| Friday, 18th September 2026, 8:14 am

അന്ന് ആ പടം കണ്ട് വീട്ടിൽ കൂട്ട കരച്ചിൽ, ആ സിനിമ ചെയ്യാൻപറ്റാത്തതിൽ പിന്നീട് വിഷമം തോന്നി; ഉർവശി

അജ്മല്‍ കെ

മലയാള സിനിമയിൽ ഒരു കാലഘട്ടം മുഴുവൻ പ്രേക്ഷകരുടെ വികാരങ്ങളെ തൊട്ട സിനിമകൾ ഒരുക്കിയ സംവിധായകനാണ് സിബി മലയിൽ എന്ന് നടി ഉർവശി. സിബി മലയിലിന്റെ സിനിമകളിൽ തനിക്ക് ഏറെ ഇഷ്ടമുള്ള ചിത്രങ്ങളെക്കുറിച്ചും, ഒരിക്കൽ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും അത് നഷ്ടമായതിനെക്കുറിച്ചുമാണ് ഉർവശി പറയുന്നത്.

മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആരാണെന്ന ചോദ്യത്തിന് പ്രേക്ഷകർ സംശയമേതുമില്ലാതെ പറയുന്ന പേരാണ് ഉർവശിയുടേയത്. 1979ൽ പുറത്തിറങ്ങിയ കതിർമണ്ഡപം എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഉർവശി തന്റെ പതിമൂന്നാം വയസിൽ തന്നെ നായിക നടിയായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. പിന്നീട് സഹനടിയായും ഹാസ്യതാരമായും ഒട്ടനവധി റോളുകളിലാണ് ഉർവശി തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. 2024ൽ പുറത്തിറങ്ങിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും ഉർവശി സ്വന്തമാക്കിയിരുന്നു.

ഉർവശി. Photo. Screen Grab/ Youtube

ഉർവശിയുടെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പുതുമുഖ സംവിധായകനായ സനൽ സഫർ സംവിധാനം ചെയ്ത ആശ. ജോജു ജോർജ്, രമേശ് ഗിരിജ, സഫർ സനൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഉർവശി, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. സെപ്റ്റംബർ 11ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളോടെ മുന്നേറികൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ സിബി മലയിലുമായിട്ടുള്ള അഭിമുഖത്തിൽ തന്റെ പഴയ കാല സിനിമാ അനുഭവവും സിബി മലയിലിന്റെ സിനിമകളിൽ തനിക്ക് ഏറെ ഇഷ്ടമുള്ള ചിത്രങ്ങളെക്കുറിച്ചും, ഒരിക്കൽ അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചെങ്കിലും അത് നഷ്ടമായതിനെ കുറിച്ചും മൂവി മാൻ ബോർഡ്‌കാസ്റ്റിങ് എന്ന ചാനലിൽ തുറന്നു സംസാരിക്കുമായാണ് നടി ഉർവശി.

‘മലയാളത്തിൽ ഏറ്റവും കൂടുതൽ ഇമോഷൻസിനെ കുറിച്ച് ഒരു കാലഘട്ടം മുഴുവൻ മലയാളികൾ സംസാരിച്ചിരുന്നത് സിബി മലയിൽ എന്ന പേരാണ്. ഏറ്റവും പ്ലസന്റ് ആയിട്ടുള്ള അന്തരീക്ഷം ഉണ്ടാക്കിയ ഡയറക്ടറാണ്. ‘തനിയാവർത്തനം’ എടുത്തുനോക്കൂ, വലിയ കാര്യമാണ് അങ്ങനത്തെ സിനിമ ചെയ്തത്. കാണാൻ വിഷമമാണ് എന്നാലും ഞാൻ ആ സിനിമ കാണും,’ഉർവശി പരഞ്ഞു.

സിബി മലയിലിന്റെ ഒരു സിനിമയിലേക്ക് തനിക്ക് ലഭിച്ച അവസരമാണ് ഉർവശി പിന്നീട് വ്യക്തമാക്കിയത്. ദുബായിൽ ഒരു പരിപാടിക്കായി പോയ സമയത്തായിരുന്നു കൺട്രോൾ മാനേജർ മോഹൻ ചേട്ടന്റെ ഫോൺ കോൾ വന്നതെന്നും താരം പറഞ്ഞു.

