രാമായണത്തിൽ സീതയായി അഭിനയിച്ചതിന് പിന്നാലെ തന്റെ രൂപത്തെയും കാസ്റ്റിങ്ങിനെയും ചൊല്ലി സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടി സായ് പല്ലവി. സീത എത്ര സുന്ദരിയായിരിക്കണം എന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ താൻ കാണുന്നുണ്ടെന്നും എന്നാൽ ഇത്തരം വിമർശനങ്ങൾ തന്റെ ആത്മവിശ്വാസത്തെ ബാധിക്കില്ലെന്നും താരം പറഞ്ഞു. ‘വീ ദി വിമൺ’ പരിപാടിയിൽ ബർഖ ദത്തിനോട് സംസാരിക്കുകയായിരുന്നു സായ് പല്ലവി.
സീതയായി അഭിനയിച്ചതിന് ശേഷം ജീവിതത്തിൽ എന്തെങ്കിലും മാറ്റമുണ്ടായോ എന്ന ചോദ്യത്തിന്, ഓരോ സിനിമയും കഥാപാത്രവും മനസിൽ ചില മാറ്റങ്ങൾ കൊണ്ടുവരാറുണ്ടെന്നായിരുന്നു സായി പല്ലവിയുടെ മറുപടി. എന്നാൽ അതെല്ലാം വളരെ വ്യക്തിപരമായ അനുഭവങ്ങളാണെന്നും ലോകത്തോട് വിശദീകരിക്കേണ്ട ഒന്നല്ലെന്നും താരം പറഞ്ഞു.
രാമായണ. Photo. Screen Grab/ Youtube
‘സോഷ്യൽ മീഡിയയിൽ വരുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് അറിയാം. സീത എത്ര സുന്ദരിയായിരിക്കണം എന്നൊക്കെയുള്ള അഭിപ്രായങ്ങൾ കാണുന്നുണ്ട്. പക്ഷേ അതൊക്കെ നിങ്ങളുടെ ഉള്ളിനെ തന്നെ ഇളക്കുകയാണെങ്കിൽ പ്രശ്നം അവിടെയാണ്. നിങ്ങൾ കൂടുതൽ ശക്തരാകണം. ഒരു മനുഷ്യന് സാധ്യമായത്ര ആത്മവിശ്വാസം എനിക്കുണ്ടെന്നാണ് കരുതുന്നത്. അഭിപ്രായങ്ങൾ അഭിപ്രായങ്ങൾ മാത്രമാണ്. ഉള്ളിൽ ആത്മവിശ്വാസമുണ്ടെങ്കിൽ ബാക്കിയുള്ള ലോകത്തെ നേരിടാനോ ഇത്തരം ശബ്ദങ്ങളെ അവഗണിക്കാനോ കഴിയും,’ സായ് പല്ലവി പറഞ്ഞു.
ഗ്ലാമറിന് മാത്രം പ്രാധാന്യം നൽകുന്ന കഥാപാത്രങ്ങൾ ചെയ്യാൻ താത്പര്യമില്ലെന്നും താരം വ്യക്തമാക്കി. പകരം ശക്തമായ വ്യക്തിത്വവും പ്രാധാന്യവുമുള്ള കഥാപാത്രങ്ങളാണ് തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നതെന്നും സായി പല്ലവി പറഞ്ഞു. കരിയറിന്റെ തുടക്കത്തിൽ അത്തരം വേഷങ്ങൾ നിരസിക്കുക എളുപ്പമായിരുന്നില്ലെന്നും നല്ല കഥാപാത്രങ്ങൾക്കായി നാല് മുതൽ അഞ്ച് വർഷം വരെ കാത്തിരുന്നിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.
‘വെറും ഗ്ലാമർ മുഖമായി ഉപയോഗിക്കുന്നതോ പകരം മറ്റൊരാളെ കൊണ്ടുവരാൻ കഴിയുന്നതോ ആയ കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് താത്പര്യമില്ല. ഒരു കഥാപാത്രത്തിൽ ശക്തി ഉണ്ടാകണം എന്നാണ് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്. ചില കാര്യങ്ങൾ ചെയ്യില്ലെന്ന് ഉറച്ചുനിൽക്കുമ്പോൾ അത് തന്നെ നമ്മുടെ നിലപാട് വ്യക്തമാക്കും. പിന്നീട് കുറച്ചുകൂടി ഉള്ളടക്കമുള്ള കഥാപാത്രങ്ങൾ ലഭിച്ചുതുടങ്ങും,’ താരം പറഞ്ഞു.
സിനിമയിൽ സ്ത്രീകളുടെ സൗന്ദര്യത്തെക്കുറിച്ചുള്ള പൊതുബോധം രൂപപ്പെടുന്നതിൽ സിനിമയിലെ സ്ത്രീപ്രാതിനിധ്യത്തിനും പങ്കുണ്ടെന്നും സായി പല്ലവി ചൂണ്ടിക്കാട്ടി. പുരുഷതാരങ്ങളെ വ്യത്യസ്ത പ്രായത്തിലും ശരീരപ്രകൃതിയിലുമുള്ളവരായി സ്ക്രീനിൽ കാണാറുണ്ട്. എന്നാൽ സ്ത്രീകൾ എപ്പോഴും പൂർണതയുള്ളവരായിരിക്കണമെന്ന പ്രതീക്ഷയാണ് നിലനിൽക്കുന്നതെന്നും താരം അഭിപ്രായപ്പെട്ടു.
‘ഞാൻ വളരുന്ന സമയത്ത് അഭിനേതാക്കൾ തങ്ങളുടെ സ്വാഭാവിക രൂപത്തിൽ തന്നെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് കണ്ടിരുന്നെങ്കിൽ ഒരുപക്ഷേ എനിക്ക് എന്റെ രൂപത്തെക്കുറിച്ച് ഇത്ര ബോധമുണ്ടാകുമായിരുന്നില്ല. പുരുഷന്മാരെ പല വലുപ്പത്തിലും പ്രായത്തിലും സ്ക്രീനിൽ കാണാം. എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ അവർ എപ്പോഴും പൂർണതയുള്ളവരായിരിക്കണം എന്നൊരു ധാരണയുണ്ട്. അതുകൊണ്ടാണ് ചില കാര്യങ്ങളിൽ നിലപാടെടുക്കണമെന്ന് എനിക്ക് തോന്നിയത്,’ മേക്കപ്പില്ലാതെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചും താരം പറഞ്ഞു.
രാമായണ. Photo. Screen Grab/ Youtube
മാനേജറോ വലിയ അകമ്പടിസംഘമോ ഇല്ലാതെയാണ് താൻ ഇപ്പോഴും സിനിമയിൽ പ്രവർത്തിക്കുന്നതെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു. സംവിധായകരോടും അഭിനേതാക്കളോടും നേരിട്ട് ഇടപഴകാനും സിനിമയുടെ കാര്യങ്ങൾ ലളിതമായി മുന്നോട്ടുകൊണ്ടുപോകാനുമാണ് തനിക്ക് ഇഷ്ടമെന്നും താരം വ്യക്തമാക്കി.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രണ്ട് ഭാഗങ്ങളുള്ള ‘രാമായണ’ത്തിന്റെ ആദ്യ ഭാഗത്തിലാണ് സായ് പല്ലവി സീതയായി എത്തുന്നത്. രൺബീർ കപൂർ രാമനായും രവി ദുബെ ലക്ഷ്മണനായും യഷ് രാവണനായും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
Content Highlight: Actress Sai Pallavi has responded to the criticism on social media regarding her appearance and casting for the role of Sita in the Ramayana