| Saturday, 5th September 2026, 11:25 am

ആ കാരണങ്ങൾ കൊണ്ടാണ് ഗ്ലാമറസ് വേഷങ്ങൾ വേണ്ടെന്ന് വെച്ചത്, ഹിന്ദിയിലെ അവസരങ്ങൾ പോലും അന്ന് നിരസിച്ചു: ഉർവശി

അജ്മല്‍ കെ

ഗ്ലാമറസ് വേഷങ്ങളോട് വ്യക്തിപരമായി വലിയ  താത്പര്യമുണ്ടായിരുന്നില്ലെന്നും, അതുകൊണ്ടുതന്നെ ഹിന്ദി സിനിമയിൽ നിന്നുള്ള നിരവധി അവസരങ്ങൾ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും നടി ഉർവശി. തന്റെ ശരീരപ്രകൃതിയും അഭിനയശേഷിയും ഹിന്ദി സിനിമയ്ക്ക് അനുയോജ്യമാണെന്ന് പറഞ്ഞ് നിരവധി അവസരങ്ങൾ വന്നിരുന്നുവെന്നും എന്നാൽ പല കാരണങ്ങൾ കൊണ്ടും തന്റെ വ്യക്തിപരമായ അഭിപ്രായം കൊണ്ടും വേണ്ടന്ന് വെക്കുകയായിരുന്നെന്നും ഉർവശി പറഞ്ഞു.

സഫർ സനൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ആശ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ഉർവശി. Photo. Screen Grab/ Youtube

‘എന്റെ വ്യക്തിപരമായ ഇഷ്ടക്കുറവാണ് അതിന് പ്രധാന കാരണം. വീട്ടിൽ നിന്ന് ഗ്ലാമറസ് വേഷങ്ങൾ ചെയ്യരുതെന്ന് പറഞ്ഞ് നിയന്ത്രിച്ചിരുന്നില്ല. അച്ഛനും വീട്ടുകാരുമൊക്കെ നാട്ടുമ്പുറത്തുള്ള ആളുകളൊക്കെയാണ്. അങ്ങനെയുള്ള വേഷങ്ങൾ അവർക്ക് ബുദ്ധിമുട്ടാകുമെന്ന് എനിക്ക് അറിയാമായിരുന്നു. അതും ഒരു കാരണമാണ്,’ ഉർവശി പറഞ്ഞു.

തന്റെ നീണ്ട കഴുത്തും മെലിഞ്ഞ ശരീരപ്രകൃതിയുമെല്ലാം ഹിന്ദി സിനിമയ്ക്ക് അനുയോജ്യമാണെന്ന് പറഞ്ഞ് ഒരുപാട് ഓഫറുകൾ വന്നിരുന്നു. തനിക്ക് ഏറെ ഇഷ്ടമുള്ള നടനായ സഞ്ജീവ് കുമാർ പോലും ഒരിക്കൽ ഹിന്ദി സിനിമയിലേക്ക് തന്നെ സ്വാഗതം ചെയ്തിരുന്നതായും ഉർവശി ഓർത്തെടുത്തു.

അതേസമയം, ഇന്നത്തെ തലമുറ കൂടുതൽ സ്വാതന്ത്ര്യത്തോടെ വസ്ത്രധാരണം നടത്തുമ്പോഴും അതിന് സമൂഹത്തിൽ നിന്ന് വിമർശനം നേരിടേണ്ടിവരുന്നുണ്ടെന്നും ഉർവശി ചൂണ്ടിക്കാട്ടി. മഞ്ജു പിള്ളയുടെ മകളുടെ വസ്ത്രധാരണത്തെക്കുറിച്ചുണ്ടായ വിമർശനവും അവർ ഉദാഹരണമായി പരാമർശിച്ചു. ഫാഷൻ ഡിസൈനറായി ലണ്ടനിൽ പഠിക്കുകയും ജീവിക്കുകയും ചെയ്തിട്ടുള്ള ആ കുട്ടി നേരിട്ട വിമർശനങ്ങൾ അവളുടെ മനസിനെ ഏറെ വേദനിപ്പിച്ചെന്നും ഉർവശി പറഞ്ഞു.

ആശ. Photo. IMDb

‘ഇന്നത്തെ ജനറേഷൻ എന്ത് ധരിക്കുന്നു എന്നതിനെ നമ്മൾ വിമർശിക്കുന്നില്ല. പക്ഷേ അവർ എത്രത്തോളം ഫ്രീഡം ആകാൻ ശ്രമിച്ചാലും, ചില സ്ഥലങ്ങളിൽ അത് വിമർശിക്കപ്പെടും. മഞ്ജുവിന്റെ മകളുടെ കാര്യത്തിൽ വസ്ത്രധാരണത്തെക്കുറിച്ച് പലരും പറഞ്ഞത് ആ കുട്ടിയുടെ മനസിനെ ഭയങ്കരമായി വിഷമിപ്പിച്ചിട്ടുണ്ട്. സാക്ഷരതയിൽ നമ്മൾ മുന്നിലാണെന്ന് പറയുമ്പോഴും ഇത്തരം കാര്യങ്ങളൊക്കെ ഇവിടെ ഉണ്ടാകുന്നുണ്ട് എന്നതാണ്,’ ഉർവശി പറഞ്ഞു.

Content Highlights:Actress Urvashi opens up about turning down Hindi film offers

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more