ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. മലയാള സിനിമയില്‍ ബാലതാരമായി വന്ന് പിന്നീട് ‘മുന്താണൈ മുടിച്ച്’ എന്ന തമിഴ് ചിത്രത്തിലൂടെ ആണ് നായികയായി തുടക്കം കുറിക്കുന്നത്. തമിഴില്‍ വന്‍ വിജയമായ സിനിമ ഉര്‍വശിക്ക് കൂടുതല്‍ ജനപ്രീതി നേടികൊടുത്തു.
ഉര്‍വശിക്ക് ദേശീയ-സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് ഉള്ളൊഴുക്ക്. ആ സിനിമ താന്‍ ഒഴിവാക്കാന്‍ ശ്രമിച്ചതിനെപ്പറ്റി പറയുകയാണ് താരം. ‘ഏറ്റവും നന്നായി ഇഷ്ടപ്പെട്ടൊരു സ്‌ക്രിപ്റ്റ് , ഭാരം ചുമക്കാന്‍ എനിക്ക് വയ്യെന്നത് മാത്രമായിരുന്നു കാരണം. അതുകൊണ്ട് ഞാനത് ഒഴിവാക്കികൊണ്ടേയിരുന്നു.’ ഉര്‍വശി പറഞ്ഞു. ആശാ സിനിമയുമായി ബന്ധപ്പെട്ട് ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍
സംസാരിക്കുകയായിരുന്നു ഉര്‍വശി.
‘സിനിമയില്‍ കഥാപാത്രത്തിന് ഒരുപാട് കരയാനുള്ള ഭാഗങ്ങള്‍ ഉണ്ടായിരുന്നു. ചെറുപ്പം തൊട്ട് കരഞ്ഞാല്‍ എനിക്ക് ശ്വാസം നെറുകയില്‍ കേറും. അച്ഛനും അമ്മയും എന്നെ കരയിപ്പിക്കാതെയാണ് നോക്കിയത്. സ്‌ക്രിപ്റ്റ് കൈയില്‍ കിട്ടിയപ്പോള്‍ തന്നെ സിനിമയില്‍ കരയില്ലെന്നും നിര്‍വികാരയായി നില്‍ക്കുമെന്നും സംവിധായകനോട് പറഞ്ഞിരുന്നു. സംവിധായകന്‍ അത് സമ്മതിക്കുകയും ചെയ്തു.
എനിക്കത് അത്ഭുതമായി. കാരണം അതില്‍ കരയാനുള്ള സീനുകള്‍ മാത്രമേയുള്ളു. മകന്റെ ഡെഡ്‌ബോഡി കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഒരമ്മ എങ്ങനെ കരയാതെ നിര്‍വികാരയായി ഇരിക്കും എന്നാണ് ഞാന്‍ ചിന്തിച്ചത്.
ചിരിക്കാനുള്ള ഒരവസരവും ആ സിനിമയില്‍ ഇല്ല. സിനിമയുടെ തുടക്കത്തിലെങ്കിലും ഒരു ഫളാഷ്ബാക്ക് എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ ചിരിച്ച് കാണിച്ചൂടെ എന്ന് ഞാന്‍ യാചിച്ച് നോക്കി. അങ്ങനെ ഒരു സീനിനു ഇതില്‍ സ്‌കോപ് ഇല്ല എന്നായിരുന്നു മറുപടി.’ ഉര്‍വശി പറഞ്ഞു.
ക്രിസ്റ്റോ ടോമിയാണ് സിനിമ സംവിധാനം ചെയ്തത്. ഒരുപാട് നിരൂപക പ്രശംസകള്‍ ചിത്രത്തിന് ലഭിച്ചിരുന്നു. രണ്ട് സ്ത്രീ കേന്ദ്രകഥാപാത്രങ്ങള്‍ ഉള്ള ഈ സിനിമയില്‍ പാര്‍വതി തിരുവോത്ത് ആയിരുന്നു ഉര്‍വശിക്ക് പുറമെ അഭിനയിച്ചത്.
രണ്ടുപേരും മത്സരിച്ച് അഭിനയിച്ച സിനിമക്ക് ദേശീയ പുരസ്‌കാരം ഉള്‍പ്പടെ അനവധി അവാര്‍ഡുകളും ലഭിച്ചു. ദേശീയ-സംസ്ഥാന തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട മലയാള സിനിമ കൂടിയാണ് ഉള്ളൊഴുക്ക്.
Content Highlight: Actress Urvashi about Ullozhuk Movie