| Saturday, 24th October 2026, 10:32 pm

‘തമാശ അരസികരോട് പറയാൻ പറ്റില്ല; പറഞ്ഞാൽ കളിയാക്കലായി എടുക്കും, വേറൊരു അർത്ഥത്തിൽ വ്യാഖ്യാനിക്കും; ഉർവശി

അജ്മല്‍ കെ

തമാശ പറയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അത് ആസ്വദിക്കാൻ കഴിയാത്തവരോട് തമാശ പറയുമ്പോൾ പലപ്പോഴും ഉദ്ദേശിച്ചതിന് വിപരീതമായ അർത്ഥം വരുമെന്നും നടി ഉർവശി. സ്ത്രീകൾ തമാശ പറയാൻ മടിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ചും ഹ്യൂമർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുകയായിരുന്നു താരം. മഴവിൽ മനോരമയിലെ ‘ഒരു ചിരി’ എന്ന പരിപാടിയിലായിരുന്നു ഉർവശിയുടെ പ്രതികരണം.

‘ഹ്യൂമർ ചെയ്യുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്. തമാശ ആസ്വദിക്കാൻ കഴിയാത്തവരോട് അത് പറഞ്ഞിട്ട് കാര്യമില്ല. നമ്മൾ തമാശയ്ക്ക് പറയുന്ന കാര്യങ്ങൾ അവർ കളിയാക്കലായും പരിഹാസമായുമൊക്കെ എടുക്കും. അതിനെ വേറൊരു അർത്ഥത്തിൽ വ്യാഖ്യാനിച്ച് പ്രശ്നമാക്കുകയും ചെയ്യും,’ ഉർവശി പറഞ്ഞു.

ഉർവശി. Photo. Screen Grab/ Youtube

ആരോടാണ് തമാശ പറയുന്നത് എന്നതുപോലും പ്രധാനമാണെന്നാണ് ഉർവശി അഭിപ്രായപെട്ടു. എല്ലാവരോടും ഒരേ രീതിയിൽ തമാശ പറയാൻ കഴിയില്ല. പ്രത്യേകിച്ച് പരിചയമില്ലാത്തവരോടും തിരക്കിട്ട് നിൽക്കുന്നവരോടും തമാശ പറയുന്നത് പലപ്പോഴും സാധ്യമാകില്ലെന്നും താരം ചൂണ്ടിക്കാട്ടി.

‘തമാശ ഒരിക്കലും അപരിചിതരോട് പറയാൻ പറ്റില്ല. അത്യാവശ്യത്തിന് നിൽക്കുന്നവരോടും പറയാൻ പറ്റില്ല. ‘ഒന്ന് നിന്നേ, ഞാൻ ഒരു തമാശ പറയട്ടെ’ എന്ന് പറഞ്ഞാൽ അവർക്ക് വേറെ പണിയുണ്ട് ‘ഒന്ന് പോയിട്ട് വരാം’ എന്ന് പറഞ്ഞ് അവർ പോകും. അങ്ങനെ ഒത്തിരി കാര്യങ്ങൾ നോക്കിയിട്ടാണ് നമുക്ക് തമാശ പറയാൻ സാധിക്കുക,’ ഉർവശി പറഞ്ഞു.

സ്ത്രീകൾ ഹ്യൂമർ ചെയ്യുന്നതിൽ പിന്നോട്ടുപോകുന്നതിന് പിന്നിൽ മറ്റൊരു കാരണവുമുണ്ടെന്ന് താരം പറയുന്നു. തമാശ പറഞ്ഞാൽ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന ആശങ്ക സ്ത്രീകളെ കൂടുതൽ ബോധവതികളാക്കുന്നു. തമാശ പറയുന്നത് മോശമായി കാണുമോ എന്ന ചിന്തയും അവരുടെ സ്വാഭാവികമായ ഇടപെടലുകളെ ബാധിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

ഉർവശി. Photo. Screen Grab/ Youtube

‘സ്ത്രീകൾ എന്തുകൊണ്ട് തമാശ പറയുന്നില്ല എന്ന് ചോദിച്ചാൽ, അവർ എപ്പോഴും കോൺഷ്യസ് ആണ്. ‘അയ്യോ, ആരെങ്കിലും എന്തെങ്കിലും വിചാരിക്കുമോ? തമാശ പറഞ്ഞാൽ മോശമാണെന്ന് കരുതുമോ?’ എന്നൊക്കെ ചിന്തിക്കും. പിന്നെ മുഖം ഗോഷ്ടിയായി പോകുമോ എന്ന് വിചാരിച്ചുകൊണ്ട് തമാശ ചെയ്യാൻ ശ്രമിച്ചാലും പറ്റില്ല,’ താരം പറഞ്ഞു.

Content Highlight: Actress Urvashi notes that telling jokes is not an easy task, and that when one tells a joke to someone who cannot appreciate it, the meaning often ends up being the exact opposite of what was intended.

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more