മലയാള സിനിമയിലും ടെലിവിഷനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് സ്വാസിക. സീത എന്ന സീരിയയിലൂടെയാണ് സ്വാസിക അറിയപ്പെടുന്ന ഒരു ആർട്ടിസ്റ്റായി മാറുന്നത്. ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം, അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ മലയാളത്തിലും തമിഴിലുമായി തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ ഇപ്പോഴിതാ സീരിയൽ താരങ്ങൾക്ക് സിനിമയിൽ അഭിനയിക്കാൻ കഴിയില്ലെന്ന തരത്തിലുള്ള മുൻവിധികൾ മാറണമെന്ന് പറയുകയാണ് നടി സ്വാസിക. സീരിയലിലും സിനിമയിലും അഭിനയിക്കുന്ന രീതി വ്യത്യസ്തമാണെന്നും ഒരു മാധ്യമത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ അതിനനുസരിച്ച് താളം കണ്ടെത്താൻ അഭിനേതാക്കൾക്ക് കുറച്ച് സമയം വേണ്ടിവന്നേക്കാമെന്നും സ്വാസിക പറയുന്നു.
സ്വാസിക. Photo. Screen Grab/ Youtube
ബീന ആന്റണി, തെസ്നി ഖാൻ, ദേവി ചന്ദന തുടങ്ങിയ താരങ്ങൾ മികച്ച അഭിനേതാക്കളാണെന്നും സ്വാസിക ചൂണ്ടിക്കാട്ടി. ആകാശത്തിൽ ഒരു താരകം എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി തിയേറ്ററുകളിൽ എത്തിയപ്പോഴായിരുന്നു നടിയുടെ പ്രതികരണം.
‘സീരിയൽ ആർട്ടിസ്റ്റുകൾക്ക് കഴിവില്ല, അവരെക്കൊണ്ട് സിനിമയിൽ അഭിനയിക്കാൻ പറ്റില്ല എന്നൊക്കെയുള്ള ചിന്തകൾ മാറണം. അങ്ങനെയല്ല കാര്യം. സീരിയലിൽ അവർക്ക് ഒരു പ്രത്യേക അഭിനയശൈലിയുണ്ട്. ആ രീതിയിൽ അഭിനയിക്കാനാണ് സംവിധായകൻ അവരോട് ആവശ്യപ്പെടുന്നത്. സിനിമയിലേക്ക് വരുമ്പോൾ അതിന്റെ രീതിയിലേക്ക് മാറാൻ ചിലപ്പോൾ ഒരു ദിവസം എടുത്തേക്കാം. അതുകൊണ്ട് അവർക്ക് അഭിനയിക്കാൻ അറിയില്ലെന്ന് നമുക്ക് പറയാൻ കഴിയില്ല,’ സ്വാസിക പറഞ്ഞു.
സീരിയൽ താരങ്ങൾ സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഉദാഹരണങ്ങളും താരം പങ്കുവച്ചു. അടുത്തിടെ പുറത്തിറങ്ങിയ ‘ബാലൻ’ എന്ന സിനിമയിൽ ബീന ആന്റണി അവതരിപ്പിച്ച കഥാപാത്രം തനിക്ക് ഏറെ ഇഷ്ടമായെന്നും സ്വാസിക പറഞ്ഞു.
‘ബീന ചേച്ചി, തെസ്നി ഇത്ത, ദേവി ചന്ദന ഇവരൊക്കെ ഭയങ്കര അടിപൊളി ആർട്ടിസ്റ്റുകളാണ്. ബീന ചേച്ചി ‘ബാലൻ’ സിനിമയിൽ ചെയ്ത വേഷം എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. മഞ്ജു ചേച്ചിയും ഇപ്പോൾ ഈ മേഖലയിൽ കൂടുതൽ കാര്യങ്ങൾ പരീക്ഷിച്ചുവരുന്നുണ്ട്. അതിൽ എനിക്ക് സന്തോഷമുണ്ട്,’ സ്വാസിക പറഞ്ഞു.
നടന്മാരുടെ കാര്യത്തിലും ഇതേ മുൻവിധികൾ നിലനിൽക്കുന്നുണ്ടെന്നാണ് സ്വാസികയുടെ അഭിപ്രായം. സീരിയലിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്ന കിഷോർ ഉൾപ്പെടെയുള്ള അഭിനേതാക്കൾക്ക് മികച്ച സിനിമാ കഥാപാത്രങ്ങൾ നൽകി അവരുടെ കഴിവ് വിലയിരുത്തണമെന്നും താരം പറയുന്നു.
സ്വാസിക. Photo. Screen Grab/ Youtube
‘നടന്മാരിലും അങ്ങനെയുള്ളവരുണ്ട്. കിഷോർ ഏട്ടനെപ്പോലെയുള്ള നടന്മാർക്ക് നിങ്ങൾ കഥാപാത്രങ്ങൾ കൊടുത്തുനോക്കൂ. എന്നിട്ട് പറയൂ, സീരിയൽ ആർട്ടിസ്റ്റുകൾ കൊള്ളില്ലെന്ന്. ഡബ്ബിങ് ആർട്ടിസ്റ്റ് ശരത് ഏട്ടനെപ്പോലെ ഒരുപാട് പേരുണ്ട്. അവർക്ക് കഴിവില്ലെന്ന് പറയാൻ കഴിയില്ല,’ സ്വാസിക കൂട്ടിച്ചേർത്തു.
Content Highlight: Actress Swasika states that the preconceived notion that television serial actors cannot act in films needs to change.