| Tuesday, 17th February 2026, 12:30 pm

മായാമയൂരം സിനിമയിലെ പാട്ടിന് ശോഭനക്ക് ഞാൻ ഡാൻസ് പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്: രേവതി

നന്ദന എം.സി

മലയാളികളുടെ പ്രിയനടിയാണ് രേവതി. താരം ചെയ്ത ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചവയാണ്. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു കടന്നു വന്ന താരം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഇപ്പോളിതാ രേവതി പങ്കുവെച്ച ഒരു മനോഹരമായ ഓർമയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മായാമയൂരം സിനിമയിലെ ഒരു ഗാനരംഗത്തിനിടെ താൻ തന്നെയാണ് ശോഭനക്ക് ഡാൻസ് മാസ്റ്റർ ആയി നിന്നത് എന്ന് പറയുകയാണ് രേവതി. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ അനുഭവം പങ്കുവെച്ചത്.

മായാമയൂരം. Photo: IMDb

‘മായാമയൂരം ബ്യൂട്ടിഫുളായ ഒരു സിനിമയാണ്. വളരെ നന്നായി എഴുതിയും മനോഹരമായി സംവിധാനം ചെയ്തുമുള്ള ചിത്രം. ആ സമയത്ത് ലാൽ, ശോഭന, ഞാൻ മൂവരും സ്‌ക്രീനിൽ വളരെ ഭംഗിയായി തോന്നിയിരുന്നു. ഓരോ പ്രായത്തിനും ഓരോ സൗന്ദര്യമുണ്ട്,’ രേവതി പറഞ്ഞു.

ചിത്രത്തിന്റെ ദൃശ്യഭംഗിയെക്കുറിച്ചും ഛായാഗ്രാഹകൻ വേണുവിന്റെ പ്രവർത്തനത്തെക്കുറിച്ചും താരം പ്രശംസിച്ചു. ചിത്രത്തിലെ ഒരു ഡാൻസ് രംഗമാണ് ഇപ്പോൾ വീണ്ടും താരം ഓർമ്മിക്കുന്നത്.

രാത്രി സമയത്ത് ചിത്രീകരിച്ച ആ ഗാനരംഗത്തിനിടെ ഡാൻസ് മാസ്റ്റർ സെറ്റിൽ ഉണ്ടായിരുന്നില്ലെന്നും ഒരു ലൊക്കേഷനിൽ വേണു ലൈറ്റ് ഒരുക്കിയതോടെ ശോഭന ഇത് മതിയെന്ന് പറഞ്ഞ് പെർഫോം ചെയ്യാൻ തയ്യാറായെന്നും താരം ഓർത്തെടുത്തു.

മായാമയൂരം. Photo: IMDb

ഒരു വെളുത്ത സാരി ഒപ്പിച്ച് ആ രാത്രിയിലാണ് രംഗം ചിത്രീകരിച്ചതെന്നും രേവതി പറഞ്ഞു. ‘അവളുടെ അടുത്ത് നിന്നുകൊണ്ട് ‘വൺ, ടൂ’ എന്ന് കൗണ്ട് പറഞ്ഞത് ഞാനായിരുന്നു. ആ സമയത്ത് ഞാൻ തന്നെയായിരുന്നു അവളുടെ ഡാൻസ് മാസ്റ്റർ,’ രേവതി ചിരിച്ചുകൊണ്ട് പറഞ്ഞു.

ശോഭനയുമായുള്ള സൗഹൃദവും താരം ഓർത്തെടുത്തു. ഒരേ സിനിമയിൽ അഭിനയിച്ചിരുന്നാലും പരസ്പരം മികച്ച രീതിയിൽ പ്രകടനം കാഴ്ചവയ്ക്കണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹമെന്ന് രേവതി വ്യക്തമാക്കി. മത്സരമല്ല, മറിച്ച് പരസ്പരം പ്രോത്സാഹിപ്പിക്കുന്ന മനോഭാവമായിരുന്നു അന്നത്തെ സെറ്റുകളിൽ നിലനിന്നിരുന്നതെന്ന് അവർ പറഞ്ഞു.

ഇന്നത്തെ സിനിമാ സെറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ അന്നത്തെ കാലഘട്ടം വളരെ ലളിതവും ആത്മാർത്ഥവുമായിരുന്നു എന്നും രേവതി കൂട്ടിച്ചേർത്തു. കാരവാൻ പോലുള്ള സൗകര്യങ്ങൾ ഇല്ലാതിരുന്ന ആ ദിവസങ്ങൾ ഇപ്പോൾ ഏറെ മിസ് ചെയ്യുന്നതായും താരം പറഞ്ഞു.

Content Highlight: Actress Revathi talk about Shobana

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more