‘മൂക്കുത്തി അമ്മൻ 2’ന്റെ പ്രീ-റിലീസ് പരിപാടിയിൽ സംവിധായകൻ സുന്ദർ സിയെയും ചിത്രത്തെയും പ്രശംസിച്ച് നടി ഉർവശി. സുന്ദർ സി ഒരുക്കിയതിൽ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രമാണിതെന്നും സിനിമയിലെ യഥാർഥ ഹീറോ അദ്ദേഹമാണെന്നും ഉർവശി പറഞ്ഞു. പരിപാടിയിൽ എത്തിയതിന്റെ പ്രധാന കാരണം തന്റെ ‘കുബ്ബു സ്വാമി’യെ കാണാനാണെന്നും ഖുശ്ബുവിനെ കാണാൻ ദീപാവലിയും പൊങ്കലും വരണമെന്നും താരം പറഞ്ഞു.
‘ഒരു സൈഡിൽ വനിതാ കമ്മീഷൻ, ഒരു സൈഡിൽ രാഷ്ട്രീയം, ഒരു സൈഡിൽ അഭിനയം, പിന്നെ നിർമാണവും. അതുകൊണ്ട് ആൾക്ക് സമയമേയില്ല. ദീപാവലിയും പൊങ്കലും വരുന്നത് പോലെ മാത്രമേ അവളെ ഇപ്പോൾ കാണാൻ പറ്റുന്നൊള്ളു,’ ഉർവശി പറഞ്ഞു.
ഉർവശി. Photo. Screen Grab/ Youtube
ഖുശ്ബുവിനെ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും എങ്ങനെയാണെന്നും താരം ഓർത്തെടുത്തു.
‘എന്റെ ചെറുപ്പത്തിൽ ത്യാഗരാജ സാറിന്റെ കൂടെ ഒരു പടത്തിൽ വർക്ക് ചെയ്യുകയായിരുന്നു. മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയിൽ വെച്ചാണ്. അപ്പോൾ വെളുത്തിട്ട് ഒരു തങ്കം പോലത്തെ ഒരു പെൺകുട്ടി വരുന്നത് കണ്ടു. എന്റെ പ്രായത്തിലുള്ള ഒരു പെൺകുട്ടി വരുന്നുണ്ടല്ലോ എന്ന് തോന്നി. അഭിനയിക്കാനാണോ മറ്റെന്തിനാണോ വന്നതെന്ന് എനിക്കറിയില്ലായിരുന്നു.
പിന്നീട് ത്യാഗരാജ് സാർ വന്ന് പറഞ്ഞു, ഇവർ ജൂനിയർ ആർട്ടിസ്റ്റായിട്ട് നിന്ന് എന്നെപ്പോലെ തെലുങ്കിലൊക്കെ അഭിനയിച്ചിട്ടുണ്ട്, പേര് ഖുശ്ബു എന്നാണ്. ഞങ്ങൾ സംസാരിച്ച് ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഭയങ്കരമായി അടുത്തു. നല്ല ഫ്രണ്ട്ലിയായി. അപ്പോൾത്തന്നെ ഞാൻ തീരുമാനിച്ചു, അവളുടെ പേര് ‘കുബ്ബു സ്വാമി’ എന്നാക്കാമെന്ന്. ഖുശ്ബു എന്ന് പേര് ഞാൻ ആദ്യമായിട്ടായിരുന്നു കേൾക്കുന്നത്. നറുമണം എന്നാണ് അതിന്റെ അർഥം,’ ഉർവശി പറഞ്ഞു.
ഖുശ്ബുവിന്റെ അമ്മയ്ക്ക് തന്നെ ഇഷ്ടമായിരുന്നെന്നും തന്റെ അമ്മയ്ക്ക് ഖുശ്ബുവിനെയായിരുന്നു കൂടുതൽ ഇഷ്ടമെന്നും താരം പറഞ്ഞു.
‘ഖുശ്ബുവിന്റെ പടങ്ങളൊക്കെ വരുമ്പോൾ എന്റെ അമ്മ പറയും, ‘നോക്ക്, എത്ര സ്മാർട്ടായിട്ടാണ് അവൾ ഡാൻസ് കളിക്കുന്നത്. അവൾ അത് ചെയ്യുന്നത് നോക്ക്, ഇത് ചെയ്യുന്നത് നോക്ക്’ എന്നൊക്കെ. അമ്മ എപ്പോഴും ഖുശ്ബുവിനെക്കുറിച്ചാണ് പറയാറുള്ളത്.
മൂക്കുത്തി അമ്മൻ 2. Photo.IMDb
നേരെ മറിച്ച് ഖുശ്ബുവിന്റെ അമ്മയ്ക്ക് എന്നെ മാത്രമേ തിരിച്ചറിയാൻ അറിയൂ. ഞാൻ തമിഴിൽ ഇങ്ങനെ നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കും. ഞാൻ പറയുന്നത് അവർക്ക് മനസിലായില്ലെങ്കിലും കേട്ടുകൊണ്ടിരുന്ന് ചിരിക്കും,’ ഉർവശി കൂട്ടിച്ചേർത്തു.
‘മൂക്കുത്തി അമ്മൻ’ ആദ്യഭാഗത്തിൽ അഭിനയിച്ചപ്പോൾ രണ്ടാം ഭാഗം ഉണ്ടാകുമെന്നും അതിൽ താൻ അഭിനയിക്കുമെന്നും ഒരിക്കലും കരുതിയിരുന്നില്ലെന്നും ഉർവശി പറഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.
സുന്ദർ സി ചിത്രമെന്നു പറയുമ്പോൾ തന്നെ അത് വലിയ ബ്രഹ്മാണ്ഡ ചിത്രമായിരിക്കുമെന്ന് അറിയാമെന്നും എന്നാൽ ‘മൂക്കുത്തി അമ്മൻ 2’ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രമാണെന്ന് പറയേണ്ടിവരുമെന്നും ഉർവശി പറഞ്ഞു.
‘മഹാശക്തി എന്ന് പറയുന്ന ഒരു ശക്തി ഈ പടത്തിന് ലഭിച്ചിട്ടുണ്ട്. ഓരോ ഫ്രെയിമിലും നമുക്ക് അത് കാണാൻ സാധിക്കും. ഞാൻ ഡബ്ബ് ചെയ്യാൻ പോയപ്പോൾ അതിശയിച്ചുപോയി. അത്രയ്ക്കും ഗംഭീരമായിരുന്നു സിനിമയിലെ ഓരോ ഫ്രെയിമും. അതുകൊണ്ടുതന്നെ ഈ പടത്തിലെ ഹീറോ ആരാണെന്ന് ചോദിച്ചാൽ അത് സുന്ദർ സാറാണ്,’ ഉർവശി പറഞ്ഞു.
ഖുശ്ബു,ഉർവശി. Photo. Screen Grab/ Youtube
നയൻതാര വീണ്ടും മൂക്കുത്തി അമ്മനായി എത്തുന്ന ‘മൂക്കുത്തി അമ്മൻ 2’ നവംബർ ആറിനാണ് റിലീസായി എത്തുന്നത്.ചിത്രത്തിൽ നയൻതാര, റെജീന, ഉർവശി, യോഗി ബാബു, സ്നേഹ, തുടർത്തിയ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Content Highlight: Actress Urvashi praises director Sundar C and the film at the pre-release event of ‘Mookuthi Amman 2