| Thursday, 22nd October 2026, 6:00 pm

എന്റെ സിനിമകൾ മാത്രമല്ല മഹാരാജ, ബത്ത വരെ രൺബീർ കണ്ടിട്ടുണ്ട്, സൗത്ത് ഇന്ത്യൻ സിനിമകൾ അദ്ദേഹത്തിന് അത്രക്ക് ഇഷ്ടമാണ്: സായ് പല്ലവി

അജ്മല്‍ കെ

‘രാമായണ’ സിനിമയ്ക്കായി അണിയറപ്രവർത്തകർ നടത്തിയ ഒരുക്കങ്ങളെക്കുറിച്ചും ചിത്രത്തിൽ രാമനായി എത്തുന്ന രൺബീർ കപൂറിന്റെ സിനിമയോടുള്ള താത്പര്യത്തെക്കുറിച്ചും മനസുതുറന്ന് നടി സായ് പല്ലവി. ഓരോ ഭാഷയിലെയും സംഭാഷണങ്ങൾ ആ ഭാഷയിലെ സിനിമകളുടെ സ്വാഭാവികതയും ഭാവവും നിലനിർത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നും ഇതിനായി വലിയ അധ്വാനം നടന്നിട്ടുണ്ടെന്നും താരം പറഞ്ഞു. ‘രാമായണ’യുടെ പ്രമോഷന്റെ ഭാഗമായി തമിഴ്‌നാട്ടിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സായ് പല്ലവി.

‘നമിത് സാർ ഏകദേശം പത്ത് വർഷമായി ‘രാമായണ’ സിനിമയുടെ പിന്നാലെയാണ്. ഞാൻ കഴിഞ്ഞ മൂന്ന് വർഷമായി ഈ സിനിമയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ തുടക്കം മുതൽ ഈ ചിത്രത്തിനായി എത്രത്തോളം ഹോംവർക്ക് നടക്കുന്നുണ്ടെന്ന് എനിക്ക് അറിയാം.

രാമായണ. Photo. Screen Grab/ Youtube

സിനിമയുടെ തമിഴ് പതിപ്പിന് ഡബ്ബ് ചെയ്യാൻ പോയപ്പോൾ അവിടെയുള്ള സംഭാഷണങ്ങൾ കേട്ട് എനിക്ക് അത്ഭുതം തോന്നി. ഒരു തമിഴ് സിനിമയുടെ സംഭാഷണങ്ങൾ എങ്ങനെയാണോ എഴുതുന്നത്, അതേ സ്വാഭാവികതയും ഉച്ചാരണവും ഭാവവുമെല്ലാം അതിലുണ്ടായിരുന്നു,’ സായ് പല്ലവി പറഞ്ഞു.

തമിഴ് ഭാഷയിൽ മാത്രമല്ല, മറ്റു ഭാഷകളിലും സംഭാഷണങ്ങൾ സ്വാഭാവികമാക്കാൻ അണിയറപ്രവർത്തകർ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ഓരോ ഭാഷയിലും അതിനനുയോജ്യരായ ആളുകളെയാണ് സംഭാഷണങ്ങൾ ഒരുക്കാൻ കണ്ടെത്തിയത്. വിവിധ ഭാഷകളിലുള്ള പ്രേക്ഷകർക്ക് സിനിമ മികച്ച അനുഭവമാകണമെന്ന ലക്ഷ്യത്തോടെയാണ് ഇത്രയധികം അധ്വാനം നടത്തിയതെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു.

രാമനായി അഭിനയിക്കുന്ന രൺബീർ കപൂറിന്റെ സിനിമയോടുള്ള താത്പര്യത്തെക്കുറിച്ചും സായ് പല്ലവി സംസാരിച്ചു. താൻ അഭിനയിച്ച സിനിമകൾ മാത്രമല്ല, മറ്റ് ദക്ഷിണേന്ത്യൻ ചിത്രങ്ങളും രൺബീർ കാണാറുണ്ടെന്നും അവയിലെ കഥാപാത്രങ്ങളെയും അഭിനേതാക്കളെയും കുറിച്ച് കൃത്യമായി ഓർത്തുവെക്കാറുണ്ടെന്നും താരം പറഞ്ഞു.

‘രൺബീർ ഇതിനെക്കുറിച്ച് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. അദ്ദേഹത്തെ കാണുമ്പോൾ ഞാൻ പോലും ആ ആഴ്ചയിലോ മാസത്തിലോ ചിലപ്പോൾ തമിഴ് സിനിമകൾ കണ്ടിട്ടുണ്ടാകില്ല. പക്ഷേ, അദ്ദേഹം അവ കണ്ടിട്ടുണ്ടാകും. ഞാൻ ‘അമരൻ’ ചെയ്ത സമയത്ത് അദ്ദേഹം ആ സിനിമ കണ്ടിരുന്നു. എന്റെ സിനിമ മാത്രമേ കണ്ടിട്ടുണ്ടാകൂ എന്നാണ് ഞാൻ കരുതിയത്.

രാമായണ. Photo. Screen Grab/ Youtube

എന്നാൽ ‘മഹാരാജ’, ‘ബത്ത’ തുടങ്ങിയ ഇറങ്ങുന്ന എല്ലാ സിനിമകളും അദ്ദേഹം കണ്ടിട്ടുണ്ട്. സിനിമയെ അദ്ദേഹം അത്രത്തോളം ഇഷ്ടപ്പെടുന്നുണ്ട്, പ്രത്യേകിച്ച് സൗത്ത് ഇന്ത്യൻ സിനിമകളെ. സിനിമകൾ കണ്ടശേഷം അവയെക്കുറിച്ചുള്ള കാര്യങ്ങൾ ഓർത്തുവെക്കുകയും അഭിനേതാക്കളെ അഭിനന്ദിക്കുകയും ചെയ്യുന്ന ആളാണ് അദ്ദേഹം,’ സായ് പല്ലവി പറഞ്ഞു.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’യിൽ രൺബീർ രാമനായും യഷ് രാവണനുമായിട്ടാണ് എത്തുന്നത്. സായ് പല്ലവി സീതയുടെ വേഷം അവതരിപ്പിക്കുന്നു. ഇന്ത്യൻ ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിനായി വലിയ മുന്നൊരുക്കങ്ങളാണ് അണിയറപ്രവർത്തകർ നടത്തുന്നത്. ചിത്രം നവംബർ 5ന് തിയേറ്ററുകളിലെത്തും.

Content Highlight: Actress Sai Pallavi opened up about the preparations made by the film crew for ‘Ramayana’, as well as the keen interest shown by Ranbir Kapoor—who plays the role of Rama—in the project

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more