| Thursday, 29th October 2026, 2:19 pm

'പങ്കാളി നല്ല മനുഷ്യനായിരിക്കണം, പാചകം ചെയ്യാനും അറിയണം; വലിയ നിബന്ധനകളൊന്നുമില്ല: സായ് പല്ലവി

അജ്മല്‍ കെ

ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ പ്രൊജക്ടെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്ന ചിത്രമാണ് രാമായണ. 4000 കോടിയിലേറെ ഇൻവെസ്റ്റ് ചെയ്ത് രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തിൽ സീതയെ അവതരിപ്പിക്കുന്നത് നടി സായ് പല്ലവിയാണ്.

ഇപ്പോഴിതാ തന്റെ ജീവിതപങ്കാളിയിൽ താൻ ആഗ്രഹിക്കുന്ന ഗുണങ്ങളെക്കുറിച്ചും ‘രാമായണ’ത്തിൽ സീതയെ അവതരിപ്പിക്കാൻ അവസരം ലഭിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും മനസുതുറന്ന് സംസാരിക്കുകയാണ് നടി സായ് പല്ലവി. അമിതാഭ് ബച്ചൻ അവതാരകനായ ‘കോൻ ബനേഗാ ക്രോർപതി 18’ന്റെ ദീപാവലി പ്രത്യേക എപ്പിസോഡിൽ രൺബീർ കപൂറിനും രവി ദുബേയ്ക്കുമൊപ്പമാണ് സായ് പല്ലവി പങ്കെടുത്തത്.

രാമായണ. Photo. Screen Grab/ Youtube

ജീവിതപങ്കാളിയിൽ ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ച് അമിതാഭ് ബച്ചൻ ചോദിച്ചപ്പോൾ, ഒരാൾ നല്ല മനുഷ്യനായിരിക്കണം എന്നതാണ് തന്റെ പ്രധാന നിബന്ധനയെന്ന് സായ് പല്ലവി പറഞ്ഞു.

‘ അദ്ദേഹം ഒരു നല്ല മനുഷ്യനായിരിക്കണം. അമിതമായി സ്വാർത്ഥ താത്പര്യമുള്ള ഒരാളാകരുത്. സ്വന്തം പ്രവൃത്തികളെക്കുറിച്ച് ചിന്തിക്കാനും സ്വയം വിലയിരുത്താനും കഴിയുന്ന ആളായിരിക്കണം. ജീവിതത്തിൽ താൻ എവിടെയാണ് നിൽക്കുന്നതെന്ന കാര്യത്തിൽ വ്യക്തമായ ധാരണയുള്ള ഒരാളായിരിക്കണം അദ്ദേഹം.
തെറ്റുകൾ സംഭവിക്കാം. പക്ഷേ, അത് തിരുത്താനും തയ്യാറാകണം. സ്വന്തം തെറ്റുകൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന ആളാകരുത്. വലിയൊരു നിബന്ധനാ പട്ടികയൊന്നും എനിക്കില്ല. അദ്ദേഹം ഒരു നല്ല മനുഷ്യനായിരിക്കണം. ഒപ്പം പാചകം ചെയ്യാനും അറിയാമെങ്കിൽ അത് വളരെ നല്ലതാണ്,’ സായ് പല്ലവി പറഞ്ഞു.

അതേസമയം, ‘രാമായണ’ത്തിൽ സീതയുടെ വേഷം അവതരിപ്പിക്കാൻ അവസരം ലഭിച്ചപ്പോഴുള്ള തന്റെ ചിന്തകളും സായ് പല്ലവി പങ്കുവെച്ചു. സാധാരണയായി ഓരോ കഥാപാത്രവും ലഭിക്കുമ്പോൾ അതിന് തനിക്ക് എന്ത് നൽകാൻ കഴിയുമെന്നാണ് ചിന്തിക്കാറുള്ളത്. എന്നാൽ സീതയെപ്പോലൊരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, ആ വേഷത്തിലൂടെ തനിക്ക് എന്ത് പഠിക്കാനാകും എന്നായിരുന്നു ആദ്യമായി ചിന്തിച്ചതെന്ന് താരം വ്യക്തമാക്കി.

ഈ കഥാപാത്രത്തെ സമീപിക്കുമ്പോൾ അമിതമായി ചിന്തിക്കാതെ കാര്യങ്ങളെ വളരെ ലാഘവത്തോടെ മുന്നോട്ടുകൊണ്ടുപോകണമെന്നുമായിരുന്നു തന്റെ ആഗ്രഹം. സീതാദേവിയോട് പ്രാർത്ഥിച്ചുകൊണ്ടാണ് താൻ സിനിമയിൽ ഉടനീളം സഞ്ചരിച്ചതെന്നും സായ് പല്ലവി വ്യക്തമാക്കി.

രാമായണ. Photo. Screen Grab/ Youtube

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’ത്തിൽ രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായുമാണ് എത്തുന്നത്. ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. സണ്ണി ഡിയോൾ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും എത്തുന്നു. ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വമ്പൻ താരനിരയും വിഷ്വൽ ഇഫക്ട്സും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.

ആദ്യഭാഗം നവംബർ 5ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ വേൾഡ് പ്രീമിയർ ഇന്നലെ ലോസ് ഏഞ്ചലസിലെ അക്കാദമി മ്യൂസിയം പിക്ചർ ഹാളിൽ സംഘടിപ്പിച്ചിരുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകരും സിനിമാനിരൂപകരുമടക്കം നിറഞ്ഞ സദസിലാണ് രാമായണ പ്രദർശിപ്പിച്ചത്. എന്നാൽ വേൾഡ് പ്രീമിയറിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

Content Highlight: Actress Sai Pallavi opens up about the qualities she desires in a life partner, as well as her experience when she was offered the opportunity to portray Sita in the ‘Ramayana’

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more