മേക്കപ്പില്ലാതെ സിനിമകളിൽ അഭിനയിക്കുന്നതിനെക്കുറിച്ചും സ്വന്തം രൂപത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും തുറന്ന് സംസാരിച്ച് നടി സായ് പല്ലവി. കരിയറിന്റെ തുടക്കത്തിൽ സ്വന്തം രൂപത്തെക്കുറിച്ച് ഒരുപാട് ആശങ്കകളുണ്ടായിരുന്നുവെന്നും എന്നാൽ ഇന്ന് അത്തരം കാര്യങ്ങളിൽ ആത്മവിശ്വാസം നേടിയെന്നും താരം പറയുന്നു.
ഫൗണ്ടേഷനും കൺസീലറും ഉപയോഗിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും അങ്ങനെ ചെയ്യുമ്പോൾ മറ്റൊരാളായതുപോലെ തോന്നുമെന്നും സായ് പല്ലവി ‘വീ ദി വിമൺ’ പരിപാടിയിൽ ബർഖ ദത്തിനോട് പറഞ്ഞു.
സായ് പല്ലവി. Photo. Screen Grab/ Youtube
‘കരിയറിന്റെ തുടക്കത്തിൽ എനിക്ക് ഒരുപാട് ഇൻസെക്യൂരിറ്റീസ് ഉണ്ടായിരുന്നു. എന്നാൽ കാലം കഴിയുന്തോറും സ്വന്തം രൂപത്തെ അംഗീകരിക്കാൻ പഠിച്ചു. പ്രേക്ഷകർക്ക് സിനിമയിൽ യഥാർഥമായ കാര്യങ്ങൾ കാണാനാണ് ഇഷ്ടം. ഞാൻ ചെയ്തിട്ടുള്ള പല കഥാപാത്രങ്ങളും സാധാരണക്കാരായ സ്ത്രീകളാണ്.
അവരുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്യുമ്പോൾ മേക്കപ്പിട്ട് മുഖം മാറ്റേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ട് കഥാപാത്രങ്ങൾക്കൊപ്പം അവരുടെ രൂപത്തിലും സ്വാഭാവികത നിലനിർത്താനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്,’ സായ് പല്ലവി പറഞ്ഞു.
മേക്കപ്പ് ഉപയോഗിക്കുന്നതിനോട് തനിക്ക് എതിർപ്പില്ലെന്നും ഓരോരുത്തർക്കും ഇഷ്ടമുള്ള രീതിയിൽ ഒരുങ്ങാമെന്നും താരം കൂട്ടിച്ചേർത്തു.
‘ഇപ്പോൾ പോലും ഞാൻ ലിപ് ഗ്ലോസും ഐലൈനറും മോയ്സ്ചുറൈസറും ഉപയോഗിച്ചിട്ടുള്ളു. പക്ഷേ ഫൗണ്ടേഷനോ കൺസീലറോ ഇട്ടാൽ എനിക്ക് മറ്റൊരാളായതുപോലെ തോന്നും. അത് എനിക്ക് ചേരുന്നില്ല അത്രയേ ഉള്ളൂ. മേക്കപ്പ് ഇടാൻ ഇഷ്ടമുള്ളവർക്ക് അതാകാം. ഐലൈനർ ഇടുമ്പോൾ കൂടുതൽ ഭംഗി തോന്നുന്നുണ്ടെങ്കിൽ അതും ചെയ്യാം. നിങ്ങൾക്ക് സന്തോഷം തോന്നുന്ന രീതിയിൽ ഒരുങ്ങുന്നതാണ് പ്രധാനം. മറ്റുള്ളവർ പറയുന്നതനുസരിച്ച് നിങ്ങളുടെ ഇഷ്ടങ്ങൾ മാറ്റേണ്ട കാര്യമില്ല,’ താരം പറഞ്ഞു.
സ്വന്തം നിറത്തെക്കുറിച്ചും ചർമത്തെക്കുറിച്ചും ഒരുകാലത്ത് തനിക്കും ആശങ്കകളുണ്ടായിരുന്നുവെന്ന് സായ് പല്ലവി അഭിമുഖത്തിൽ പറഞ്ഞു. സിനിമയിൽ സ്ത്രീകളെ എപ്പോഴും സുന്ദരികളും പെർഫെക്ടുമായാണ് അവതരിപ്പിക്കാറുള്ളതെന്നും എന്നാൽ പുരുഷതാരങ്ങൾക്ക് വ്യത്യസ്തമായ രൂപത്തിലും പ്രായത്തിലും കഥാപാത്രങ്ങൾ ചെയ്യാൻ അവസരമുണ്ടെന്നും താരം ചൂണ്ടിക്കാട്ടി.
സായ് പല്ലവി. Photo. Screen Grab/ Youtube
‘ഞാൻ വളർന്നുവരുന്ന സമയത്ത് സ്വന്തം രൂപത്തിൽ തന്നെ സിനിമകളിൽ അഭിനയിക്കുന്ന കൂടുതൽ സ്ത്രീകളെ കണ്ടിരുന്നെങ്കിൽ ഒരുപക്ഷേ എനിക്ക് ഇത്രയധികം ആശങ്കകൾ ഉണ്ടാകുമായിരുന്നില്ല. പുരുഷതാരങ്ങളെ വ്യത്യസ്ത പ്രായത്തിലും ശരീരപ്രകൃതിയിലുമൊക്കെ കാണാം. എന്നാൽ സ്ത്രീകളെ എപ്പോഴും പെർഫെക്ടായിട്ടാണ് കാണിക്കുന്നത്. അതുകൊണ്ട് എനിക്ക് ചില കാര്യങ്ങളിൽ ഉറച്ചുനിൽക്കണമെന്ന് തോന്നിയിട്ടുണ്ട്. അങ്ങനെയാണ് എന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ എടുക്കാൻ തുടങ്ങിയത്,’ സായ് പല്ലവി പറഞ്ഞു.
Content Highlight: Actress Sai Pallavi has spoken openly about acting in films without makeup and about her perspectives on her own appearance.