മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടിയാണ് റിമ കല്ലിങ്കൽ. സിനിമയ്ക്ക് പുറമെ കലാപരമായ വിവിധ മേഖലകളിലും സജീവമായ താരം അടുത്തിടെ ചെണ്ടമേളത്തിനായി അരങ്ങിലെത്തിയതും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചെണ്ട പഠിച്ചതിന് പിന്നിലെ കാരണവും അതിലേക്ക് തന്നെ എത്തിച്ച അനുഭവവും തുറന്നുപറയുകയാണ് റിമ കല്ലിങ്കൽ. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘ഞങ്ങളുടെ കൂടെയുള്ള സന്തോഷ് സാർ എന്ന് പറയുന്ന കോറിയോഗ്രാഫർ കാലങ്ങളായിട്ട് ചെണ്ട പഠിക്കുന്നുണ്ട്. അപ്പോൾ ഞങ്ങളുടെ അടുത്ത് വന്ന് പൂരങ്ങളുടെ കഥകൾ ഒക്കെ പറയാറുണ്ട്. ഞാൻ ഒരു തൃശ്ശൂർക്കാരിയാണ്. എനിക്ക് പൂരങ്ങൾ ഭയങ്കര ഇഷ്ടമാണ്. പക്ഷേ എന്നെക്കാളും കൂടുതൽ ഇഷ്ടപ്പെടുന്ന, സ്ഥിരമായി പൂരങ്ങൾക്ക് പോകുന്ന എന്റെ ടീമിലുള്ള അമൃത, അനു, സന്തോഷ് സാർ എല്ലാം തൃശ്ശൂർക്കാരാണ്. അപ്പോൾ അവർ വന്ന് ഇടക്ക് ചെണ്ട പഠിക്കുന്നതിനെക്കുറിച്ചൊക്കെ പറയാറുണ്ട് ,’റിമ പറഞ്ഞു.
റിമ കല്ലിങ്കൽ. Photo. Screen grab/ Youtube.com
കൊവിഡ് കാലത്ത് ഇവരിൽ പലരും ചെണ്ട പഠിച്ച് അരങ്ങേറ്റം നടത്തിയിരുന്നു. അതിനുശേഷമാണ് തങ്ങളുടെ അടുത്ത പ്രൊഡക്ഷനായി ചെണ്ടയെ കേന്ദ്രീകരിച്ചുള്ള ഒരു പരിപാടി ചെയ്യണമെന്ന ആശയം വരുന്നത്. ഇതിന് മുമ്പ് ‘നെയ്ത്ത്’ എന്ന പേരിലുള്ള പ്രൊഡക്ഷനിലൂടെ ഹാൻഡ്‌ലൂം വീവിങ്ങിനെക്കുറിച്ചായിരുന്നു അവതരിപ്പിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ആ പ്രൊഡക്ഷനുമായി ടൂർ ചെയ്യുകയായിരുന്നു.
അടുത്തതായി എന്താണ് ചെയ്യേണ്ടതെന്ന ആലോചനയിലാണ് ചെണ്ടയെക്കുറിച്ചുള്ള പ്രൊഡക്ഷൻ എന്ന ആശയം വന്നതെന്നും, കേരളത്തിന്റെ വേരുകളിലേക്കും പരമ്പരാഗത സംസ്കാരത്തിലേക്കും ഇറങ്ങിച്ചെന്ന് കഥകൾ പറയാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും റിമ വ്യക്തമാക്കി.
‘അടുത്തത് എന്താണെന്ന് പറഞ്ഞപ്പോൾ സന്തോഷ് സാറിന്റെ ഒരു ഐഡിയ ആയിരുന്നു ചെണ്ടയെ കുറിച്ചുള്ള ഒരു പ്രൊഡക്ഷൻ ചെയ്യണം എന്നത്. സാറിന് ഭയങ്കര താൽപര്യമായിരുന്നു. എനിക്കും അത് ഭയങ്കര ഇൻട്രസ്റ്റിങ്ങായി തോന്നി. ഇതുവരെ ഒരു വാദ്യോപകരണം പഠിക്കാനുള്ള അവസരം ഉണ്ടായിട്ടില്ല. ഞാൻ ഡാൻസും സ്പോർട്സും അങ്ങനെ ഒരുപാട് കാര്യങ്ങളായിട്ടാണ് നടന്നിരുന്നത്. ചെണ്ട എന്ന് പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര താൽപര്യമായി,’ താരം പറഞ്ഞു.