‘ഞാൻ ദുബായിൽ ഒരു പ്രോഗ്രാമിന് നിൽക്കുമ്പോൾ കൺട്രോൾ മാനേജർ മോഹൻ ചേട്ടൻ വിളിക്കുന്നു. ‘ഉർവശീ, സിബി ചേട്ടന്റെ ഒരു പടം’ എന്ന് പറഞ്ഞു. ഞാൻ ചോദിച്ചു, ‘ഏത് പടമാണ്?’ ‘ഉഗ്രൻ സ്റ്റോറിയാണ് സിബി ചേട്ടന്റെ’ എന്ന് പറഞ്ഞു. പടം ചെയ്യുന്നോ എന്ന് ചോദിച്ചു.

‘ഞാൻ പറഞ്ഞു, ‘ദുബായിൽ വന്ന് ഇറങ്ങിയതേയുള്ളൂ, പ്രോഗ്രാം ഉണ്ട് ഇവിടെ. എത്ര ദിവസമാകും’ എന്ന് ചോദിച്ചു. 25 ദിവസം ആകും എന്ന് പറഞ്ഞു. ‘പറ്റില്ല ഉർവശി, അത്ര പറ്റില്ല’ എന്ന് പറഞ്ഞു. പിന്നെ ഇവിടെ വന്നപ്പോൾ ആ പടം എന്തായി എന്നൊന്നും അറിഞ്ഞില്ല. പിന്നെ ആ തിരക്കുകളിൽ പെട്ടുപോയി. പിന്നെയാണ് അറിഞ്ഞത് അത് മാധവി ചെയ്തെന്ന്. ‘ആകാശദൂത്’. അത് ചെയ്തത് അവരുടെ മഹാഭാഗ്യം,’ ഉർവശി പറഞ്ഞു.

പിന്നീട് ‘ആകാശദൂത്’ കണ്ടപ്പോഴാണ് തനിക്ക് നഷ്ടമായത് എത്ര വലിയ സിനിമയാണെന്ന് തോന്നിയതെന്നും ഉർവശി പറയുന്നു. സിനിമ കണ്ടപ്പോൾ താനും കുടുംബവും കരഞ്ഞുപോയ അനുഭവവും താരം പങ്കുവെച്ചു.

ആകാശദൂത്,സിബി മലയിൽ. Photo. Screen Grab/ Youtube

‘ആ പടം ഞാൻ ചെയ്യുമായിരുന്നു. ആ പടം കണ്ടുകഴിഞ്ഞപ്പോൾ എനിക്ക് തോന്നി, എന്ത് സങ്കടമുള്ള പടമായിരുന്നു. എന്റെ അമ്മ ആണെങ്കിൽ കരഞ്ഞുപോയി. അഞ്ച് മക്കളുള്ള അമ്മയല്ലേ. പടം കണ്ട് ഞങ്ങൾ കരഞ്ഞു, ടിവിയുടെ മുന്നിൽ നിന്ന് ഞങ്ങൾ കൂട്ടക്കരച്ചിൽ,’ താരം പറഞ്ഞു.

കല ചേച്ചി അമ്മയോട് പറഞ്ഞു, ‘അമ്മ എന്താ ഇത് കാണിക്കുന്നത്? ഇത്രയും സിനിമ അഭിനയിക്കുന്ന മക്കളുള്ള ഒരു വീട്ടിലെ അമ്മ ചെയ്യുന്ന കാര്യമാണോ ഇത്? ഞങ്ങൾ എല്ലാവരും ഇവിടെ ഇരിക്കുകയല്ലേ, ആരെയും ദത്തൊന്നും കൊടുത്തില്ലല്ലോ’ എന്ന്.

അപ്പോൾ അമ്മ ചോദിച്ചു, ‘അല്ല മക്കളേ, ഈ ചെക്കന്മാർ എന്തിനാ ഇങ്ങനത്തെ പടമൊക്കെ എടുക്കുന്നേ’ എന്ന്. അപ്പോൾ എല്ലാ അമ്മമാരെയും കരയിപ്പിച്ച പടമാണ് ആകാശദൂത്,’ ഉർവശി പറഞ്ഞു.

Content Highlight: Actress urvashi talks about Sibi malayail movies

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more