| Thursday, 2nd July 2026, 1:19 pm

അടുത്ത ജനറല്‍ ബോഡി തായ്‌ലന്‍ഡില്‍, അദാനിയുടെ ഫണ്ട് ശ്വേത റെഡിയാക്കി വെച്ചിരിക്കുകയാണെന്നാണ് പറയുന്നത് ; ഇതൊക്കെയെന്താണ്: ഉഷ

അക്ഷര

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയില്‍ നടന്ന പ്രശ്‌നങ്ങളെ കുറിച്ചും പെന്‍ഷന്‍ കൂട്ടിത്തരാനും മറ്റുമെന്ന് പറഞ്ഞ് ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ വാങ്ങാനുദ്ദേശിച്ച സ്‌പോണ്‍സര്‍ഷിപ്പിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി ഉഷ.

ജനറല്‍ ബോഡിയില്‍ വന്നിരുന്ന് പ്രസിഡന്റ് പറയുന്നത് അടുത്ത ജനറല്‍ ബോഡി തായ്‌ലന്‍ഡില്‍ ആയിരിക്കുമെന്നും നാല് ദിവസം നമ്മള്‍ അവിടെ അടിച്ചുപൊളിക്കുമെന്നുമായിരുന്നെന്നു ഉഷ പറയുന്നു.

ശ്വേത അദാനിയില്‍ നിന്ന് അമ്മയിലേക്ക് വലിയ ഫണ്ട് റെഡിയാക്കി വെച്ചതായി ലക്ഷ്മി പ്രിയ പൊന്നമ്മ ബാബുവിനോട് പറഞ്ഞെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ഉഷ പറഞ്ഞു.

‘അതുവരെ മുഖത്തോടുമുഖം നോക്കാത്ത, തമ്മില്‍ തമ്മില്‍ കണ്ടാല്‍ പരസ്പരം ചളിവാരിയെറിയുകയും ചെയ്ത പ്രസിഡന്റും സെക്രട്ടറിയും ജനറല്‍ ബോഡിയില്‍ വന്നപ്പോള്‍ ഭയങ്കര സുഹൃത്തുക്കള്‍. അമ്മയില്‍ ഒരു പ്രശ്‌നവും ഇല്ല എന്ന നിലയിലാണ് അവര്‍ ഇരുന്നത്. അംഗങ്ങള്‍ മണ്ടന്മാരല്ലല്ലോ.

ഞങ്ങള്‍ക്ക് വീഴ്ച പറ്റിയെന്നും ഇനിയങ്ങോട്ട് വീഴ്ചയില്ലാതെ മുന്‍പോട്ട് പോയ്‌ക്കോളാമെന്നും പറഞ്ഞിരുന്നെങ്കില്‍ മനസിലാക്കുമായിരുന്നു. ഇതൊന്നും ചെയ്യാതെ പ്രസിഡന്റ് വന്നിട്ട് മുന്‍പ് നടന്ന കാര്യങ്ങളെ കുറിച്ചൊന്നും പറയുന്നില്ല. 1500 രൂപ നമ്മള്‍ പെന്‍ഷന്‍ കൂട്ടിത്തരും. അതിനൊരു സ്‌പോണ്‍സര്‍ ഉണ്ട്. അമ്മയുടെ ഫണ്ടില്‍ നിന്ന് എടുക്കില്ല. അടുത്ത ജനറല്‍ ബോഡി തായ്‌ലന്‍ഡിലാണ്. നാല് ദിവസം നമ്മള്‍ തായ്‌ലന്‍ഡില്‍ പോയി അടിച്ചുപൊളിക്കും. ഇതൊക്കെയാണ് ഇവര്‍ പറയുന്നത്.

ശ്വേത മേനോന്‍ Photo: Youtube/Screen grab

സാധാരണ ഒരു ജനറല്‍ ബോഡിയെന്ന് പറയുമ്പോള്‍ പോസ്റ്റല്‍ വഴി ഒരു മാസം മുന്‍പ് റിപ്പോര്‍ട്ടും കണക്കുകളും വരും. അതൊന്നും ഇത്തവണ അയച്ചിട്ടില്ല. ജനറല്‍ ബോഡിയാണെന്ന കത്ത് വരുന്നത് മെയ് 29 ന്റെ ഡേറ്റിട്ട് ഒരു ദിവസം മുന്‍പാണ്. പലര്‍ക്കും കത്ത് കിട്ടിയില്ല. അവിടെ വന്നപ്പോഴാണ് നമ്മുടെ കയ്യില്‍ ഇത് തരുന്നത്.

പ്രിന്റ് ചെയ്ത് വന്ന കണക്ക് വേറെ, വായിച്ചത് വേറെ, വാട്‌സ് ആപ്പില്‍ അയച്ചത് വേറെ. സംഘടനാപരമായി നോക്കുമ്പോള്‍ കണക്കും റിപ്പോര്‍ട്ടും ശരിയല്ലെങ്കില്‍ അവര്‍ മാറുക എന്നതല്ലേ വേണ്ടത്. അതാണ് സംഭവിച്ചത്. പിന്നെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതിന് തക്കതായ കാരണമുണ്ട്.

