| Tuesday, 17th November 2026, 11:33 am

ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന് പറഞ്ഞെങ്കിലും 'മസ്തിഷ്‌ക മരണ'ത്തില്‍ അത് ചെയ്തു; വ്യക്തിയെന്ന നിലയിലുള്ള മാറ്റങ്ങളെക്കുറിച്ച് രജിഷ

ആര്യ

ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമയിലേക്ക് എത്തുമ്പോള്‍ അഭിനേതാക്കളിലും അവരുടെ കാഴ്ചപ്പാടുകളിലും മാറ്റങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ഒരിക്കല്‍ ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന് നിലപാടെടുത്ത രജിഷ വിജയന്‍ ‘മസ്തിഷ്‌ക മരണം’ എന്ന ചിത്രത്തില്‍ ഐറ്റം നമ്പറിന്റെ ഭാഗമായതും അത്തരമൊരു മാറ്റത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്ന് ചര്‍ച്ചയായത്.

നടിയെന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ഓരോ സിനിമയും തന്നെ വളര്‍ത്തുന്നുണ്ടെന്നാണ് ഈ മാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് രജിഷയുടെ മറുപടി. സിനിമകള്‍ മാത്രമല്ല, കാലവും ജീവിതാനുഭവങ്ങളും മനുഷ്യരില്‍ മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്നും താരം പറഞ്ഞു. പോര്‍ട്രെയ്ല്‍സ് ബൈ ഗദ്ദാഫി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്ന രജിഷ.

രജിഷ വിജയന്‍ photo: Portrayals by Gaddafi/screen grab

‘സിനിമ മാത്രമല്ല, സമയം മാറുന്തോറും നമ്മളെല്ലാവരും വളരും. ലൈഫ് എക്‌സ്പീരിയന്‍സ് മുന്നോട്ടുപോകുമ്പോള്‍ എല്ലാവരിലും മാറ്റം അനിവാര്യമാണല്ലോ. ഓരോ സിനിമ ചെയ്യുമ്പോഴും നമ്മള്‍ വ്യത്യസ്തമായൊരു കഥയും പശ്ചാത്തലവുമാണ് അനുഭവിക്കുന്നത്. ആ യാത്ര ചിലപ്പോള്‍ ശാരീരികമായി ബുദ്ധിമുട്ടുള്ളതായിരിക്കാം, ചിലപ്പോള്‍ മാനസികമായും വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കാം. അതെല്ലാം നമ്മളെ മാറ്റും.

ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഒരു നിശ്ചിത കാലയളവില്‍ ഒരു കൂട്ടം ആളുകള്‍ക്കൊപ്പം സമയം ചെലവഴിക്കുമ്പോള്‍ അവരുമായി സംഭാഷണങ്ങളുണ്ടാകുന്നു എന്നതാണ്. യാത്ര ചെയ്യുമ്പോഴും കൂടുതല്‍ ആളുകളെ കാണുകയും സംസാരിക്കുകയും ചെയ്യുമ്പോഴുമാണ് നമ്മുടെ ചിന്താഗതികള്‍ കൂടുതല്‍ വിശാലമാകുന്നത്. നമ്മുടെ ചിന്താലോകവും വികസിക്കും. സമയം കഴിയുന്തോറും എല്ലാവരിലും അത്തരമൊരു മാറ്റമുണ്ടാകും.

രജിഷ വിജയന്‍ photo: Youtube/screen grab

‘അനുരാഗ കരിക്കിന്‍ വെള്ളം’ ചെയ്യുമ്പോഴുള്ള ആളായിരിക്കില്ല ഞാന്‍ ഇപ്പോള്‍. അന്ന് എനിക്കുണ്ടായിരുന്ന ചിന്തകളായിരിക്കില്ല ഇന്ന് എനിക്കുള്ളത്. പത്ത് വര്‍ഷം കഴിയുമ്പോള്‍ ഇപ്പോഴുള്ള ചിന്തകളില്‍നിന്നും ഞാന്‍ മാറിയിട്ടുണ്ടാകും,’ രജിഷ പറഞ്ഞു.

ഒരുകാലത്ത് ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന് നിലപാടെടുത്തെങ്കിലും ‘മസ്തിഷ്‌ക മരണം’ എന്ന സിനിമയില്‍ ഐറ്റം നമ്പറിന്റെ ഭാഗമാകാനുള്ള തീരുമാനം വ്യക്തിയെന്ന നിലയിലുള്ള വളര്‍ച്ചയുടെ അടയാളമായിരുന്നോ എന്ന ചോദ്യത്തിനായിരുന്നു രജിഷയുടെ മറുപടി.

Content Highlight: Actress Rajisha On item dance in ‘Masthishka Maranam’ and How She Has Changed as a Person

ആര്യ

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more