മലയാള സിനിമയിലെ ബാലതാരമായി എത്തി പിന്നീട് നായികയായും സഹനടിയായും ശ്രദ്ധ നേടിയ നടിയാണ് സോണിയ. മൂന്ന് വയസിൽ ‘ഒരു നാടോടി’ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി നടി സിനിമയിലെത്തുന്നത്. ബേബി സോണിയ എന്ന പേരിൽ നിരവധി മലയാള സിനിമകളിൽ അഭിനയിച്ച താരം ബാലതാരമായി തന്നെ ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് 1984ലെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും ‘നൊമ്പരത്തിപ്പൂവ്’ എന്ന ചിത്രത്തിലൂടെ 1987ലെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടി.
സോണിയ,തേന്മാവിൻ കൊമ്പത്ത്. Photo. Screen Grab/ Youtube
‘തേന്മാവിൻ കൊമ്പത്ത്’ എന്ന ചിത്രത്തിൽ കുയിലി എന്ന കഥാപാത്രത്തെയും സോണിയ അവതരിപ്പിച്ചിരുന്നു. സിനിമയിലെ അനുഭവങ്ങൾ ഇന്നും മനസിൽ അതേപോലെ നിലനിൽക്കുന്നുണ്ടെന്നും താരം പറഞ്ഞു. കുട്ടിക്കാലം മുതൽ തന്നെ വലിയ ആരാധനയുണ്ടായിരുന്ന മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടെന്നും നടി പറഞ്ഞു. തേന്മാവിൻ കൊമ്പത്ത് റീ റിലീസിന് എത്താനിരിക്കെ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഇനിയും അഭിനയിക്കണം എന്ന് ആഗ്രഹമുള്ളത് ലാലേട്ടന്റെ കൂടെ തന്നെയാണ്. അത് ഇന്നും എന്നും ലാലേട്ടൻ തന്നെയാണ് എന്റെ മനസിൽ. വീട്ടിൽ എപ്പോഴും, ഒരു 13, 14 വയസ്സിൽ തൊട്ട് ‘ലാലേട്ടൻ ക്രഷ്, ലാലേട്ടൻ ക്രഷ്’ എന്ന് പറയാറുണ്ട്. അത് എല്ലാവർക്കും അറിയാം. എന്റെ ഫ്രണ്ട്സിനും വീട്ടിലെ ചേട്ടന്മാർക്കുമൊക്കെ അറിയാം അത്,’ സോണിയ പറഞ്ഞു.
മോഹൻലാലിനൊപ്പം അഭിനയിക്കാൻ പോകുമ്പോൾ സുഹൃത്തുക്കളും വീട്ടുകാരുമെല്ലാം ‘ഇനി ലാലേട്ടനെ കാണാലോ’ എന്നൊക്കെ പറയുമായിരുന്നെന്നും സോണിയ പറഞ്ഞു. എന്നാൽ നേരിൽ കണ്ടുകഴിഞ്ഞാൽ ആരാധന കാരണം സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നുവെന്നും താരം ഓർത്തെടുത്തു.
‘ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ പോയപ്പോൾ എല്ലാവരും ‘ഓ, ഇനി ലാലേട്ടനെ കാണാലോ’ എന്നൊക്കെ പറഞ്ഞിരുന്നു. പോകുമ്പോൾ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. അവിടെ എത്തിയപ്പോൾ ലാലേട്ടനെ കണ്ടാൽ ഫ്രീസ് ആയി നിൽക്കും. നമുക്ക് പേടി കാരണം സംസാരമേ വരില്ല. ഞാൻ ചൈൽഡ് ആർട്ടിസ്റ്റായിട്ടും ലാലേട്ടന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. ‘മനു അങ്കിളി’ലും വേറൊരു പടത്തിലും അഭിനയിച്ചിട്ടുണ്ട്. അപ്പോൾ ഷൂട്ടിന്റെ സമയത്ത് ലാലേട്ടനെ എപ്പോ കണ്ടാലും ഇങ്ങനെ നോക്കി കൊണ്ടേ ഇരിക്കും,’ സോണിയ പറഞ്ഞു.
‘തേന്മാവിൻ കൊമ്പത്ത്’ എന്ന സിനിമയുമായുള്ള ഓർമകളും സോണിയ പങ്കുവച്ചു. ചിത്രത്തിലെ ഓരോ നിമിഷവും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരം പറഞ്ഞു.
‘തേന്മാവിൻ കൊമ്പത്ത്’ സിനിമ എങ്ങനെ എവർഗ്രീൻ ആണോ, എനിക്ക് ആ മൂവിയിൽ ഉണ്ടായിരുന്ന ഓരോ മൊമെന്റും അങ്ങനെ തന്നെയാണ്. നമ്മൾ അവിടെ അഭിനയിക്കുമ്പോൾ, ബാലതാരത്തിൽ നിന്ന് ഒരു വലിയ ആക്ടറായി അഭിനയിക്കുന്ന എന്റെ നാലാമത്തെയോ അഞ്ചാമത്തെയോ പടമാണ് ‘തേന്മാവിൻ കൊമ്പത്ത്’. ഞാൻ വലിയ സ്റ്റാർ ഒന്നുമല്ല. ഒരു പേടിയും ഇതൊക്കെ എനിക്കുണ്ടായിരുന്നു,’ നടി കൂട്ടിച്ചേർത്തു.
തേന്മാവിൻ കൊമ്പത്ത്. Photo. Screen Grab/ Youtube
ചിത്രീകരിക്കുന്ന സമയത്ത് തനിക്ക് സാധാരണയായി തോന്നിയ സ്ഥലങ്ങൾ സ്ക്രീനിൽ അതിമനോഹരമായി മാറിയത് സിനിമയുടെ പ്രിവ്യു കണ്ടപ്പോഴാണെന്നും താരം പറഞ്ഞു.
‘സിനിമയുടെ പ്രീവ്യൂ ചെന്നൈയിലായിരുന്നു. അത് സ്ക്രീനിൽ കാണുമ്പോൾ എന്റെ രംഗങ്ങളൊക്കെ, വയലിന്റെ ഭാഗത്തുള്ളതൊക്കെ കണ്ടപ്പോൾ ഞങ്ങൾ തിയേറ്ററിൽ ക്ലാപ് ചെയ്തു. ഷൂട്ട് ചെയ്യുമ്പോൾ അത് മനസിലായിരുന്നില്ല. ഭയങ്കര ഡ്രൈ ആയിട്ടുള്ള ലാൻഡ് ആയിരുന്നു അവിടെയൊക്കെ. അഭിനയിക്കുമ്പോൾ അവിടുത്തെ സ്ഥലമൊന്നും കണ്ണിന് ഒരു ഭംഗിയെ തോന്നിയിരുന്നില്ല. ആനന്ദ് സാർ അവരുടെ ക്യാമറ കൊണ്ട് വളരെ മനോഹരമായിട്ടാണ് അതിനെ അവതരിപ്പിച്ചിരുന്നത്,’ സോണിയ പറഞ്ഞു.
Content Highlight: Actress sonia talks about mohanlal