| Tuesday, 21st July 2026, 11:53 am

'മമ്മൂക്ക അങ്ങനെയൊരു സീന്‍ ചെയ്യാന്‍ തയ്യാറാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല, ലാലേട്ടന്‍ തരുന്ന ഫ്രീഡം വേറെയാണ്': ശ്വേതാ മേനോന്‍

ആര്യ.പി

മലയാള സിനിമയിലെ ലെജന്റ്‌സായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് സംസാരിക്കുകയാണ് നടി ശ്വേതാ മേനോന്‍. കൂടെ അഭിനയിക്കുന്നവര്‍ക്ക് ഏറെ കംഫര്‍ട്ട് നല്‍കുന്ന വ്യക്തിത്വങ്ങളാണ് ഇരുവരുമെന്ന് ശ്വേത പറയുന്നു.

വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരം പാലേരി മാണിക്യം സിനിമയുടെ ചിത്രീകരണ അനുഭവങ്ങളും ഇരുവരുമൊത്തുള്ള അഭിനയ നിമിഷങ്ങളും പങ്കുവെച്ചത്.

‘പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു സംഭവവും ശ്വേതാ മേനോന്‍ പങ്കുവെച്ചു.

പാലേരി മാണിക്യം സിനിമയില്‍ നിന്നുള്ള രംഗം photo:pinklungi.com

‘പാലേരി മാണിക്യം ചെയ്യുന്ന സമയത്ത് ചീരു ആദ്യമായി മമ്മൂക്കയുടെ കഥാപാത്രത്തെ (അഹമ്മദ് ഹാജി) കാണാന്‍ വരുന്ന ഒരു സീനുണ്ട്. ഇവള്‍ ബ്ലൗസ് ഇട്ടിട്ടുണ്ട്, അപ്പോള്‍ അദ്ദേഹത്തിന്റെ കഥാപാത്രം കാല്‍ പൊന്തിച്ചിട്ട് വിരലിട്ടിട്ട് അത് പൊട്ടിക്കണം. അതാണ് ഷോട്ട്. ഇത് മമ്മൂക്ക ചെയ്യുമോ എന്നൊരു ഡൗട്ട് രഞ്ജിത്തേട്ടന് ഉണ്ടായിരുന്നു.

അതുകൊണ്ട് മമ്മൂക്ക വരുന്നതിന് മുന്‍പ് തന്നെ എന്റെ ക്ലോസപ്പും ഫീലിങ്ങും എക്‌സ്പ്രഷന്‍സുമെല്ലാം ഞങ്ങള്‍ എടുത്തുവെച്ചിരുന്നു. ഞാന്‍ വെറുതെ നിന്നാല്‍ മതി, അദ്ദേഹം കാല്‍ പൊന്തിക്കുന്ന ആ ഷോട്ട് മാത്രം കിട്ടിയാല്‍ സീന്‍ ഓക്കെയാകും എന്നായിരുന്നു വിചാരിച്ചത്. അങ്ങനെ മമ്മൂക്ക വന്നു, സീന്‍ ഇങ്ങനെയാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു, ‘ശ്വേത, ഒറ്റ വലിയുണ്ടാകും കേട്ടോ!’

പാലേരി മാണിക്യം സിനിമയില്‍ നിന്നുള്ള രംഗം photo: imdb

അത് നമ്മള്‍ തീരെ പ്രതീക്ഷിച്ചില്ല. എക്‌സ്പ്രഷന്‍സെല്ലാം എടുത്ത് മാറ്റിവെച്ചതാണെങ്കിലും, ആ ഫുള്‍ ഷോട്ട് മമ്മൂക്ക തന്നെ ഗംഭീരമായി ചെയ്തു.’ ശ്വേത പറഞ്ഞു.

കാലത്തിനനുസരിച്ച് സ്വയം പുതുക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും ശ്വേത പറഞ്ഞു. ‘അനശ്വരം ചെയ്ത മമ്മൂക്കയല്ല, പാലേരി മാണിക്യം ചെയ്ത മമ്മൂക്ക. മൂപ്പരും ഭയങ്കരമായി വളര്‍ന്നിട്ടുണ്ട്. ഇന്നത്തെ ന്യൂ ജനറേഷന് കൂടെ അദ്ദേഹവും ബ്ലെന്‍ഡ് ആയിക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ സീനിയറാണ്, ഭരതന്‍ സാറിനെപ്പോലുള്ള ലെജന്‍ഡ്‌സിനൊപ്പം വര്‍ക്ക് ചെയ്ത ആളാണ് എന്ന് പറഞ്ഞ് മാറിയിരിക്കുന്ന ആളുകളല്ല ഇവര്‍. ഇന്ന് എന്താണ് ആവശ്യം എന്ന് അവര്‍ മനസ്സിലാക്കും, ആ പ്രോസസ് അവര്‍ എന്‍ജോയ് ചെയ്യും.’ ശ്വേത പറഞ്ഞു.

മോഹന്‍ലാലിനെ കുറിച്ചും ശ്വേത അഭിമുഖത്തില്‍ സംസാരിച്ചു. ‘ലാലേട്ടന്റെ കൂടെ എന്ന് പറഞ്ഞാല്‍ അദ്ദേഹം നമുക്കൊരു ഫ്രീഡം തരും. ആര്‍ട്ടിസ്റ്റുകളെ സംബന്ധിച്ച് ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഭയങ്കര കംഫര്‍ട്ടാണ്. പേടിപ്പിക്കുന്ന ഒരു സീനിയോറിറ്റി ഇവര്‍ രണ്ടുപേരിലും ഞാന്‍ കണ്ടിട്ടില്ല.’

അഭിനയത്തിന് പുറമെ സെറ്റിലെ ഭക്ഷണകാര്യത്തിലും ഇവര്‍ രണ്ടുപേരും മുന്നിലാണ്. ലാലേട്ടന്‍ വെറൈറ്റി ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തി എല്ലാവരെയും കൊണ്ട് കഴിപ്പിക്കുമെന്നും, മമ്മൂക്കയും അങ്ങനെ ആണെന്നും ശ്വേത പറഞ്ഞു.

Content Highlight: Actress Swetha Menon about Mammoott and Mohanlal

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more