| Saturday, 11th July 2026, 11:29 am

'ഇത് കല്യാണി പ്രിയദര്‍ശന്‍ അല്ലല്ലോ', ഇവളെ എന്തിനാ കാസ്റ്റ് ചെയ്തത് എന്ന് ആദ്യം കമന്റുവന്നു; പിന്നീടത് പോസിറ്റീവായി: സാനിയ

ആര്യ.പി

സോഷ്യല്‍മീഡിയയില്‍ വീണ്ടും ട്രെന്‍ഡ് ആവുകയാണ് ഇന്‍സ്റ്റഗ്രാം റീലുകളില്‍ തരംഗം സൃഷ്ടിച്ച ഇന്‍ഡി പോപ് ഗാനം ‘കല്യാണി’ യുടെ പുതിയ വേര്‍ഷന്‍.

ഗായിക ശ്രേയ ഘോഷാലിന്റെ സാന്നിധ്യവും നടി സാനിയ ഇയ്യപ്പന്റെ ഗംഭീര പ്രകടനവുമാണ് വീഡിയോയുടെ പ്രധാന ആകര്‍ഷണം. യൂണിവേഴ്സല്‍ മ്യൂസിക് ഇന്ത്യയുടെ ബാനറിലെത്തിയ ഗാനത്തിന്റെ പുതിയ മ്യൂസിക് വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ റെക്കോര്‍ഡ് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്.

യഥാര്‍ത്ഥ പതിപ്പ് പാടിയ അര്‍ജന്‍, കെ.ഡി.എസ്, ഫിഫ്റ്റി 4, റോണ്‍ എന്നിവര്‍ക്കൊപ്പം ശ്രേയയും ചേര്‍ന്നപ്പോള്‍ ഗാനം മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നു. മനോഹരമായ ദൃശ്യഭംഗിയോടെ ഒരുക്കിയിരിക്കുന്ന വീഡിയോയുടെ പ്രധാന ഹൈലൈറ്റ് നടി സാനിയ ഇയ്യപ്പന്റെ ഡാന്‍സും സ്‌ക്രീന്‍ പ്രസന്‍സും തന്നെയായിരുന്നു. കല്യാണിയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സാനിയ.

കല്യാണി ഗാനരംഗത്തില്‍ സാനിയ ഇയ്യപ്പന്‍ photo: MONEY VERSE RECORDS and ARJN/SCREENGRAB

കല്യാണിയെന്ന പാട്ട് കേട്ടപ്പോള്‍ പലരും കല്യാണി പ്രിയദര്‍ശനെ പ്രതീക്ഷെന്നും സാനിയ എങ്ങനെയാണ് കല്യാണിയുടെ ഭാഗമാകുന്നതെന്ന ചോദ്യത്തിനും മറുപടി പറുകയാണ് താരം.

‘ സത്യം പറഞ്ഞാല്‍ എന്തുകൊണ്ടാണ് കല്യാണി പ്രിയദര്‍ശനെ കൊണ്ടുവരാതിരുന്നത് എന്നോ അവരെ വിചാരിച്ചിരുന്നോ എന്നൊന്നും ഞാന്‍ ചോദിച്ചിട്ടില്ല. എനിക്ക് അങ്ങനെ ഒരു ആലോചന വന്നിട്ടേയില്ല. ഞാന്‍ ആക്ച്വലി ‘കല്യാണി’ എന്ന് പറഞ്ഞ സോങ്ങിന്റെ ഒരു ഡൈഹാര്‍ഡ് ഫാന്‍ ആയിരുന്നു.

ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ അതില്‍ നമ്മളെത്തന്നെ ഇമാജിന്‍ ചെയ്യുമല്ലോ, എനിക്ക് അങ്ങനെ ഒരു സോങ്ങ് ആയിരുന്നു ഇത്.

കല്യാണി ഗാനരംഗത്തില്‍ സാനിയ ഇയ്യപ്പന്‍ photo: MONEY VERSE RECORDS and ARJN/SCREENGRAB

അര്‍ജുനുമായി ഒരിക്കല്‍ സംസാരിച്ചപ്പോള്‍ ‘യു ആര്‍ ഓണ്‍ ബോര്‍ഡ്’ എന്ന് പറഞ്ഞു. ഇത് തീരുമാനിക്കുന്നത് ജനുവരിയിലാണ്. ആ സമയത്ത് ശ്രേയ ഘോഷാല്‍ ഉണ്ടെന്ന് തീരുമാനിച്ചിട്ടില്ലായിരുന്നു. പഴയ കല്യാണി പാട്ടിന് ഒരു മ്യൂസിക് വീഡിയോ ചെയ്യുന്നു എന്ന് മാത്രമായിരുന്നു.

ഫെബ്രുവരിയില്‍ ഷൂട്ടിങ് പ്ലാന്‍ ചെയ്‌തെങ്കിലും കുറച്ച് ഇന്‍ഹൗസ് പ്രശ്‌നങ്ങള്‍ കാരണം അത് നടന്നില്ല. അപ്പോള്‍ എനിക്ക് ഹോപ്പ് നഷ്ടപ്പെട്ടു, ഇനി വേറെ ആരെയെങ്കിലും വെച്ച് ചെയ്യാനായിരിക്കും എന്ന് കരുതി.

