| Sunday, 18th January 2026, 8:39 pm

തരിമ്പുപോലും മലയാളം അറിയാതെ അഭിനയിക്കാനെത്തി; ഈ അവാര്‍ഡ് മലയാളികളുടെ ആശീര്‍വാദം: ശാരദ

ഐറിന്‍ മരിയ ആന്റണി

കഴിഞ്ഞ ദിവസം മലയാള ചലചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനക്കുള്ള ജെ.സി ഡാനിയോല്‍ പുരസ്‌കാരം ശാരദയെ തേടിയെത്തിയിരുന്നു. അഭിനേത്രിയെന്ന നിലയില്‍ സിനിമാ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശാരദ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡുകള്‍ മൂന്ന് വട്ടം നേടിയിരുന്നു.

ആറുപതിറ്റാണ്ട് കാലം ചലച്ചിത്ര രംഗത്ത് തിളങ്ങിയ ശാരദ ജെ.സി ഡാനിയേല്‍ പുരസ്‌കാര നേടിയതില്‍ സന്തോഷം പങ്കുവെക്കുകയാണ്. ഇതിനെ അവാര്‍ഡിനെക്കാള്‍ മലയാളികളുടെ ആശീര്‍വാദമായാണ് കണക്കാക്കുന്നതെന്ന് ശാരദ പറയുന്നു. മലാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു നടി.

‘ഒരുപാട് ആളുകള്‍ ചേര്‍ന്ന് തീരുമാനിച്ചു നല്‍കുന്നതാണ്. എല്ലാം ഭാഗ്യം. ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം 3 തവണ നേടാനായത് പോലെ ഏറ്റവും അഭിമാനവും സന്തോഷവും തോന്നിയ നിമിഷമാണ് ഇതും. ഒരുപാടുപേര്‍ വിളിച്ചു സന്തോഷം അറിയിച്ചു. പുരസ്‌കാരം വൈകി എന്ന തോന്നലൊന്നും എനിക്കില്ല. സമയം വരുമ്പോള്‍ എല്ലാം തേടിവരുമെന്ന് വിശ്വസിക്കാനിഷ്ടം.

തരിമ്പുപോലും മലയാളം അറിയാതെ അഭിനയിക്കാനെത്തിയ ആളാണ് ഞാന്‍. മലയാളത്തിലെത്തും മുമ്പ് മറ്റു ഭാഷകളിലെ സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിരുന്നതിനാല്‍ ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കാന്‍ പേടിയുണ്ടായിരുന്നില്ല.

ഭാഷ ആയിരുന്നു പേടിയെന്നും മലയാളം തീരെ വഴങ്ങാതിരുന്ന താന്‍ ഡയലോഗുകളെല്ലാം തെലുങ്കിലെഴുതിയാണ് പഠിച്ചതും പറഞ്ഞതെന്നും നടി പറഞ്ഞു. കുഞ്ചാക്കോയുടെ അസിസ്റ്റന്റായിരുന്ന ശാരംഗപാണിയാണ് മലയാളം പഠിപ്പിച്ചതെന്നും പിന്നീട് പതിയെ പതിയെ മലയാള ഭാഷ തന്നെയും താന്‍ മലയാളത്തെയും ചേര്‍ത്തു പിടിക്കുകയായിരുന്നുവെന്നും ശാരദ കൂട്ടിച്ചേര്‍ത്തു. ചുറ്റുമുണ്ടായിരുന്നവര്‍ നല്‍കിയ സഹായവും പിന്തുണയും കൊണ്ടു മാത്രമാണ് ഞാന്‍ ഇപ്പോഴത്തെ ശാരദയായതെന്നും നടി പറഞ്ഞു.

മുട്ടത്തു വര്‍ക്കിയുടെ തിരക്കഥയില്‍ കുഞ്ചാക്കോ സംവിധാനം ചെയ്ത് 1965ല്‍ പുറത്തിറങ്ങിയ ഇണപ്രാവുകള്‍ എന്ന ചിത്രത്തിലൂടെയാണ് അവര്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഉദ്യോഗസ്ഥ, ഇരുട്ടിന്റെ ആത്മാവ്, യക്ഷി, അടിമകള്‍, അസുരവിത്ത്, കൂട്ടുകുടുംബം, നദി, ഏണിപ്പടികള്‍ , എലിപ്പതായം, തുടങ്ങി 125-ലധികം മലയാള സിനിമകളില്‍ അഭിനയിച്ചു.

Content Highlight: Actress Sharada shares her happiness after receiving the J.C. Daniel Award

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more