ചെണ്ട പഠിക്കാൻ തീരുമാനിച്ചതോടെ തന്റെ ഉള്ളിലുള്ള തൃശ്ശൂർക്കാരിയെ അടിവരയിട്ട് തിരിച്ചറിഞ്ഞ സമയമായിരുന്നു അതെന്നും റിമ പറയുന്നു. ചെണ്ട പഠിച്ച ശേഷം അരങ്ങേറ്റം നടത്തുകയും ചെയ്തു. ചെറുപ്പം മുതൽ തന്നെ തൃശ്ശൂർ പൂരത്തിന് പോകാറുണ്ടെന്നും വെടിക്കെട്ട് ഉൾപ്പെടെ പൂരത്തിന്റെ ആഘോഷങ്ങളോട് വലിയ ഇഷ്ടമാണെന്നും താരം പറഞ്ഞു.
‘തൃശ്ശൂർ പൂരം ആണുങ്ങളുടെതാണ് എന്ന് പറയുന്നത് നമ്മുടെ വിഷമം കൊണ്ടാണല്ലോ. കാരണം ഞങ്ങൾക്കും അതിന്റെ ഉള്ളിൽ വന്ന് നിൽക്കണം, നമുക്കും ആഘോഷിക്കണം എന്നുള്ള ആഗ്രഹമുണ്ട്. ഇതിനെ കുറിച്ച് ഞാൻ മുന്നേയും പറഞ്ഞിട്ടുണ്ട്. അന്ന് അത് ഭയങ്കര വിഷയമായിരുന്നു. നമ്മക്കും ആ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പറ്റണം. അതാണ് ഞാൻ പറയുന്നത്,’ റിമ വ്യക്തമാക്കി.
റീമ കല്ലിങ്കൽ. Photo. Screen grab/ Youtube
അതിനാലാണ് ചെണ്ടയെക്കുറിച്ച് ഒരു പ്രൊഡക്ഷൻ ചെയ്യുമ്പോൾ അത് വെറുതെ പഠിച്ച് അവതരിപ്പിക്കുക എന്നതിനപ്പുറം അതിനെക്കുറിച്ച് കൃത്യമായി മനസിലാക്കാൻ തീരുമാനിച്ചതെന്നും താരം പറഞ്ഞു. തങ്ങളുടെ ഓരോ പ്രൊഡക്ഷനും ചെയ്യുന്നതിന് മുമ്പ് കൃത്യമായ റിസർച്ചും പ്രീ പ്രൊഡക്ഷൻ ജോലികളും നടത്താറുണ്ടെന്നും റിമ കൂട്ടിച്ചേർത്തു.
‘ഞങ്ങൾ ചെണ്ട ഉണ്ടാക്കുന്ന സ്ഥലങ്ങളിൽ പോയി. ചെണ്ടയുടെ വട്ടം ഉണ്ടാക്കുന്ന സ്ഥലങ്ങൾ, കുറ്റി ഉണ്ടാക്കുന്നത് എങ്ങനെയാണ്, ചെണ്ട വലിക്കുന്നത് എങ്ങനെയാണ് എന്നൊക്കെ നോക്കി. അതിന്റെ ഫുൾ റിസർച്ച് പരിപാടിയാണ് നടന്നത്. അങ്ങനെയൊക്കെയാണ് ചെണ്ട പഠിക്കാനായി മുന്നിട്ടിറങ്ങിയത്,’റിമ പറഞ്ഞു.
Content Highlight: Actress Rima Kallingal shares her experience of playing the Chenda