.എം.എയുടെ തലപ്പത്ത് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്നും ഉഷ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഝാന്‍സി റാണി ചമയാതെ അടര്‍ക്കള ത്തിലെ അഭിമന്യു ……
‘ഞാന്‍ ഉള്ളപ്പോള്‍ കുറ്റാരോപിതരാരും അമ്മയുടെ തലപ്പത്ത് വരില്ല’ എന്നുള്ള അഭിമന്യുവിന്റെ പ്രസ്താവന കണ്ടു. തലപ്പത്ത് വരണമെന്ന് ഇവിടെ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റാരോപിതരായവരും അല്ലാത്തവരുമായ ആരും തന്നെ. നിങ്ങള്‍ തലപ്പത്ത് നിന്ന് ഇറങ്ങി പോകണം എന്ന് മാത്രമേ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളൂ. നിങ്ങള്‍ അവതരിപ്പിച്ച(കള്ള) കണക്കും റിപ്പോര്‍ട്ടും സംഘടനയിലെ അംഗങ്ങള്‍ക്ക് സ്വീകാര്യമല്ലാതെ വന്നപ്പോള്‍, നിവൃത്തിയില്ലാതെ നിങ്ങള്‍ക്ക് രാജിവെച്ച് ഇറങ്ങേണ്ടി വന്നു . അതാണ് സത്യം . ആ സത്യത്തെ എത്ര കള്ളം കൊണ്ട് മൂടി വെച്ചാലും ഞങ്ങള്‍ അംഗങ്ങള്‍ക്ക് അതറിയാം. അഭിമന്യു എന്തിനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്? കോടതിയെ തെറ്റിദ്ധരിപ്പിച്ചത്??? ഇരുപത്തിയേഴാം തീയതി ഞങ്ങള്‍ തിരുത്തി കൊള്ളാം. അമ്മയുടെ തലപ്പത്ത് വരേണ്ടത് ആരാണെന്നൊക്കെ തീരുമാനിക്കാന്‍ ഇവിടെ അംഗങ്ങള്‍ക്കറിയാം. കുറ്റാരോപിതരായ അംഗങ്ങള്‍ ആരും തന്നെ തലപ്പത്ത് വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല.പിന്നെ നിങ്ങള്‍ എന്തിനാണ് അതോര്‍ത്ത് വേവലാതിപ്പെടുന്നത്. പിന്നെ ഇവിടെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കുറ്റാരോപിതയായ ഒരു വ്യക്തി നിങ്ങള്‍ തന്നെയാണ്. അമ്മയുടെ ഫണ്ടില്‍ തിരി മറി നടത്തി എന്ന ശക്തമായ ആരോപണമാണ് നിങ്ങള്‍ക്കെതിരെ ഉള്ളത്. അപ്പോള്‍ പിന്നെ അമ്മയുടെ തലപ്പത്തിരിക്കാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണ് ഉള്ളത്? ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കല്ലേ അഭിമന്യു … എത്രകാലം ഇങ്ങനെ കള്ളം പറഞ്ഞ് മാത്രം നിലനില്‍ക്കാന്‍ സാധിക്കും?. ഒരുപാട് കാലമൊന്നും ജനങ്ങളെ പറ്റിക്കാന്‍ കഴിയില്ല. അതോര്‍ക്കുന്നത് നന്ന്. ഒരുപാട് അങ്ങ് നെഗളിക്കല്ലേ അടര്‍കളത്തിലെ അഭിമന്യു …

Content Highlight: Actress Usha replies to Swetha Menon in AMMA association issue

Latest Stories

We use cookies to give you the best possible experience. Learn more