| Wednesday, 10th December 2025, 4:37 pm

മലയാള സിനിമയിൽ കൃത്യമായ ഒരു പേയ്‌മെന്റ് സ്‌ട്രെക്ചര്‍ ഇല്ല: ശ്രുതി രാമചന്ദ്രൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ ചുരുങ്ങിയ കഥാപാത്രങ്ങളാൽ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശ്രുതി രാമചന്ദ്രൻ. ‘ഞാൻ’ എന്ന സിനിമയിലൂടെയാണ് ശ്രുതി മലയാള ചലച്ചിത്ര രംഗത്തെത്തിയത്.

സൺഡേ ഹോളിഡേ, നോൺസെൻസ്, കാണെക്കാണെ, മധുരം, നീരജ എന്നിവയാണ് ശ്രുതിയുടെ പ്രധാന സിനിമകൾ. പ്രേതം എന്ന സിനിമയിലൂടെയാണ് ശ്രുതി പ്രേക്ഷകർക്കിടയിൽ കൂടുതൽ സുപരിചിതയായത്. മലയാളത്തിനോടൊപ്പം തെലുങ്ക്,തമിഴ്, കന്നഡ എന്നീ ഭാഷകളിലും ശ്രുതി തിളങ്ങി നിൽക്കുന്നു.

മലയാളം സിനിമയ്ക്ക് കൃത്യമായ ഒരു പേയ്‌മെന്റ് സ്‌ട്രെക്ചര്‍ ഇല്ല എന്നാണ് താരത്തിന്റെ അഭിപ്രായം. ഇതിനെതിരെ എന്തെങ്കിലും നടപടി വേണം എന്നും താരം ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഞാൻ ഒരു ആർക്കിടെക്റ്റ് ഫീൽഡിൽ നിന്നും സിനിമ ഫീൽഡിലേക്ക് വന്ന ഒരു വ്യക്തിയാണ്. അതിനാൽ തന്നെ ഇങ്ങനെ ഒരു സിനിമ ഫീൽഡിലേയ്ക്ക് വരുമ്പോൾ എനിക്കനുഭവപ്പെട്ട ഒരു കാര്യമാണ് സിനിമയ്ക്ക് കൃത്യമായ ഒരു സ്‌ട്രെക്ചര്‍ ഇല്ല എന്നുള്ളത്. എന്റെ ഒരു കാഴ്ച്ചപ്പാടിൽ സിനിമയ്ക്ക് കൃത്യമായ സ്‌ട്രെക്ചര്‍ വേണം,’ ശ്രുതി രാമചന്ദ്രൻ പറഞ്ഞു.

ശ്രുതി രാമചന്ദ്രൻ, photo: Shruthi Ramachandran /Facebook

സിനിമ കുറച്ചുകൂടി ക്ലിയർ ആവണം. എല്ലാ കാര്യങ്ങളിലും ഒരു ക്ലാരിറ്റി വേണം. എന്നാൽ സിനിമ മേഖലയിൽ അങ്ങനെ അല്ലെന്നും ഒരുപാട് ക്രിയേറ്റിവ് ചിന്തകൾ ഉള്ള മേഖല ആയതുകൊണ്ടായിരിക്കാം ഇങ്ങനെ എന്നും ശ്രുതി പറഞ്ഞു.

കൃത്യമായ സ്‌ട്രെക്ചര്‍ ഉള്ള ചില പ്രൊഡക്ഷൻ ഹൗസുകൾ ഉണ്ടെന്നും എങ്കിലും താരതമ്യേന കുറവാണ് എന്നും താരം അഭിപ്രായപ്പെട്ടു. ഒരു നടി എന്ന നിലയിൽ തനിക്ക് അങ്ങനെയുള്ള പ്രൊഡക്ഷൻ ഹൗസുകളുടെ സിനിമയുടെ ഭാഗമാവാൻ ആണ് ഇഷ്ടമെന്നും ശ്രുതി കൂട്ടിച്ചേർത്തു.

തനിക്ക് കിട്ടേണ്ട വേതനത്തിന്റെ കാര്യത്തിൽ ആയാലും അത്തരം ഒരു സ്‌ട്രെക്ചര്‍ ഇല്ലാത്തത് വളരെ ബുദ്ധിമുട്ടാണെന്നും ശ്രുതി പറഞ്ഞു. ഇതിനെതിരെ എന്തെങ്കിലും ഒരു റൂൾ ബുക്ക് എങ്കിലും ഉണ്ടാക്കണം എന്നാണ് താരത്തിന്റെ അഭിപ്രായം.

ശ്രുതി രാമചന്ദ്രൻ Photo: Screen Grab/ Ginger Media Entertainment

ഒരു പുതുമുഖമാണെങ്കിൽ ഇത്ര വേതനം, ഒരു സീനിയർ ആക്ടർ ആണെങ്കിൽ ഇത്ര വേതനം എന്നിങ്ങനെ കൃത്യമായ രീതിയിൽ അർഹിക്കുന്ന വേതനം ഒരോ കലാകാരന്മാർക്കും കിട്ടണം എന്നും ശ്രുതി അഭിപ്രായപ്പെട്ടു.

ചില സമയങ്ങളിൽ തനിക്ക് കിട്ടേണ്ട വേതനത്തേക്കാൾ കുറഞ്ഞു വരുന്ന പ്രോജക്ടുകൾ പലപ്പോഴായി ഒഴിവാക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാവാറുണ്ടെന്നും ശ്രുതി പറഞ്ഞു. ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി സിനിമയാണെങ്കിൽ അത് ചെയ്യണം എന്നുള്ള അതിയായ ആഗ്രഹം ഉണ്ടെങ്കിൽ മറ്റുകാര്യങ്ങൾ ഒന്നും നോക്കാതെ ആ സിനിമയുടെ ഭാഗമാവാൻ ശ്രമിക്കാറുണ്ടെന്നും ശ്രുതി പറഞ്ഞു.

Content Highlight: Actress Shruti Ramachandran talk about payment system of Malayalam Movie

We use cookies to give you the best possible experience. Learn more