| Wednesday, 25th November 2026, 11:05 am

സീതയായി വിസ്മയിപ്പിച്ചു, ഐ.പി.എസ് ഉദ്യോഗസ്ഥയായി ഞെട്ടിച്ചു; രണ്ട് വേഷങ്ങളിലും കൈയടി നേടി സായ് പല്ലവി

അജ്മല്‍ കെ

ഒരേ സമയത്ത് തിയേറ്ററുകളിലെത്തിയ രണ്ട് സിനിമകൾ. കഥാപാത്രങ്ങളാകട്ടെ തീർത്തും വ്യത്യസ്തവും. ഒന്നിൽ ഇതിഹാസ കഥാപാത്രമായ സീതയായി ഭക്തിയും ഐശ്വര്യവും നിറഞ്ഞ പരിവേഷത്തിൽ എത്തുമ്പോൾ മറ്റൊന്നിൽ കരുത്തുറ്റ ഐ.പി.എസ് ഉദ്യോഗസ്ഥയായി ആക്ഷനും വൈകാരികതയും നിറഞ്ഞ പ്രകടനം. നിതീഷ് തിവാരിയുടെ ‘രാമായണ’, രാജ്കുമാർ പെരിയസാമിയുടെ ‘ഒ.എം: ഓപ്പറേഷൻ മ്യുൾ’ എന്നീ ചിത്രങ്ങളിലൂടെ ഒരേസമയം പ്രേക്ഷകരുടെ കൈയടി നേടുകയാണ് നടി സായ് പല്ലവി.

ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമെന്ന പ്രഖ്യാപനം മുതൽ ‘രാമായണ’ വലിയ ചർച്ചകളിൽ ഇടംപിടിച്ചിരുന്നു. ഓം റൗട്ട് സംവിധാനം ചെയ്ത ‘ആദിപുരുഷ്’ നേരിട്ട വിമർശനങ്ങൾക്കുശേഷം മറ്റൊരു രാമായണ സിനിമയെയും പ്രേക്ഷകർ സംശയത്തോടെയാണ് കണ്ടിരുന്നത്. എന്നാൽ ആ മുൻധാരണകളെ മറികടന്ന് മികച്ച ദൃശ്യാനുഭവവും അവതരണവുമായി എത്തിയ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

രാമായണ. Photo. Screen Grab/ Youtube

ചിത്രത്തിന്റെ കാസ്റ്റിങ്ങിനെച്ചൊല്ലിയും വലിയ ചർച്ചകൾ നടന്നിരുന്നു. സായ് പല്ലവി സീതയായി എത്തുന്നതിനെതിരെ പോലും സോഷ്യൽ മീഡിയയിൽ വിമർശനങ്ങളുണ്ടായി. എന്നാൽ സിനിമ പുറത്തിറങ്ങിയതോടെ സീതയായുള്ള സായ് പല്ലവിയുടെ പ്രകടനമാണ് ഏറെ ശ്രദ്ധ നേടിയത്. കഥാപാത്രത്തിന്റെ കുലീനതയും ഐശ്വര്യവും ഭക്തിനിർഭരമായ ഭാവവുമെല്ലാം സ്വാഭാവികമായി അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. രൺബീർ കപൂറിനൊപ്പമുള്ള രംഗങ്ങളിലും മികച്ച കെമിസ്ട്രി നിലനിർത്തുന്നുണ്ട്. രാമനായി രൺബീർ കപൂർ എത്തിയപ്പോൾ രാവണനായി നടൻ യഷുമാണ് എത്തിയത്.

സീതയായി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ അതേ നടി തന്നെയാണ് ‘ഒ.എം’ലും പൊലീസ് കഥാപാത്രമായി എത്തുന്നത്. എന്നാൽ ഇവിടെ സായിയുടെ കഥാപാത്രം തികച്ചും വ്യത്യസ്തമാണ്. നിത്യ റെഡ്ഡി എന്ന ഐ.പി.എസ് ഉദ്യോഗസ്ഥയായാണ് താരം ചിത്രത്തിൽ വേഷമിടുന്നത്. ധനുഷും മമ്മൂട്ടിയും ഉൾപ്പെടുന്ന താരനിരയ്ക്കൊപ്പം ശ്രദ്ധേയമായ പ്രകടനമാണ് സായ് കാഴ്ചവെക്കുന്നത്.

അനാവശ്യമായ നാടകീയതകളിലേക്ക് പോകാതെ, ആത്മവിശ്വാസത്തോടെയും നിയന്ത്രിതമായ തീവ്രതയോടെയുമാണ് നിത്യ റെഡ്ഡിയെ സായ് അവതരിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവർ പരിഭ്രാന്തരാകുന്ന ഘട്ടങ്ങളിൽ പോലും ശാന്തത കൈവിടാത്ത ഉദ്യോഗസ്ഥയായി കഥാപാത്രത്തിന് ആവശ്യമായ ഗൗരവം നൽകാൻ താരത്തിന് സാധിക്കുന്നു. കഥാപാത്രത്തിന്റെ വൈകാരികമായ സംഘർഷങ്ങൾ പ്രകടമാകുന്ന രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലും ഒരുപോലെ മികവ് പുലർത്തുന്നുണ്ട്. ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഘടകങ്ങളിലൊന്നായി സായ് പല്ലവിയുടെ പ്രകടനത്തെ നിരൂപകരും പ്രേക്ഷകരും വിലയിരുത്തുന്നുണ്ട്.

ഒ.എം. Photo. Screen Grab/ Youtube

രണ്ട് സിനിമകളും തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുമ്പോൾ സായ് പല്ലവിയുടെ അഭിനയത്തിലെ ഈ വ്യത്യസ്തതയും ചർച്ചയാകുകയാണ്. ഒരേസമയം രണ്ട് വ്യത്യസ്ത ലോകങ്ങളിലെ കഥാപാത്രങ്ങളെ വിശ്വസനീയമായി അവതരിപ്പിക്കാൻ കഴിയുന്ന നടിയെന്ന നിലയിൽ വീണ്ടും ശ്രദ്ധ നേടുകയാണ് താരം. ബോക്സ് ഓഫീസിലും രണ്ട് ചിത്രങ്ങളും മികച്ച നേട്ടമാണ് സ്വന്തമാക്കുന്നത്. റിലീസ് ചെയ്ത് 20 ദിവസം പിന്നിട്ട ‘രാമായണ’ ആഗോളതലത്തിൽ 1,735 കോടിയിലധികം രൂപ നേടിയപ്പോൾ, അഞ്ച് ദിവസം കൊണ്ട് ‘ഒ.എം’ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചു. രണ്ട് സിനിമകളും തിയേറ്ററുകളിൽ മുന്നേറുമ്പോൾ സായ് പല്ലവിയുടെ പ്രകടനങ്ങളും വലിയ ചർച്ചയാകുകയാണ്.

Content Highlight:  Actress Sai Pallavi has won the applause of the audience simultaneously through two film

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more