| Tuesday, 8th September 2026, 2:36 pm

ഞാൻ അയാളോട് യാചിച്ചു നോക്കി, കാരണം എനിക്ക് അത്ര ബുദ്ധിമുട്ടായിരുന്നു അത് ചെയ്യാൻ; ഉർവശി

അജ്മല്‍ കെ

‘ഉള്ളൊഴുക്ക്’ സിനിമയുടെ സ്ക്രിപ്റ്റ് ഏറെ ഇഷ്ടപ്പെട്ടിരുന്നെങ്കിലും ആദ്യം സിനിമയിൽ അഭിനയിക്കാൻ താൻ തയ്യാറായിരുന്നില്ലെന്ന് നടി ഉർവശി. കഥാപാത്രത്തിന് സിനിമയിലുടനീളം കരയേണ്ടി വരുമെന്നതായിരുന്നു പ്രധാന കാരണം. കരയുമ്പോൾ ശ്വാസത്തിന് പ്രശ്നമുള്ളതിനാൽ ആ കഥാപാത്രത്തിന്റെ ഭാരം താങ്ങാൻ കഴിയില്ലെന്ന് തോന്നിയതോടെയാണ് സിനിമ ഒഴിവാക്കാൻ പല വഴികളും നോക്കിയതെന്ന് ഉർവശി പറഞ്ഞു. തന്റെ പുതിയ ചിത്രമായ ആശയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്.എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഏറ്റവും നന്നായിട്ട് ഇഷ്ടപ്പെട്ട ഒരു സ്ക്രിപ്റ്റായിരുന്നു ഉള്ളൊഴുകിന്റേത്. പക്ഷേ ആ ഭാരം ചുമക്കാൻ എനിക്ക് വയ്യ എന്നുള്ളത് മാത്രമായിരുന്നു റീസൺ. അതുകൊണ്ടാണ് ഞാൻ അത് ഒഴിവാക്കിക്കൊണ്ടിരുന്നത്. 45 ദിവസം, 50 ദിവസം ഇങ്ങനെ കരയേണ്ടി വരും. ഞാൻ ഗ്ലിസറിൻ ഉപയോഗിക്കുന്ന ഒരാളല്ല. അപ്പോൾ എനിക്ക് അത് ബുദ്ധിമുട്ടാണ്’, ഉർവശി പറഞ്ഞു.

ഉർവശി. Photo: Screen Grab/ Youtube

കരച്ചിൽ അടക്കിനിർത്തേണ്ട രംഗങ്ങളായിരുന്നു സിനിമയിൽ ഏറെയും. കണ്ണീർ വരുത്തേണ്ട നിമിഷങ്ങൾ ചുരുക്കമാണെന്നും, കരച്ചിൽ നിയന്ത്രിച്ച് നിർത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ഉർവശി പറഞ്ഞു. ചിത്രീകരണം തുടങ്ങി മൂന്നാം ദിവസം തന്നെ കഴുത്തിന്റെ അവിടെ വേദന അനുഭവപ്പെട്ടതായും താരം വ്യക്തമാക്കി.

‘സിനിമയിൽ നിന്ന് ഒഴിവാകാനുള്ള അവസാന മാർഗമായാണ് കരയില്ലെന്ന് പറഞ്ഞത്. ആദ്യമായി സ്ക്രിപ്റ്റ് ലഭിച്ചപ്പോൾ തന്നെ ഞാൻ ഈ പടത്തിൽ കരയത്തേയില്ല, നിർവികാരമായി നിന്നാൽ മതിയോ എന്ന് സംവിധായകൻ ക്രിസ്റ്റോ ടോമിയോട് ചോദിച്ചു. അതിന് ക്രിസ്റ്റോ സമ്മതിക്കുകയും അങ്ങനെ നിന്നാൽ മതിയെന്ന് പറയുകയും ചെയ്തു,’ താരം പറഞ്ഞു.

എന്നാൽ മകന്റെ മൃതദേഹം കൈയിൽ പിടിച്ചിരിക്കുന്ന അമ്മയ്ക്ക് എങ്ങനെ കരയാതെ നിർവികാരമായി നിൽക്കാനാകുമെന്ന സംശയം എനിക്കുണ്ടായിരുന്നു. സിനിമയിൽ ഒരു രംഗത്തിലെങ്കിലും ചിരിക്കാനുള്ള അവസരം വേണമെന്നായിരുന്നു തന്റെ ആവശ്യം എന്നും നടി പറഞ്ഞു.

‘ഞാൻ അയാളോട് യാചിച്ചു നോക്കി ബിഗിനിങ്ങിലെങ്കിലും ചിരിച്ചും സന്തോഷിച്ചും ഇരിക്കുന്ന ഒരു സീൻ എടുത്തുകൂടെ എന്ന്. കാരണം എനിക്ക് അത്രക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ അതിനുള്ള സ്കോപ്പില്ല ഈ സിനിമയിൽ എന്നാണ് ക്രിസ്റ്റോ പറഞ്ഞത്’, ഉർവശി പറഞ്ഞു.

സ്ക്രിപ്റ്റ് ഇഷ്ടമല്ലാത്തതോ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടതോ ആയിരുന്നില്ല സിനിമയിൽ നിന്ന് മാറിനിൽക്കാൻ ശ്രമിച്ചതിന് പിന്നിലെ കാരണമെന്നും ഉർവശി വ്യക്തമാക്കി. ഒടുവിൽ ഭർത്താവിന്റെ വാക്കുകളാണ് തീരുമാനം മാറ്റാൻ കാരണമായത് എന്നും തരാം കൂട്ടിച്ചേർത്തു.

‘നിനക്ക് എന്തിന്റെ കേടാണ്, 25 ലക്ഷം രൂപ സമ്മാനം കിട്ടിയ ഒരു കഥയാണ്. ഒരു ചെറുപ്പക്കാരൻ പുറകെ നടന്നിട്ട് ഇങ്ങനെ കാണിച്ചാൽ നിഷേധമാണെന്ന് പറയത്തില്ലേ’ എന്നാണ് ഭർത്താവ് ചോദിച്ചത്. ആ വാക്കുകൾ ആലോചിച്ചപ്പോൾ ശരിയാണെന്ന് തോന്നിയെന്നും അതോടെയാണ് സിനിമ ചെയ്യാൻ തീരുമാനിച്ചതെന്നും ഉർവശി പറഞ്ഞു.

ഉള്ളൊഴുക്ക്. Photo: Screen Grab/ Youtube

പുതുമുഖ സംവിധായകനായ സനൽ സഫർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആശ. ജോജു ജോർജ്, രമേശ് ഗിരിജ, സഫർ സനൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഉർവശി, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലെത്തും.

Content Highlight: Actress Urvashi Talks About for Ullozhukku

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more