| Friday, 19th December 2025, 8:30 am

അദ്ദേഹം ഒരു ആക്ടിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയാണ്; ഞൊടിയിട കൊണ്ടല്ലേ കഥാപാത്രത്തിലേക്ക് മാറുന്നത്: രാഗിണി ദ്വിവേദി

അശ്വിന്‍ രാജേന്ദ്രന്‍

മലയാളത്തിലെയും തെലുങ്കിലെയും സിനിമാ ആരാധകര്‍ ഒരുപോലെ കാത്തിരിക്കുന്ന നന്ദ കിഷോറിന്റെ സംവിധാനത്തില്‍ സൂപ്പര്‍ താരം മോഹന്‍ലാല്‍ നായകനാവുന്ന വൃഷഭ. അച്ഛനും മകനും തമ്മിലുള്ള പൂര്‍വകാല ബന്ധത്തിലെ കഥ പറയുന്ന ചിത്രം രണ്ടു കാലഘട്ടത്തില്‍ നടക്കുന്ന പിരിയോഡിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന കഥയാണ്.

ചിത്രത്തില്‍ ബിസിനസുകാരനായും മുന്‍ജന്മത്തില്‍ രാജാവായും വേഷമിടുന്ന മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ചും കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി അദ്ദേഹം ചെയ്തു ഫലിപ്പിച്ച കഥാപാത്രങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് രാഗിണി ദ്വിവേദി. വൃഷഭയില്‍ പ്രധാനവേഷത്തിലെത്തുന്ന രാഗിണി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

മോഹന്‍ലാല്‍. Photo: IMDB

‘ദശാബ്ദങ്ങളായ് എങ്ങനെയാണ് ഇത്രയും നന്നായി വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യുന്നതെന്നോര്‍ത്ത് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. അഭിനയം മാത്രമല്ല ഡാന്‍സായാലും പാട്ട് പാടുന്നതിലായാലും. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായിട്ടുള്ള സിനിമകള്‍ നോക്കിയാല്‍ തന്നെ അറിയാം.

വക്കീല്‍ ആയിട്ടും, സാധാരണക്കാരനായിട്ടും അഭിനയിക്കുന്നിടത്തു നിന്നും പെട്ടെന്ന് എമ്പുരാന്‍ പോലൊരു സിനിമയിലെ കൊമേഷ്യല്‍ ഹീറോയായി മാറുക എളുപ്പമല്ല.

ഇപ്പോഴിതാ ഒരു പിരിയോഡിക് ഡ്രാമയില്‍ രാജാവായാണ് അദ്ദേഹം വേഷമിടുന്നത്. ഞൊടിയിട നേരം കൊണ്ടാണ് ലാല്‍ സര്‍ കഥാപാത്രത്തിലേക്ക് മാറുന്നത്. അഞ്ച് പേജുകളുള്ള ഡയലോഗുകളെല്ലാം ചായ കുടിക്കുന്ന ലാഘവത്തോടെയാണ് അദ്ദേഹം അഭിനയിക്കുന്നത്,’ രാഗിണി പറഞ്ഞു.

മോഹല്‍ലാലിനെ പോലെ വലിയ താരത്തെക്കുറിച്ച് പറയാന്‍ ഒരു ചെറിയ അഭിനേതാവായ താന്‍ ആളല്ലെന്നും അഭിനയം പഠിക്കാന്‍ പറ്റിയ ഒരു ഇന്‍സ്റ്റിറ്റിയൂഷനാണ് ലാലേട്ടനെന്നും രാഗിണി പറഞ്ഞു. സെറ്റില്‍ അദ്ദേഹം വളരെ ശാന്തസ്വഭാവക്കാരനാണെന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

രാഗിണി ദ്വിവേദി. Photo: screen grab/ cue studio/ youtube.com

2010 ല്‍ പുറത്തിറങ്ങിയ കാണ്ഡഹാറില്‍ വേഷമിട്ട രാഗിണി 2012 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ ഫേസ് 2 ഫേസ് ചിത്രത്തിലും പ്രധാനവേഷത്തിലെത്തിയിരുന്നു. 2011 ല്‍ പുറത്തിറങ്ങിയ സുദീപ് നായകനായ കന്നട ചിത്രം കെമ്പ ഗൗഡയിലൂടെയാണ് രാഗിണി സാന്‍ഡല്‍വുഡില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ശോഭ കപൂറും ഏകതാ കപൂറും ചേര്‍ന്ന് നിര്‍മിക്കുന്ന വൃഷഭയില്‍ സമര്‍ജിത്ത് ലങ്കേഷ്, നയന സരിക, നേഹ സക്‌സേന തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. രണ്ടു തവണയയി റിലീസ് മാറ്റിവെച്ച ചിത്രം ഡിസംബര്‍ 25 നാണ് തിയേറ്ററുകളിലെത്തുക.

Content Highlight: actress ragini dwivedi talks about actor mohanlal

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more