| Monday, 30th March 2026, 5:00 pm

ആളുകൾ ഇൻസ്റ്റഗ്രാമിൽ വിയോജിപ്പുകൾ അയക്കാറുണ്ട്; അവരുടെ അഭിപ്രായങ്ങൾ വിലകുറച്ച് കാണാൻ പാടില്ല: ശ്രിന്ദ

നന്ദന എം.സി

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ശ്രിന്ദ. 2010ൽ പുറത്തിറങ്ങിയ ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ സിനിമയിൽ തുടക്കം കുറിച്ചത്.

എന്നാൽ എബ്രിഡ് ഷൈനിൻ്റെ സംവിധാനത്തിലെത്തിയ 1983 എന്ന ചിത്രത്തിലെ സുശീല എന്ന കഥാപാത്രമാണ് താരത്തിന് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്. തിയേറ്ററുകളിൽ വൻ വിജയം നേടി പ്രദർശനം തുടരുന്ന ആടിലും താരം ഗംഭീര പ്രകടനമാണ് കാഴ്‌ച വെച്ചത്.

ഇപ്പോഴിതാ തനിക്കെതിരെ വരുന്ന സോഷ്യൽ മീഡിയ കമന്റുകളെക്കുറിച്ചും വിമർശനങ്ങളെകുറിച്ചും തുറന്ന് സംസാരിക്കുകയാണ് ശ്രിന്ദ. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് താരം ഈ കാര്യങ്ങൾ പങ്കുവെച്ചത്.

ശ്രിന്ദ, Photo: IMDb

‘ലോകത്ത് നമ്മളെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ടാകും. അത് വളരെ സ്വാഭാവികമാണ്. ആളുകൾ ഇൻസ്റ്റഗ്രാമിൽ വിയോജിപ്പുകൾ അയക്കാറുണ്ട്. അതിനെയെല്ലാം ബഹുമാനിക്കുന്നു. കാരണം, പ്രേക്ഷകരാണല്ലോ തിയേറ്ററിൽ പോയി സിനിമ കാണുന്നത്. അവരുടെ അഭിപ്രായങ്ങൾ വിലകുറച്ച് കാണാൻ പാടില്ല.

നല്ല വിമർശനങ്ങളെ ഉൾക്കൊള്ളാൻ ശ്രമിക്കാറുണ്ട്. ചിലപ്പോൾ ഒരു സീൻ ചെയ്യുമ്പോൾ തന്നെ ഇത് ശരിയാകുമോ എന്ന് എനിക്കും തോന്നിയിട്ടുണ്ടാകും, പിന്നീട് പ്രേക്ഷകർ അതേ കാര്യം ചൂണ്ടിക്കാണിക്കുമ്പോൾ എനിക്കത് മനസിലാക്കാൻ എളുപ്പമാണ്. സ്വയം മെച്ചപ്പെടുത്താൻ അത്തരം അഭിപ്രായങ്ങൾ സഹായിക്കും.

ശ്രിന്ദ, Photo: Srinda/ Facebook

സോഷ്യൽ മീഡിയയിലെ ബന്ധങ്ങളെക്കാളും ആളുകളോട് നേരിട്ട് സംസാരിക്കുന്നതാണ് എനിക്കിഷ്ടം. എത്രയോ വർഷങ്ങളായി എന്റെ ഫോൺ 24 മണിക്കൂറും സൈലന്റ്റ് മോഡിലാണ്. നോട്ടിഫിക്കേഷനുകളെല്ലാം ഓഫാണ്. പക്ഷേ, ആരെങ്കിലും വിളിച്ചാൽ തീർച്ചയായും തിരിച്ചു വിളിക്കും,’ ശ്രിന്ദ പറഞ്ഞു.

കൂടാതെ തനിക്കെതിരെ വരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങളോടും താരം പ്രതികരിച്ചു. മറ്റൊരാളെ വേദനിപ്പിക്കുന്നതിലൂടെ ഇത്തരം ആളുകൾക്ക് സന്തോഷം ലഭിക്കുന്നുണ്ടാകാമെന്നും അനാവശ്യമായ കുറ്റപ്പെടുത്തലുകളെയും കളിയാക്കലുകളെയും അവഗണിക്കുന്നതാണ് ഏറ്റവും നല്ല കാര്യമെന്നും ശ്രിന്ദ കൂട്ടിച്ചേർത്തു.

ആട് 3 യാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം ബോക്സ് ഓഫീസിൽ 1O1 കോടിയിലേറെ കളക്ഷൻ സ്വന്തമാക്കി.

Content Highlight: Actress Srinda talks about the criticism against her.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more