1500 രൂപ കൈനീട്ടം കൂട്ടിത്തരുമെന്ന് പറയുന്നത് ഒരു സ്‌പോണ്‍സറുടെ കയ്യില്‍ നിന്ന് തരുമെന്നാണ്. ഇത്രയും കാലം അത് തന്നത് അമ്മയുടെ ഫണ്ടില്‍ നിന്നാണ്. അത് അഭിമാനപൂര്‍വമാണ് സ്വീകരിക്കുന്നത്. മമ്മൂക്കയും ലാലേട്ടനുമുള്‍പ്പെടെയുള്ളവര്‍ ചാനലില്‍ സ്റ്റേജ് ഷോ നടത്തിയിട്ട് കിട്ടുന്ന പണം കൊണ്ടാണ് ഇതൊക്കെ നടത്തിയിട്ടുള്ളത്.

ആവശ്യമുള്ള പണം ഇപ്പോഴും അമ്മയുടെ അക്കൗണ്ടില്‍ ഉണ്ട്. പിന്നെ എന്തിനാണ് പുറത്തുനിന്നുള്ള ഒരാളുടെ പൈസ വാങ്ങി പെന്‍ഷന്‍ കൂട്ടിത്തരുന്നത്. അതിനേക്കാള്‍ നല്ലത് ഞങ്ങളെ തെണ്ടാന്‍ വിടുന്നതല്ലേ. ഞങ്ങളുടെ സംഘടന തരുന്ന കൈനീട്ടം അഭിമാനപൂര്‍വം വാങ്ങിയ ഞങ്ങള്‍ക്ക് 1500 രൂപ തരാന്‍ സ്‌പോണ്‍സറെ കൊണ്ടുവന്നിരിക്കുന്നു.

പിന്നെ അദാനി ഫണ്ട് ചെയ്യുന്നു എന്ന് പറയുന്നു, എന്തിന്? ജനറല്‍ ബോഡിയുടെ രണ്ട് ദിവസം മുന്‍പ് ലക്ഷ്മിപ്രിയ പൊന്നമ്മ ബാബു ചേച്ചിയെ വിളിച്ചിട്ട് എന്നെ ജിഹാദിയെന്ന് വിളിച്ച കാര്യം ഉഷ ചേച്ചി ജനറല്‍ ബോഡിയില്‍ പറയുമോ എന്ന് ചോദിച്ചു. പറയും എന്ന് ഞാന്‍ അന്ന് തന്നെ പറഞ്ഞതാണല്ലോ എന്ന് അവര്‍ ചോദിച്ചു.

അപ്പോള്‍ ലക്ഷ്മിപ്രിയ പറയുകയാണ്, അതെന്താണെന്ന് അറിയാമോ ചേച്ചീ, എന്തെങ്കിലും പ്രശ്‌നം ഉണ്ടായി ഈ ഭരണസമിതി മാറിപ്പോയാല്‍ നമുക്കേ അദാനിയുടെ കയ്യില്‍ നിന്ന് ഒരുപാട് ഫണ്ട് ശ്വേത ചേച്ചി റെഡിയാക്കി വെച്ചിരിക്കുകയാണ് എന്ന്. ആ ഫണ്ടുകൊണ്ട് നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമെന്നും പറഞ്ഞു.

എന്തിനാണ് അദാനിയുടെ ഫണ്ട് അമ്മയ്ക്ക്? അപ്പോള്‍ അവര്‍ ഈ സംഘടനയെ എങ്ങോട്ട് കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്? ഇതൊരു ശരിയായ രീതിയല്ല. അങ്ങനെ പല കാര്യങ്ങളുമുണ്ട്. ഇനി ഈ ഭരണസമിതി ഇരുന്നാല്‍ ശരിയാവില്ലെന്നും നമുക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത പല കാര്യങ്ങളും അതിനകത്ത് നടക്കാന്‍ പോകുന്നു എന്നതും മുന്നില്‍ കണ്ട് തന്നെയാണ് നമ്മള്‍ അവിശ്വാസ പ്രമേയം തയ്യാറാക്കാന്‍ ഒരുങ്ങിയത്.

അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും ഇവരുടെ റിപ്പോര്‍ട്ടും കണക്കും ശരിയായിരുന്നെങ്കില്‍ ഇവര്‍ക്ക് ഇവരുടെ ഭാഗം ക്ലിയര്‍ ആക്കാമായിരുന്നു. അതും ഉണ്ടായില്ല. അങ്ങനെയാണ് അവര്‍ക്ക് ഇറങ്ങേണ്ടി വന്നത്,’ ഉഷ പറഞ്ഞു.

Content Highlight: Actress Usha abput A.M.M.A Issue and Adani’s Fund

അക്ഷര

We use cookies to give you the best possible experience. Learn more