| Sunday, 1st March 2026, 3:27 pm

ഡെലൂലു, പടം കണ്ടിട്ടില്ലേൽ കണ്ടിട്ടില്ല എന്ന് പറയണം... അല്ലേൽ ഇത്പോലെ കോമഡിയാകും; റിയ ഷിബുവിനെ ട്രോളി സോഷ്യൽ മീഡിയ

നന്ദന എം.സി

സർവ്വം മായ എന്ന ഒരൊറ്റ ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് റിയ ഷിബു. മലയാള സിനിമയിൽ പതിവായി കാണുന്ന പ്രേത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ‘ഡെലൂലു’ എന്ന കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

റിലീസിന് മുമ്പ് സർപ്രൈസായി സൂക്ഷിച്ചിരുന്ന ഡെലൂലു, തിയേറ്റർ റിലീസിന് ശേഷവും ഒ.ടി.ടി റിലീസിന് ശേഷവും സോഷ്യൽ മീഡിയ ചർച്ചകളിൽ നിറഞ്ഞുനിന്നിരുന്നു. മലയാളി പ്രേക്ഷകർ ഏറ്റെടുത്ത ശ്രദ്ധേയ കഥാപാത്രങ്ങളിലൊന്നായി ഡെലൂലു മാറുകയും ചെയ്തു.

സർവ്വം മായ, Photo: YouTube/ Screengrab

ഇപ്പോഴിതാ റിയയുടെ ഒരു അഭിമുഖഭാഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ട്രോളന്മാരുടെ പ്രധാന ചർച്ചാവിഷയവുമാകുന്നതും അതുതന്നെ. സുധീർ ശ്രീനിവാസനുമായി നടത്തിയ അഭിമുഖമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

അഭിമുഖത്തിനിടെ മിഷ്‌കിൻ സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ പിസാസു എന്ന ചിത്രത്തെ കുറിച്ച് സുധീർ ചോദിച്ചു. ആദ്യം സിനിമയുടെ പേര് ഓർമയുണ്ടെന്ന് പറഞ്ഞ റിയ, പിന്നീട് കഥ വിശദീകരിക്കുമ്പോൾ വ്യക്തമായി ഓർമയിൽ ഇല്ലെന്ന തരത്തിലുള്ള പ്രതികരണമാണ് നൽകിയത്. സുധീർ കഥ പറഞ്ഞപ്പോൾ യ… യ…എന്ന് പ്രതികരിക്കുന്ന ഭാഗമാണ് ട്രോളുകൾക്ക് ഇടയാക്കിയത്.

സിനിമ കണ്ടിട്ടില്ലെങ്കിൽ കണ്ടിട്ടില്ലെന്ന് പറയണം, ഈ ‘യ യ’ ഇല്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനെ?, ക്യൂട്ട്നെസ് കുറച്ചു കൂടുതലല്ലേ?

എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. അതേസമയം, ‘പിസാസു’ പെട്ടെന്ന് ഓർമയിൽ നിൽക്കുന്ന തരത്തിലുള്ള സിനിമയല്ലെന്നും റിയ പറഞ്ഞത് തെറ്റല്ലെന്നുമുള്ള അഭിപ്രായങ്ങളും ചിലർ പങ്കുവെക്കുന്നു.

ഒരു താരത്തിന്റെ ഉയർച്ചയിൽ കൂടെ നിൽക്കുകയും അവസരം കിട്ടുമ്പോൾ അതേ താരത്തെ കടുത്ത വിമർശനങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്ന സോഷ്യൽ മീഡിയ സ്വഭാവത്തെക്കുറിച്ചും ചില പ്രേക്ഷകർ ചൂണ്ടിക്കാട്ടി.

സംവിധായകൻ അഖിൽ സത്യൻ ഒരുക്കിയ ‘സർവ്വം മായ’യിൽ വർഷങ്ങൾക്ക് ശേഷമുള്ള നിവിൻ പോളി – അജു വർഗീസ് കൂട്ടുകെട്ടും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവായി വിലയിരുത്തപ്പെട്ട ചിത്രം ബോക്സ് ഓഫീസിൽ മികച്ച നേട്ടമാണ് സ്വന്തമാക്കിയത്.

Content Highlight: Actress Riya Shibu trolled on social media

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more