മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് സോന നായർ. സിനിമാ- സീരിയൽ രംഗത്ത് വർഷങ്ങളായി നിറഞ്ഞുനിൽക്കുന്ന നടിയാണ് സോന. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ ചെയ്യാൻ നടിക്ക് സാധിച്ചിരുന്നു.
ഒപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ സോന തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പ്രിയനന്ദൻ സംവിധാനം ചെയ്ത നെയ്ത്തുകാരൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡും സോന സ്വന്തമാക്കിയിരുന്നു.
സോന നായർ. Photo. Screen Grab/ Youtube
ഇപ്പോഴിതാ സിനിമയിൽ ലഭിക്കുന്ന എല്ലാ അവസരങ്ങളും ഏറ്റെടുക്കുന്ന രീതിയല്ല തന്റേതെന്ന് പറയുകയാണ് നടി സോന നായർ. തനിക്ക് ചെയ്യാൻ കഴിയുമെന്ന് പൂർണമായി വിശ്വാസമുള്ളതും മനസിന് ഇഷ്ടപ്പെടുന്നതുമായ കഥാപാത്രങ്ങൾ മാത്രമാണ് തെരഞ്ഞെടുക്കാറുള്ളതെന്നും നടി പറയുന്നു. കഥാപാത്രം മാത്രമല്ല, സിനിമയുടെ അണിയറപ്രവർത്തകരും പ്രൊഡക്ഷൻ സാഹചര്യങ്ങളുമെല്ലാം തീരുമാനങ്ങളെ സ്വാധീനിക്കാറുണ്ടെന്നും സോന നായർ വ്യക്തമാക്കി.
‘ഞാൻ ചെയ്തതിൽ എനിക്ക് ഇഷ്ടപ്പെട്ട ഒരുപാട് സിനിമകളുണ്ട്. ‘നരൻ’ സിനിമയിലെ കഥാപാത്രം എനിക്ക് ഇഷ്ടമാണ്. ‘കസ്തൂരിമാനി’ലെ ആ ചേച്ചി കഥാപാത്രം, ‘അരയന്നങ്ങളുടെ വീട്’ സിനിമയിൽ മമ്മൂക്കയുടെ അനിയത്തിയായത്, ‘വെട്ട’ത്തിലെ ഓപ്പോൾ എന്ന കഥാപാത്രം അങ്ങനെയുള്ള ചില കഥാപാത്രങ്ങളൊക്കെ എനിക്ക് ഇഷ്ടമാണ്. പിന്നെ ചെയ്ത കഥാപാത്രങ്ങളാണെങ്കിലും എനിക്ക് ഒരുപാട് നല്ല കഥാപാത്രങ്ങൾ കിട്ടിയിട്ടുണ്ട്,’ സോനാ നായർ പറഞ്ഞു.
എന്നാൽ സിനിമകളുടെ എണ്ണം കൂട്ടുന്നതിനേക്കാൾ തനിക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും സോന നായർ പറയുന്നു.
‘ഒരുപാട് അവസരങ്ങൾ വരാറുണ്ടെങ്കിലും മനസിന് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ മാത്രമാണ് സ്വീകരിക്കുന്നത്. അതിനൊപ്പം സിനിമയുടെ അണിയറപ്രവർത്തകരോടും പ്രൊഡക്ഷനോടും തനിക്ക് യോജിക്കാൻ കഴിയണം. കഥാപാത്രം ഇഷ്ടപ്പെട്ടതുകൊണ്ട് മാത്രം ഒരു സിനിമ ഏറ്റെടുക്കുന്ന രീതിയല്ല തന്റേത്,’ നടി വ്യക്തമാക്കി.
ഒരു കഥാപാത്രം ഏറ്റെടുക്കുന്നതിന് മുമ്പ് അത് തനിക്ക് പൂർണമായി ചെയ്യാൻ കഴിയുമോ എന്ന് ഉറപ്പുവരുത്താറുണ്ടെന്നും സോന നായർ പറയുന്നു. സംവിധായകന്റെ പരീക്ഷണത്തിനുള്ള ഒരാളായി സിനിമയിലെത്താൻ താത്പര്യമില്ലെന്നും അതിന് പിന്നിൽ വ്യക്തമായ കാരണമുണ്ടെന്നും നടി വിശദീകരിച്ചു.
‘എനിക്ക് തോന്നണം, കംപ്ലീറ്റ്ലി എനിക്ക് ചെയ്യാൻ പറ്റും എന്ന് തോന്നിയിട്ടുള്ള കഥാപാത്രങ്ങൾക്ക് മാത്രമേ ഞാൻ ഇന്നുവരെ കമ്മിറ്റ് ചെയ്തിട്ടുള്ളൂ. അല്ലാതെ സംവിധായകരുടെ ഒരു പരീക്ഷണവസ്തുവായിട്ടോ, ‘നമുക്ക് അവിടെ പോയിട്ട് പരീക്ഷിച്ചു കളയാം’ എന്ന രീതിയിലോ ഞാൻ പോയിട്ടില്ല. കാരണം, വേറൊരാളുടെ പൈസയിൽ നമുക്ക് പരീക്ഷണം നടത്താനുള്ള ഒരിടമല്ല സിനിമ,’ സോനാ നായർ പറഞ്ഞു.
കഥാപാത്രം തനിക്ക് ചേരുന്നതാണോ എന്ന കാര്യത്തിലും ശ്രദ്ധിക്കാറുണ്ട്. സ്വന്തം ശരീരഘടനയ്ക്കും അഭിനയശേഷിക്കും അനുയോജ്യമല്ലാത്ത വേഷങ്ങൾ ഏറ്റെടുക്കാൻ കഴിയില്ലെന്നും നടി വ്യക്തമാക്കി.
സോന നായർ. Photo. Screen Grab/ Youtube
‘നമ്മുടെ ശരീരഘടനയോട് ചേരാത്തതാണെങ്കിൽ നമുക്ക് വരുന്ന വർക്കുകളെല്ലാം ഏറ്റെടുക്കാൻ പറ്റില്ല. നമുക്ക് അഭിനയിക്കാൻ പറ്റുന്നതാണോ, ഇത് ഓക്കെയാണോ, ഈ കഥാപാത്രം എന്നിൽ എങ്ങനെയായിരിക്കും നിൽക്കുക, എനിക്ക് അത് ചെയ്യാൻ പറ്റുമോ എന്നൊക്കെ നമ്മൾ ചിന്തിക്കണം,’ സോന നായർ പറഞ്ഞു.
Content Highlight: Actress Sona Nair states that she does not follow the practice of accepting every opportunity that comes her way in cinema