ഇടയ്ക്ക് ഞാന്‍ അര്‍ജുന് മെസ്സേജ് അയച്ച് ചോദിക്കുമായിരുന്നു, എന്തായി എന്ന്. അത് എന്റെ ഒരു പേഴ്‌സണല്‍ ആവശ്യം പോലെയായി. പിന്നീട് അവര്‍ പാടുന്ന ഒരു വീഡിയോ ഇറക്കിയിരുന്നല്ലോ സംതിങ് ബിഗ് ഈസ് കമിങ് എന്ന് പറഞ്ഞ്. വീഡിയോ വന്നപ്പോള്‍ ഫ്രണ്ട്‌സ് ഒക്കെ പറഞ്ഞു ‘നിന്നെ ഇതില്‍ കാണുന്നില്ലല്ലോ’ എന്ന്, അപ്പോള്‍ എനിക്ക് കുറച്ച് വിഷമമായി.

കല്യാണി ഗാനരംഗത്തില്‍ സാനിയ ഇയ്യപ്പന്‍ photo: MONEY VERSE RECORDS and ARJN/SCREENGRAB

പിന്നീട് മെയ് മാസം ഒക്കെ ആയപ്പോഴാണ് അര്‍ജുന്‍ മെസ്സേജ് അയക്കുന്നത്, ശ്രേയ ഘോഷാല്‍ മാമിനെ വെച്ചുള്ള ഒരു പോര്‍ഷന്‍ കൂടി ഇതില്‍ വരുന്നുണ്ടെന്ന് പറഞ്ഞിട്ട്. അപ്പോള്‍ എനിക്ക് മനസ്സിലായി ഇതൊരു നോര്‍മല്‍ സോങ്ങ് അല്ലെന്ന്. കാത്തിരുന്നത് വെറുതെയായില്ലെന്ന് തോന്നി.

നേരത്തെ ഉള്ള പാട്ടായിരുന്നെങ്കില്‍ എനിക്ക് ഇത്രയും ഇമ്പോര്‍ട്ടന്‍സ് കിട്ടുമായിരുന്നില്ല. ഫീമെയില്‍ പോര്‍ഷന്‍ വന്നപ്പോള്‍ എനിക്ക് ഡാന്‍സ് ചെയ്യാനും അത് കുറച്ചുകൂടി ഫീമെയില്‍ ഓറിയന്റഡ് ആകാനും സാധിച്ചു.

വീഡിയോ അനൗണ്‍സ് ചെയ്തപ്പോള്‍ ‘ഈ കുട്ടിയെ എന്തിനാ കാസ്റ്റ് ചെയ്തത്’ എന്നും ‘ഇത് കല്യാണി (പ്രിയദര്‍ശന്‍) അല്ലല്ലോ’ എന്നൊക്കെ ചോദിച്ച് ആദ്യം കുറെ നെഗറ്റീവ് കമന്റ്‌സ് വന്നിരുന്നു.

അത് എനിക്ക് വലിയ സ്‌ട്രെസ്സ് ആയിരുന്നു. പക്ഷേ പിറ്റേദിവസം ആയപ്പോഴേക്കും സാനിയക്ക് ഇത് ചെയ്യാന്‍ പറ്റും എന്ന രീതിയില്‍ ഒരുപാട് പോസിറ്റീവ് കമന്റ്‌സ് വരാന്‍ തുടങ്ങി. ഈയൊരു ഫീലിങ് കുറേ നാളുകള്‍ക്ക് ശേഷമാണ്. മാക്‌സിമം ഞാനത് എന്‍ജോയ് ചെയ്യുകയാണ്.

നമ്മള്‍ എന്തുചെയ്താലും തെറ്റാണ് എന്ന രീതിയില്‍ കമന്റ് വരുന്നതുകൊണ്ട് ഇനി ഇതില്‍ ഞാനായതുകൊണ്ട് പാട്ടിന് എന്തെങ്കിലും നെഗറ്റീവ് വരുമോ എന്ന് പേടിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ആള്‍ക്കാര്‍ തന്ന ആ സ്‌ട്രെസ്സ് അവര്‍ തന്നെ മാറ്റുകയും എന്നെ ആക്‌സെപ്റ്റ് ചെയ്യുകയും ചെയ്തു’, സാനിയ പറഞ്ഞു.

കല്യാണി ഗാനരംഗത്തില്‍ സാനിയ ഇയ്യപ്പന്‍ photo: MONEY VERSE RECORDS and ARJN/SCREENGRAB

‘ഇത്രയും സുന്ദരിയായി സാനിയയെ ഇതിന് മുന്‍പ് കണ്ടിട്ടില്ല’ എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകര്‍ കുറിക്കുന്നത്. ശ്രേയ ഘോഷാലിന്റെ ശബ്ദത്തെയും ആരാധകര്‍ പുകഴ്ത്തുന്നുണ്ട്.

2025 നവംബറിലാണ് ‘കല്യാണി’യുടെ ആദ്യ രൂപം യൂട്യൂബില്‍ റിലീസ് ചെയ്തത്. മലയാളം ഇന്‍ഡി മ്യൂസിക് രംഗത്ത് വലിയൊരു വിപ്ലവം സൃഷ്ടിച്ച ഈ ഹിപ്പ് ഹോപ്പ് റാപ്പ് ഗാനം 5 കോടിയിലധികം കാഴ്ചക്കാരെയാണ് യൂട്യൂബില്‍ മാത്രം നേടിയത്.

ഇന്‍സ്റ്റഗ്രാം റീലുകളില്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് ഈ ഗാനത്തിന് ചുവടുവെച്ചത്. സുഹാസ് മൊയ്തീന്‍, റാപ്പര്‍ ഫിഫ്റ്റി 4, റോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന്റെ വരികള്‍ ഒരുക്കിയത്.

Content Highlight: Actress Saniya Iyyappan about Kalyani Song and the commets she got

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more