| Thursday, 5th November 2026, 8:00 pm

ധര്‍മ പ്രൊഡക്ഷന്‍സ് എന്നെ കേസരി 2വില്‍ പ്രൊമോട്ട് ചെയ്തില്ല, അതിനെ എന്ത് ഒബ്‌ജെക്ടിഫിക്കേഷന്‍ എന്നാണ് ഞാന്‍ വിളിക്കേണ്ടത്; കരണ്‍ ജോഹറിനെതിരെ റെജീന കസാന്‍ഡ്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2005ല്‍ പുറത്തിറങ്ങിയ ‘കണ്ട നാള്‍ മുതല്‍’ എന്ന തമിഴ് ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് റെജീന കസാന്‍ഡ്ര. പിന്നീട് തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും പ്രധാനവേഷത്തിലെത്തിയ കസാന്‍ഡ്ര ഈ വര്‍ഷം പുറത്തിറങ്ങിയ അനന്തന്‍കാട് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. വരാനിരിക്കുന്ന നയന്‍താര ചിത്രം മൂക്കുത്തി അമ്മന്‍ 2 എന്ന ചിത്രത്തിലും താരം പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ചിത്രവുമായി ബന്ധപ്പെട്ട് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ബോളിവുഡ് ഭീമനും നിര്‍മാതാവുമായ കരണ്‍ ജോഹറിനെതിരെ റെജീന പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

റെജീന കസാന്‍ഡ്ര. Photo: TOI

‘കരണ്‍ ജോഹറിന്റെ ഷോയില്‍ വെച്ച് സൗത്ത് ഇന്ത്യന്‍ ചിത്രത്തില്‍ തന്നെ ഒബ്‌ജെക്ടിഫൈ ചെയ്യുന്നതിനെ കുറിച്ച് ജാന്‍വി കപൂര്‍ സംസാരിച്ചിരുന്നു. അതേ കരണ്‍ ജോഹറിന്റെ ‘ധര്‍മ്മ പ്രൊഡക്ഷന്‍സ്’ അവരുടെ ‘കേസരി 2’ എന്ന ചിത്രത്തില്‍ എന്നെ പ്രൊമോട്ട് ചെയ്യേണ്ടെന്ന് തീരുമാനിച്ചു. ഇനി ഇതിനെ ഞാന്‍ എന്ത് വിളിക്കണം?. എന്ത് തരത്തിലുള്ള ഒബ്‌ജെക്ടിഫിക്കേഷനാണ് ഇത്?. അവിടെ അവര്‍ എന്തിനെയാണ് ഒരു വസ്തുവായി കാണുന്നത്. ഞാന്‍ ഒരു സൗത്ത് ഇന്ത്യക്കാരിയായത് കൊണ്ടാണോ ഇങ്ങനെ ചെയ്തത്.

നാളിതുവരെ എന്തുകൊണ്ട് ഇത് ചെയ്‌തെന്ന് എന്നോട് പറഞ്ഞിട്ടില്ല. ചിത്രത്തിലേതായി ഇന്‍സ്റ്റഗ്രാമില്‍ ഒരു പാട്ട് പോസ്റ്റ് ചെയ്തിരുന്നു. ആ പാട്ടിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഞാന്‍ മാത്രമാണ് ഉള്ളത്. എന്നിട്ടും അവര്‍ എന്നെ ഒന്ന് ടാഗ് ചെയ്തിട്ടില്ല,’ റെജീന പറഞ്ഞു.

കരണ്‍. Photo: X.com

ദിവസങ്ങള്‍ക്ക് മുമ്പ് കരണ്‍ ജോഹര്‍ ആതിഥേയത്വം വഹിച്ച ഷോയില്‍ പെദ്ദി എന്ന ചിത്രത്തില്‍ തന്നെ ഒബ്‌ജെക്ടിഫൈ ചെയ്തതിനെ കുറിച്ച് ജാന്‍വി കപൂര്‍ സംസാരിച്ചത് വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ കഥ വായിക്കുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങള്‍ തങ്ങള്‍ ചെയ്യില്ലെന്ന് പറഞ്ഞ് നടി പിന്മാറണമായിരുന്നു എന്നും പിന്നീട് സിനിമയെ കുറ്റം പറയുന്നത് ശരിയായ കാര്യമല്ലെന്നും റെജീന ഇതേ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Content Highlight: Actress Regina Cassandra talks about Karan Johar and Dharma Productions

We use cookies to give you the best possible experience. Learn more