| Wednesday, 12th August 2026, 10:26 am

ആ ഒരു സീൻ ചെയ്തപ്പോഴാണ് മമിത ഇത്ര വലിയ പെർഫോമറാണെന്ന് മനസിലായത്: രാധിക ശരത്കുമാർ

അജ്മല്‍ കെ

സൂര്യയെ നായകനാക്കി വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ ചിത്രത്തിലൂടെ തമിഴകത്തും ശ്രദ്ധ നേടുകയാണ് മമിത ബൈജു. ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിൽ മമിതയെക്കുറിച്ച് രാധിക ശരത്കുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മമിതയുടെ സ്വാഭാവിക അഭിനയത്തെയും നൃത്തത്തെയും പ്രശംസിച്ച രാധിക, ഭാവിയിലെ വലിയ താരമാകാൻ മമിതയ്ക്ക് കഴിയുമെന്നും പറഞ്ഞു.

മമിതയെ താൻ സ്നേഹത്തോടെ ‘മമ്മി’ എന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് രാധിക സംസാരിച്ചത്. ആദ്യമായി കണ്ടപ്പോൾ തന്നെ മമിത വളരെ സൗമ്യമായാണ് തന്നോട് പെരുമാറിയതെന്നും പിന്നീട് സെറ്റിൽ വെച്ച് കൂടുതൽ അടുത്തറിയാൻ കഴിഞ്ഞെന്നും താരം പറഞ്ഞു.

രാധിക ശരത്കുമാർ.Screengrab/ Youtube.com

‘ഞാൻ അവളെ വളരെ സ്നേഹത്തോടെ ‘മമ്മി’ എന്നാണ് വിളിക്കുന്നത്. ആദ്യമായി കണ്ടപ്പോൾ തന്നെ വളരെ സോഫ്റ്റായാണ് എന്നോട് പെരുമാറിയത്. പിന്നീട് സെറ്റിൽ വെച്ച് കണ്ടപ്പോഴും അതേ രീതിയായിരുന്നു. വെങ്കി അവളാണ് ഈ സിനിമയിൽ അഭിനയിക്കുന്നതെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ ഒരുമിച്ച് ഒരു സീൻ ചെയ്ത് നോക്കി. അപ്പോഴാണ് എത്ര മികച്ച അഭിനേത്രിയാണ് മമിതയെന്ന് മനസ്സിലായത്. വളരെ സ്വാഭാവികമായും സ്പൊണ്ടേയ്നിയസായും അഭിനയിക്കുന്ന ആളാണ്. അവളുടെ പ്രകടനത്തിൽ ഒരു സത്യസന്ധതയുണ്ട്,’ രാധിക ശരത്കുമാർ പറഞ്ഞു.

മമിതയുടെ അഭിനയത്തെ മാത്രമല്ല, നൃത്തത്തിലുള്ള കഴിവിനെയും രാധിക പ്രത്യേകം പ്രശംസിച്ചു. മമിത നന്നായി നൃത്തം ചെയ്യുന്നതിന്റെ കാരണം എന്താണെന്നും എന്തെങ്കിലും പരിശീലനം നേടിയിട്ടുണ്ടോയെന്നും താൻ പലതവണ ചോദിച്ചിരുന്നുവെന്നും താരം പറഞ്ഞു.

‘ഞാൻ അവളോട് രണ്ടോ മൂന്നോ തവണ ചോദിച്ചു, നീ ഇത്ര നന്നായി നൃത്തം ചെയ്യുന്നതെങ്ങനെയാണ് എന്ന്. എന്തെങ്കിലും പരിശീലനം നേടിയിട്ടുണ്ടോ എന്നും ചോദിച്ചു. അപ്പോഴാണ് സൂര്യ പറഞ്ഞത് അവൾ സ്റ്റേറ്റ് ലെവൽ ഡാൻസറാണെന്ന്. കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം തുടങ്ങിയ നൃത്ത രൂപങ്ങൾ മമിത പഠിച്ചിട്ടുണ്ടെന്നും അറിഞ്ഞു. അത്രയും കഴിവുള്ള ഒരാളാണ് മമിത,’ രാധിക കൂട്ടിച്ചേർത്തു.

രാധിക ശരത്കുമാർ.മമിത ബൈജു.Photo: Screengrab/ Mana stars/ Youtube

മമിതയുടെ അഭിനയത്തിലും വ്യക്തിത്വത്തിലും തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും രാധിക പറഞ്ഞു. സിനിമാരംഗത്ത് വലിയ ഉയരങ്ങളിലേക്ക് മമിത എത്തുമെന്നാണ് തന്റെ വിശ്വാസമെന്നും താരം ആശംസിച്ചു.

‘മമ്മി, നിന്റെ എല്ലാ ശ്രമങ്ങൾക്കും എന്റെ ആശംസകൾ. നീ അടുത്ത വലിയ താരമാകുമെന്നാണ് ഞാൻ കരുതുന്നത്. വളരെ കഴിവുള്ള ഒരു അഭിനേത്രിയെയാണ് ഞാൻ നിന്നിൽ കാണുന്നത്,’ രാധിക ശരത്കുമാർ പറഞ്ഞു.

Content Highlight: Actress Radhika Sarathkumar Talks about Mamitha Baiju

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more