| Saturday, 18th July 2026, 4:41 pm

എന്റെ ഒരു സീന്‍ പോലും കട്ട് ചെയ്യില്ലെന്ന് അദ്ദേഹം ഉറപ്പുതന്നു; പ്രാര്‍ത്ഥന കേട്ട് ദൈവം അയച്ച ആളാണെന്ന് തോന്നി: സാസ്വിക

ആര്യ.പി

ലബ്ബര്‍പന്ത് സിനിമയില്‍ യശോദ എന്ന കഥാപാത്രമായി എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് നടി സാസ്വിക വിജയ്. ലബ്ബര്‍പന്ത് ഒരിക്കലും ഇത്രയും വലിയൊരു വിജയമാകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും ഒരു തവണ പോലും തന്നെ നേരില്‍ കാണാതെയാണ് സംവിധായകന്‍ തമിഴരശന്‍ പച്ചമുത്തു ആ സിനിമയിലേക്ക് തന്നെ ക്ഷണിച്ചതെന്നും സാസ്വിക പറയുന്നു. അത്രയും വലിയൊരു കഥാപാത്രം തന്നെ എന്ത് വിശ്വസിച്ചാണ് അദ്ദേഹം ഏല്‍പ്പിച്ചതെന്ന് പോലും അറിയില്ലെന്നും സാസ്വിക പറഞ്ഞു.

‘തമിഴിലേക്ക് തിരിച്ചു വരുമ്പോള്‍ ആ സിനിമ ഇത്ര വലിയ വിജയമാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. സിനിമയുടെ റിലീസ് ദിവസം പോലും എനിക്ക് അത് മനസിലായിരുന്നില്ല. ഒരു ദിവസം എന്നെ നേരിട്ട് അറിയാത്ത ഒരു സംവിധായകന്‍ വിളിക്കുകയായിരുന്നു.

മലയാളത്തില്‍ എനിക്ക് മിക്കവാറും എല്ലാ സംവിധായകരേയും അറിയാം, അവരോടൊക്കെ ഞാന്‍ അവസരം ചോദിച്ചിട്ടുമുണ്ട്. നടന്‍മാര്‍, സംവിധായകര്‍, പ്രൊഡ്യൂസര്‍ എല്ലാവര്‍ക്കും എന്നെ അറിയാം. അവരോടൊക്കെ ഞാന്‍ ചാന്‍സ് ചോദിച്ചിട്ടുമുണ്ട്. ഓഡീഷന്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ എന്നെ നേരിട്ട് കാണുകയോ അറിയുകയോ ചെയ്യാത്ത തമിഴരശന്‍ പച്ചമുത്തു എന്ന സംവിധായകന്‍ എന്നെ വിളിച്ച്, എന്റെ ‘വാസന്തി’ എന്ന സിനിമ കണ്ടിട്ടാണ് വിളിച്ചതെന്നും ലബ്ബര്‍പന്തിലെ യശോദ എന്ന കഥാപാത്രം നിങ്ങള്‍ ചെയ്താല്‍ വളരെ നന്നായിരിക്കും’ എന്നും പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി.

‘അദ്ദേഹത്തിന്റെ ആദ്യ സിനിമയില്‍ തന്നെ, അധികം അറിയപ്പെടാത്ത ഒരാള്‍ക്ക് ഇത്രയും വലിയൊരു കഥാപാത്രം നല്‍കാന്‍ അദ്ദേഹം കാണിച്ച ആത്മവിശ്വാസം എന്നെ അത്ഭുതപ്പെടുത്തി. എന്നെ വിശ്വസിച്ച അദ്ദേഹത്തോടുള്ള കടപ്പാടായിരുന്നു എന്റെ മനസില്‍.

തിരക്കഥയിലെ ഇന്റര്‍വെല്‍ സീനൊക്കെ വായിച്ചപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു. കാരണം രണ്ട് ഹീറോകള്‍ക്കും ഡയലോഗില്ലാതെ ഞാന്‍ സംസാരിക്കുന്ന അത്തരം സീനുകള്‍ എന്റെ സ്വപ്നമായിരുന്നു. എന്റെ പ്രാര്‍ത്ഥന കേട്ട് ദൈവം അയച്ചുതന്ന ഒരാളെപ്പോലെയാണ് എനിക്ക് തമിഴരശന്‍ സാറിനെ തോന്നിയത്.

ഷൂട്ടിങ്ങിന് രണ്ട് ദിവസം മുന്‍പാണ് ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ടത്. ഓഡിഷനോ ലുക്ക് ടെസ്റ്റോ ഒന്നുമില്ലാതെയാണ് അദ്ദേഹം എന്നെ തെരഞ്ഞെടുത്തത്.

മുമ്പ് തമിഴില്‍ വന്നപ്പോള്‍ നേരിട്ട പരാജയങ്ങളെക്കുറിച്ചും അമ്മ വേഷം ചെയ്യുന്നതിനെക്കുറിച്ചും എനിക്കുള്ള പേടി ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഹീറോകള്‍ക്ക് വേണ്ടി എന്റെ സീനുകള്‍ കട്ട് ചെയ്യുമോ എന്ന് ചോദിച്ചു.

എന്നാല്‍ ‘യശോദ തന്റെ പ്രിയപ്പെട്ട കഥാപാത്രമാണെന്നും ഇതില്‍ നിന്ന് ഒരു സീന്‍ പോലും താന്‍ കട്ട് ചെയ്യില്ലെന്നും അദ്ദേഹം ഉറപ്പു പറഞ്ഞു. പറഞ്ഞത് പോലെ തന്നെ അദ്ദേഹം ചെയ്യുകയും ചെയ്തു.

ഒരു സ്വപ്നം യാഥാര്‍ത്ഥ്യമാകുന്ന അനുഭവമായിരുന്നു അത്. തമിഴ് പ്രേക്ഷകര്‍ക്ക് ഞാന്‍ മലയാളത്തില്‍ നിന്ന് വന്ന ഒരു പുതിയ ആളാണെന്നാണ് ആദ്യം തോന്നിയത്.

എന്നാല്‍ എന്റെ പഴയ തമിഴ് പാട്ടുകള്‍ (കോരിപ്പാളയം, അപ്പൂച്ചി ഗ്രാമം) എല്ലാം അടുത്തിടെ കണ്ടപ്പോഴാണ് ഞാന്‍ നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്ന ആളാണെന്ന് അവര്‍ക്ക് മനസിലായത്,’ സാസ്വിക പറഞ്ഞു.

Content Highlight: Actress Swasika about her tamil hit Movie Lubber Pandhu

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more