| Sunday, 1st November 2026, 5:00 pm

‘വിജയ് എന്റെ ലക്കി ചാം മൂന്ന് സൂപ്പർഹിറ്റുകൾ തന്നത് അദ്ദേഹം; സിനിമ ഉപേക്ഷിച്ച് നേതാവാകുക അത്ര എളുപ്പമല്ല; സാമന്ത

അജ്മല്‍ കെ

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ വിജയ് ആണെന്നും മൂന്ന് സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച അദ്ദേഹം തന്റെ ലക്കി ചാം ആണെന്നും നടി സാമന്ത. സിനിമയിലെ സൂപ്പർതാരമെന്ന നിലയിൽനിന്ന് രാഷ്ട്രീയ നേതാവിലേക്കുള്ള വിജയിയുടെ മാറ്റത്തെക്കുറിച്ചും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ പ്രത്യേകതകളെക്കുറിച്ചും സംസാരിക്കുകയായിരുന്നു താരം. സാമന്ത ജഡ്ജ് ആയിട്ടുള്ള ‘സെലിബ്രൈറ്റി മാസ്റ്റർ ഷെഫ്’ എന്ന പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ വിജയ് സാറാണ്. അദ്ദേഹം എനിക്ക് ലക്കി ചാം ആണ്. മൂന്ന് സൂപ്പർഹിറ്റ് സിനിമകളാണ് അദ്ദേഹം എനിക്ക് നൽകിയത്. അതിനപ്പുറം, അദ്ദേഹം എനിക്ക് വലിയൊരു പ്രചോദനമാണ്,’ സാമന്ത പറഞ്ഞു.

സാമന്ത. Photo. Screen Grab/ Youtube

നിരവധി ആരാധകരുടെയും വലിയ ജനപിന്തുണയുടെയും സ്നേഹം അനുഭവിക്കുന്ന ഒരു സൂപ്പർതാരം അതെല്ലാം മാറ്റിവെച്ച് ജനങ്ങളുടെ നേതാവാകാൻ തീരുമാനിക്കുന്നത് ചെറിയ കാര്യമല്ലെന്നും സാമന്ത ചൂണ്ടിക്കാട്ടി. സിനിമയെന്നത് ഒരു അഡിക്ഷനാണെന്നും അതിൽനിന്ന് മാറിനിൽക്കുക എന്നത് ഏറെ പ്രയാസമുള്ള കാര്യമാണെന്നും അവർ പറഞ്ഞു.

‘ഒരു സ്റ്റാർ എന്ന നിലയിൽ സിനിമയെന്നത് ഒരു അഡിക്ഷനാണ്. അങ്ങനെയൊരു അഡിക്ഷൻ ഉപേക്ഷിച്ച് മറ്റൊരു ഉത്തരവാദിത്തത്തിലേക്ക് കടക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതെല്ലാം വിട്ട് ഒരു നേതാവാകാനുള്ള വിജയിയുടെ തീരുമാനത്തിനാണ് എന്റെ കൈയടി. ഇപ്പോൾ നമുക്ക് അത്തരമൊരു നേതാവിനെയാണ് ആവശ്യം,’ എന്നും സാമന്ത കൂട്ടിച്ചേർത്തു.

വിജയിയുടെ മറ്റൊരു പ്രത്യേകതയെക്കുറിച്ചും സാമന്ത സംസാരിച്ചു. തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് വലിയ രീതിയിൽ സംസാരിക്കാതെ, നിശബ്ദമായി നിന്നുകൊണ്ട് അതിനായി പ്രവർത്തിക്കുന്നതാണ് വിജയിയുടെ ഒരു സവിശേഷതയെന്നും താരം പറഞ്ഞു.

‘തനിക്ക് എന്താണ് വേണ്ടതെന്ന് വിജയിക്ക് കൃത്യമായി അറിയാം. പക്ഷേ, അതിനെക്കുറിച്ച് അദ്ദേഹം പുറത്തുപറയില്ല. നിശബ്ദനായി ഇരുന്ന് നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കും. അതിനെക്കുറിച്ച് വലിയ രീതിയിൽ സംസാരിക്കുകയുമില്ല,’ സാമന്ത പറഞ്ഞു.

സാമന്ത. Photo. Facebook.com

നമ്മൾ എന്തെങ്കിലും ചെയ്യുമ്പോൾ അത് പത്തുപേരോടെങ്കിലും പറയണമെന്ന് തോന്നാറുണ്ട്. എന്നാൽ വിജയി അങ്ങനെയല്ല. വർഷങ്ങളോളം നിശബ്ദമായി തന്റെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയും ശരിയായ സമയത്തിനായി കാത്തിരിക്കുകയും ചെയ്തു. പിന്നണിയിൽ ഇത്രയും കഠിനാധ്വാനം ചെയ്ത് ലക്ഷ്യത്തിലെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് വലിയൊരു ഗുണമാണെന്നും സാമന്ത അഭിപ്രായപ്പെട്ടു.

Content Highlight: Actress Samantha stated that Vijay is her favorite actor and that he is her ‘lucky charm,’ having gifted her three superhit films.

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more