| Thursday, 8th October 2026, 4:47 pm

പണ്ടത്തെ സിനിമകൾ പോലെയല്ല ഇപ്പോൾ, പുതിയ സിനിമകളുടെ പ്രത്യേകത അതാണ്: ഷീല

അജ്മല്‍ കെ

മലയാള സിനിമയുടെ സുവർണ്ണകാലഘട്ടത്തെ തന്റെ അഭിനയമികവ് കൊണ്ട് അടയാളപ്പെടുത്തിയ എക്കാലത്തെയും പ്രിയപ്പെട്ട നായികയാണ് ഷീല. നാല് പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര ജീവിതത്തിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ അവർ, പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചതിന്റെ ഗിന്നസ് റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ വർഷങ്ങളായി തമിഴ്‌നാട്ടിൽ താമസിക്കുന്നതിനാൽ നടൻ വിജയ് രാഷ്ട്രീയത്തിലിറങ്ങിയ ശേഷമുള്ള മാറ്റങ്ങൾ നേരിട്ട് അനുഭവിക്കാൻ സാധിക്കുന്നുണ്ടെന്ന് പറയുകയാണ് നടി ഷീല. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതിൽ ഏറെ സന്തോഷമുണ്ടെന്നും, അദ്ദേഹത്തെ വിശ്വസിക്കുന്നുവെന്നും ഷീല നാന സിനിമ വാരികക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഷീല. Photo. Screen Grab/ Youtube

‘ഞാൻ വർഷങ്ങളായി തമിഴ്‌നാട്ടിലാണല്ലോ താമസിക്കുന്നത്. അതുകൊണ്ട് വിജയ് വന്നതിനു ശേഷമുള്ള മാറ്റങ്ങളും ഗുണങ്ങളും നേരിട്ട് അനുഭവിക്കാൻ സാധിക്കുന്നുണ്ട്. എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായ പോലെയൊരു സന്തോഷമാണ് എനിക്കുള്ളത്. ഞാൻ അദ്ദേഹത്തെ വിശ്വസിക്കുകയും അദ്ദേഹത്തിന്റെ നേട്ടത്തിൽ അഭിമാനിക്കുകയും ചെയ്യുന്നു. അദ്ദേഹം ഈ പദവിയിൽ എത്തണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എല്ലാവരെയും പോലെ വലിയ സ്നേഹമുണ്ട്. പക്ഷേ ഇതുവരെ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല,’ ഷീല പറഞ്ഞു.

അതേസമയം, പഴയകാല സിനിമയിലെ സഹപ്രവർത്തകരെക്കുറിച്ചുള്ള ഓർമകളും ഷീല പങ്കുവെച്ചു. തനിക്കൊപ്പം അഭിനയിച്ചിരുന്ന നിരവധി പേർ ഇന്ന് ജീവിച്ചിരിപ്പില്ലെന്നും, ശാരദ, ജയഭാരതി, കെ.ആർ. വിജയ തുടങ്ങിയവർ ഇപ്പോഴും തമിഴ്‌നാട്ടിലുണ്ടെങ്കിലും നേരിട്ട് കാണാറില്ലെന്നും ഷീല വ്യക്തമാക്കി.

‘എന്നോടൊപ്പം അഭിനയിച്ച ഒട്ടേറെപ്പേർ ഇന്ന് ജീവിച്ചിരിപ്പില്ല. ശാരദ, ജയഭാരതി, കെ.ആർ. വിജയ എന്നിവരൊക്കെ ഇവിടെ തമിഴ്‌നാട്ടിലുണ്ട്. പക്ഷേ ഞങ്ങൾ നേരിട്ട് കാണാറില്ല. ഇപ്പോൾ എവിടെയാണെന്നുപോലും കൃത്യമായി അറിയില്ല,’ ഷീല പറഞ്ഞു.

പുതിയകാല സിനിമകളിലെ പ്രധാന മാറ്റമായി തോന്നുന്നത് കഥ പറയുന്ന രീതിയിലാണെന്നും നടി പറഞ്ഞു. പണ്ട് വലിയൊരു കഥാപശ്ചാത്തലമുള്ള സിനിമകളായിരുന്നു കൂടുതലെന്നും, ഇന്ന് ചെറിയൊരു ത്രെഡ് മാത്രം ഉപയോഗിച്ച് അതിനെ വികസിപ്പിച്ച് മികച്ച സിനിമയാക്കാൻ അണിയറപ്രവർത്തകർക്ക് സാധിക്കുന്നുണ്ടെന്നും ഷീല പറഞ്ഞു.

ഷീല. Photo. Facebook.com/ Screen Grab/ Youtube

‘പണ്ടൊക്കെ വലിയൊരു കഥാപശ്ചാത്തലമുള്ള സിനിമകളായിരുന്നു. അത് വികസിപ്പിക്കാൻ എളുപ്പമായിരുന്നു. ഇന്ന് ചെറിയൊരു ത്രെഡ് മാത്രമേ ഉണ്ടാകൂ. പക്ഷേ അത് വളരെ സമർത്ഥമായി വികസിപ്പിച്ച് മികച്ച സിനിമയാക്കി മാറ്റാൻ ഇന്നത്തെ അണിയറപ്രവർത്തകർക്ക് സാധിക്കുന്നുണ്ട്. ഒരുപാട് നല്ല സിനിമകൾ ഇപ്പോൾ ഇറങ്ങുന്നുണ്ട്. ഞാൻ അവസാനമായി കണ്ട മലയാള ചിത്രം ‘ബാലൻ’ ആണ്,’ ഷീല പറഞ്ഞു.

Content Highlight: Actress sheela Talks About C.M vijay

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more