| Monday, 7th September 2026, 9:31 am

അഞ്ച് വർഷമായി മറാത്തി സിനിമയിലേക്ക് വിളിക്കുന്നു, പക്ഷേ പേടിയാണ്; ഉർവശി

അജ്മല്‍ കെ

മറ്റ് ഭാഷകളിൽ അഭിനയിക്കുന്നത് ഇന്നും തനിക്ക് ഒരു വെല്ലുവിളിയാണെന്ന് നടി ഉർവശി. തമിഴും തെലുങ്കും ചെറുപ്പത്തിൽ തന്നെ പഠിച്ചെടുക്കാൻ കഴിഞ്ഞെങ്കിലും, ഭാഷ അറിയാത്തതിന്റെ പേരിൽ അവസരങ്ങൾ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും താരം പറയുന്നു. കഴിഞ്ഞ അഞ്ച് വർഷമായി മറാത്തി സിനിമയിലേക്ക് അവസരം ലഭിച്ചിട്ടും ഭാഷയോടുള്ള പേടി കാരണം അതിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും ഉർവശി വ്യക്തമാക്കി. ‘ആശ’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘മറ്റ് ഭാഷയിൽ അഭിനയിക്കുക എന്നുള്ളത് ഒരു വെല്ലുവിളി തന്നെയാണ് എനിക്ക് ഇന്നും. തമിഴ് എനിക്ക് ഒരു പ്രശ്നമായി തോന്നിയിട്ടില്ല. കാരണം എന്റെ പത്താം വയസ്സ് മുതൽ ഞാൻ അവിടെയാണ്. ആറാം ക്ലാസ് മുതൽ അവിടെയാണ് പഠിച്ചത്. ആ പ്രായത്തിൽ എന്തൊക്കെയോ പൊട്ടത്തരങ്ങൾ പറഞ്ഞ് അതങ്ങ് പഠിച്ചു. കുട്ടിയായതുകൊണ്ട് തെറ്റായി സംസാരിച്ചാലും അതൊന്നും അന്ന് പ്രശ്നമായിരുന്നില്ല,’ താരം പറഞ്ഞു.

ഉർവശി. Photo. Screen Grab/ Youtube

തെലുങ്കിലേക്കുള്ള അരങ്ങേറ്റവും വളരെ ചെറുപ്പത്തിലായിരുന്നു. 14-ാം വയസിലാണ് ആദ്യ തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നത്. അന്ന് ഭാഷയെക്കുറിച്ച് വലിയ ഇൻഹിബിഷനൊന്നും ഉണ്ടായിരുന്നില്ലെന്നും, തെറ്റുകൾ സംഭവിച്ചാലും കുട്ടിയാണെന്ന പരിഗണന ലഭിച്ചിരുന്നുവെന്നും ഉർവശി പറയുന്നു. അങ്ങനെയാണ് തെലുങ്ക് ഭാഷയും പഠിച്ചെടുത്തത്.

എന്നാൽ മറാത്തി സിനിമയുടെ കാര്യത്തിൽ ഇപ്പോഴും ആത്മവിശ്വാസം ഇല്ല. കഴിഞ്ഞ അഞ്ച് വർഷമായി മറാത്തി സിനിമകളിൽ നിന്ന് വിളി വരുന്നുണ്ടെങ്കിലും ഭാഷ അറിയാത്തതിന്റെ പേടിയിൽ അവസരങ്ങൾ നിരസിക്കാറാണ് പതിവെന്നും ഉർവശി വ്യക്തമാക്കി.

‘കഴിഞ്ഞ അഞ്ച് വർഷമായിട്ട് എന്നെ ഒരു മറാത്തി സിനിമയിലേക്ക് വിളിക്കുന്നുണ്ട്. എനിക്ക് പേടിയായിട്ടാണ് ഞാൻ പോകാത്തത്. കാരണം ഭാഷ അറിയില്ല. അതുകൊണ്ടാണ് അതൊക്കെ ഏറ്റെടുക്കാനുള്ള പേടി എനിക്ക്,’ ഉർവശി പറഞ്ഞു.

സ്വന്തം കഥാപാത്രങ്ങൾക്ക് ഡബ്ബ് ചെയ്ത് തുടങ്ങിയതോടെയാണ് ഭാഷയുടെ യഥാർഥ പ്രാധാന്യം കൂടുതൽ മനസിലായതെന്നും താരം വ്യക്തമാക്കി. പിന്നീട് ടെലിവിഷൻ പരിപാടികളിലൂടെ പ്രേക്ഷകർ തന്റെ ശബ്ദവും സംസാരശൈലിയും കൂടുതൽ പരിചയപ്പെട്ടതോടെ ഡബ്ബിങ്ങിന്റെ കാര്യത്തിലും മാറ്റമുണ്ടായി എന്നും നടി പറഞ്ഞു.

ഉർവശി. Photo. Screen Grab/ Youtube

‘ഡബ്ബ് ചെയ്ത് നോക്കിയപ്പോഴാണ് ഭാഷയുടെ വാല്യു കുറച്ചുകൂടി മനസിലായത്. പിന്നെ ഏഷ്യാനെറ്റ് പോലുള്ള ചാനലുകൾ വന്നുതുടങ്ങി പരിപാടികളൊക്കെ ചെയ്തപ്പോൾ ആളുകൾ എന്റെ ശബ്ദവും ടോണുമൊക്കെ കേട്ടു. അതോടെ എനിക്ക് ഡബ്ബിങ് ചെയ്യുന്നത് ആളുകൾ ആക്സെപ്റ്റ് ചെയ്യാതായി. ഡബ്ബിങ് ആർട്ടിസ്റ്റുകൾ ഒക്കെ ഇപ്പോഴും ഇവിടെ നല്ലതാണ്. ഭാഗ്യലക്ഷ്മിയുടെ ശബ്ദമൊക്കെ എന്റെ ശബ്ദമായിട്ടാണ് ആളുകൾ കണ്ടിരിക്കുന്നത്. പിന്നെ ഇങ്ങനെ ഒരു പ്രശ്നം വന്നതുകൊണ്ടാണ് ഡബ്ബ് ചെയ്ത് തുടങ്ങിയത്,’ ഉർവശി പറഞ്ഞു.

Content Highlight: Actress Urvashi opens up about the challenges of working in other film industries due to language barriers

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more