2009ല്‍ പുറത്തിറങ്ങിയ കേരള കഫേ എന്ന ആന്തോളജിയിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് ശിവദ. 2011ല്‍ ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗദര്‍ എന്ന ചിത്രത്തിലെ നായികയായുള്ള പ്രകടനമാണ് താരത്തെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയയാക്കുന്നത്. പിന്നീട് തമിഴിലും സജീവമായ താരത്തിന്റെ നെടുഞ്ചാലൈ എന്ന ചിത്രത്തിലെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇടി, ശിക്കാരി ശംഭു, 2018, പേട്രിയറ്റ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ താരം പ്രധാനവേഷത്തിലെത്തിയിരുന്നു.
സൂപ്പര്‍ താരം മോഹന്‍ലാലിനൊപ്പം ശിവദയും പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു 2022ല്‍ പുറത്തിറങ്ങിയ 12ത് മാന്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ നയന എന്ന കഥാപാത്രമായിട്ടായിരുന്നു താരം വേഷമിട്ടത്. താരത്തോടൊപ്പം ചെറിയ റോളുകളെങ്കിലും ലൂസിഫര്‍, എമ്പുരാന്‍, തുടങ്ങിയ ചിത്രങ്ങളിലും ശിവദ വേഷമിട്ടിരുന്നു.
ശിവദ. Photo: IMDB
അടുത്തിടെ ആനീസ് കിച്ചണ് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മോഹന്‍ലാലിനെ കുറിച്ച് ശിവദ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തമിഴ് സിനിമയിലെ പല ഹീറോകളില്‍ നിന്നും വ്യത്യസ്തമായി ഫിലിം സെറ്റുകളില്‍ കൃത്യനിഷ്ഠത പാലിക്കുന്ന ആളാണ് മോഹന്‍ലാലെന്ന് പറയുകയാണ് താരം.
‘ലാലേട്ടനില്‍ നിന്നും പഠിക്കേണ്ട ഒരു ക്വാളിറ്റി അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയാണ്. ചില ദിവസങ്ങളില്‍ രാത്രിയും കഴിഞ്ഞ് വെളുപ്പിന് വരെ ഷൂട്ടുണ്ടാകും നമ്മള്‍ പോയി കിടക്കുന്നത് അത്രയും വൈകിയിട്ടാകും. പിറ്റേദിവസം കാലത്ത് ആറ് മണിക്ക് ഷൂട്ട് തുടങ്ങുമെന്ന് പറഞ്ഞാല്‍ ലാലേട്ടന്‍ എല്ലാ ഒരുക്കങ്ങളും കഴിഞ്ഞ് ഡ്രെസ് മാറി അവിടെ ഇരിക്കുന്നുണ്ടാകും. തമിഴില്‍ ഞാന്‍ കണ്ടത് ഇങ്ങനെയല്ല. ഓള്‍ഡ് ജനറേഷനിലുള്ളവരെ കുറിച്ചല്ല ഇപ്പോഴുള്ള ഹീറോസിനെ കുറിച്ചാണ് പറയുന്നത്.
12ത് മാന്‍. Photo: Jio Hotstar
നമ്മളെല്ലാവരും റെഡിയായി അവിടെ ഇരിക്കുന്നുണ്ടാവും പക്ഷേ ഹീറോ വരാന്‍ ലേറ്റാവും. പക്ഷേ ഇത് അങ്ങനെയല്ല. സെറ്റിലെത്തുന്ന ആദ്യത്തെ ആളായിരിക്കും ലാലേട്ടന്‍. ആറ് എന്ന് സമയം പറഞ്ഞാല്‍ അഞ്ച് അമ്പതിന് അദ്ദേഹം അവിടെ എത്തിയിട്ടുണ്ടാകും. അന്ന് ഷൂട്ടിന്റെ സമയത്ത് എന്റെ കുഞ്ഞ് വളരെ ചെറുതായിരുന്നു. അവളെന്നെ ഉറക്കില്ല. ഷൂട്ട് കഴിഞ്ഞ് ചെല്ലുന്ന സമയമെന്ന് പറഞ്ഞാല്‍ അവള്‍ എഴുന്നേല്‍ക്കുന്ന സമയമാണ്. അമ്മ കുറച്ച് നേരം ഉറങ്ങിക്കോട്ടെ എന്ന് വിചാരിച്ച് അവളെയും കൊണ്ട് ഞാന്‍ നടക്കാന്‍ പോവും.
അങ്ങനെ പോയപ്പോള്‍ ഷൂട്ടിങ്ങ് കഴിഞ്ഞ് വന്ന ലാലേട്ടന്‍ മറ്റേതോ ഒരു സിനിമയ്ക്ക് വേണ്ടി ബോക്‌സിങ് പ്രാക്ടീസ് ചെയ്യുന്നതാണ് കണ്ടത്. അതൊക്കെ കാണുമ്പോള്‍ ഇദ്ദേഹത്തിന് ഉറക്കവും ഇല്ലേ എന്നാണ് ഞാന്‍ ആലോചിക്കാറുള്ളത്. അത്രയും ഡെഡിക്കേറ്റഡ് ആണ് അദ്ദേഹം,’ ശിവദ പറഞ്ഞു.
Content Highlight: Actress Shivadha talks about punctuality of Mohanlal\