| Thursday, 8th January 2026, 12:27 pm

മലയാളത്തില്‍ മമ്മൂട്ടിസാറിനും ദുല്‍ഖര്‍ സാറിനുമൊപ്പം അഭിനയിക്കാന്‍ ആഗ്രഹമെന്ന് ശ്രീലീല; പ്രൊമോഷനുമായി പരാശക്തി ടീം കൊച്ചിയില്‍

അശ്വിന്‍ രാജേന്ദ്രന്‍

1960 കളില്‍ മദ്രാസ് സ്റ്റേറ്റില്‍ ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ സമരം ചെയ്ത രാജേന്ദ്രന്‍ എന്ന വിദ്യര്‍ത്ഥി നേതാവിന്റെ കഥ പറയുന്ന സുധ കൊങ്കര ചിത്രം പരാശക്തിയെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജനുവരി പത്തിന് റിലീസ് പ്രഖ്യപിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറടക്കം ഓരോ അപ്ഡേഷനും വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

ശ്രീലീല. Photo: screen grab/ Youtube.com

റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മലയാളം ഇന്‍ഡസ്ട്രിയിലും ചിത്രത്തിന്റെ പ്രൊമേഷനായി പരാശക്തി ടീം കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശിവകാര്‍ത്തികേയന്‍, രവി മോഹന്‍, ശ്രീലീല, അഥര്‍വ്വ തുടങ്ങിയവരാണ് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്.

ചടങ്ങിനിടയില്‍ ചിത്രത്തിലെ നായിക ശ്രീലീല പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തെലുങ്കിലും കന്നടയിലും പരാശക്തിയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ച ശ്രീലീലയോട് മലയാളത്തില്‍ ആര്‍ക്കൊപ്പം അഭിനയിക്കാനാണ് താല്‍പര്യമെന്ന് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ മറുപടി.

മലയാളത്തില്‍ അഭിനയിക്കണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് പറഞ്ഞ താരം മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനുമൊപ്പം അഭിനയിക്കണമെന്ന ആഗ്രഹമാണ് പങ്ക് വെച്ചത്.

ദുല്‍ഖര്‍. Photo: Lifestyle Asia Hong Kong

തെന്നിന്ത്യന്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ ശ്രീലീല സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളിലെ ഡാന്‍സ് നമ്പറുകളിലൂടെ ശ്രദ്ധേയായ ശ്രീലാല മഹേഷ് ബാബു നായകനായ ഗുണ്ടൂര്‍ കാരത്തിലൂടെ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ചിത്രത്തിലെ മഹേഷ് ബാബുവിനൊപ്പമുള്ള നൃത്തരംഗങ്ങളും പുഷ്പ 2 വിലെ കിസ്സിക്ക് ഗാനവും താരത്തിന് രാജ്യമൊട്ടാകെയുള്ള സിനിമാപ്രേമികള്‍ക്കിടയില്‍ പ്രശസ്തി നേടിക്കൊടുത്തിരുന്നു.

ജനുവരി 10 ന് റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തത് അണിയറ പ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ ജനുവരി 9 ന് റിലീസ് പ്രഖ്യാപിച്ച ജന നായകന്റെ റിലീസ് നിര്‍മാതാക്കള്‍ കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇരുചിത്രങ്ങളുടെയും രാഷ്ട്രീയ ഉള്ളടക്കമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്ക് പിന്നിലെന്നാണ് പുറത്ത് വരുന്ന വിവരം.

Content Highlight: Actress Sreeleela shares her dream to act with Mammootty and Dulquer Salman in Malayalam cinema

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more