| Friday, 5th June 2026, 5:21 pm

'സ്‌പായും 'ഹാപ്പി എൻഡിങ്' നൽകുന്ന തെറാപ്പിസ്‌റ്റുകളും എന്ന രീതിയിൽ കഥ കേട്ടപ്പോൾ ചെയ്യാൻ മടിയുണ്ടായിരുന്നു': രാധിക രാധാകൃഷ്‌ണൻ

നന്ദന എം.സി

ഒ.ടി.ടി റിലീസിന് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്‌പാ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്. തിയേറ്ററിൽ അത്ര ശ്രദ്ധ നേടാൻ കഴിഞ്ഞില്ലെങ്കിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെത്തിയതോടെ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

മലയാള സിനിമയിൽ ഇതുവരെ അധികം പരീക്ഷിക്കാത്ത ഒരു കഥാപശ്ചാത്തലത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിതെന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം. ഒരു സ്പാ കേന്ദ്രവും അവിടുത്തെ ജീവനക്കാരും അവിടേക്ക് എത്തുന്ന വിവിധ കസ്റ്റമേഴ്സിനെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ പ്രേക്ഷക ശ്രദ്ധ പ്രത്യേകമായി നേടിയ കഥാപാത്രങ്ങളായിരുന്നു മാത്തൻ ചേട്ടനും റീനയും. ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

രാധിക രാധാകൃഷ്‌ണൻ, Photo: YouTube/ Screengrab

ഇപ്പോഴിതാ ചിത്രത്തിൽ റീനയായി എത്തിയ രാധിക രാധാകൃഷ്ണൻ തന്റെ കഥാപാത്രത്തെക്കുറിച്ചും സിനിമയിലേക്കെത്തിയ സാഹചര്യത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ്.

‘ഷൈൻ സർ തിരക്കഥ എഴുതിയ ‘റേച്ചൽ’ മുമ്പ് ചെയ്‌തിട്ടുള്ളതുകൊണ്ട് സാറിന്റെ കൂടെ വർക്ക് ചെയ്യാൻ എനിക്ക് വലിയ ഇഷ്‌ടമായിരുന്നു. ‘റേച്ചൽ’ കഴിഞ്ഞ് കുറച്ചു മാസങ്ങൾക്ക് ശേഷമാണ് ‘സ്‌പാ’യിലേക്ക് വിളി വരുന്നത്. സർ ആദ്യം ഒരു ത്രെഡ് മാത്രമേ എന്നോട് പറഞ്ഞിരുന്നുള്ളൂ.

ഒരു സ്‌പായും അവിടെ ‘ഹാപ്പി എൻഡിങ്’ നൽകുന്ന കുറച്ചു തെറാപ്പിസ്‌റ്റുകളും എന്ന രീതിയിൽ കഥ കേട്ടപ്പോൾ എനിക്ക് ചെയ്യാൻ ഒരിത്തിരി മടിയുണ്ടായിരുന്നു. എന്നാൽ പിന്നീട് സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് ഒരാഴ്‌ച മുമ്പ് സർ വിളിച്ചു പറഞ്ഞു.

സ്‌പാ , Photo: X.com

‘രാധികാ ഇത് എഴുതി വന്നപ്പോൾ ഭയങ്കര രസമായിട്ടുണ്ട്, രാധികയ്ക്ക് നന്നായിട്ട് പെർഫോം ചെയ്യാൻ പറ്റുന്നൊരു സംഭവമാണ്’ എന്ന്. അങ്ങനെ സാറിനെ വിശ്വസിച്ച് ഞാൻ സിനിമയിലേക്ക് വരികയായിരുന്നു,’ രാധിക പറഞ്ഞു.

കഥയുടെ ഒരു രൂപം കേട്ടപ്പോൾ ചെറിയൊരു ആശങ്ക ഉണ്ടായിരുന്നെങ്കിലും സംവിധായകന്റെ ആത്മവിശ്വാസവും കഥാപാത്രത്തോടുള്ള സമീപനവുമാണ് സിനിമയുടെ ഭാഗമാകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് രാധികയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. പിന്നീട് സിനിമയുടെ ചിത്രീകരണ ഘട്ടത്തിലേക്ക് എത്തിയപ്പോൾ ലഭിച്ച അനുഭവവും താരം പങ്കുവെച്ചു.

‘ഷൂട്ടിങ് തുടങ്ങിയതിന് ശേഷം ഭയങ്കര രസമായിരുന്നു, കാരണം ഒരുപാട് പെൺകുട്ടികൾ ഒരുമിച്ചുള്ള സെറ്റായിരുന്നു അത്. കാരവാനിൽ പോയിരിക്കുകയാണെങ്കിൽ പോലും എല്ലാവരും ഒരുമിച്ചായിരുന്നു.

ഒരു കോളജ് ഹോസ്റ്റലിൽ ഫ്രണ്ട്സ് ഒന്നിച്ച് ഇരിക്കുന്ന ഒരു ഫീൽ ആണ് ആ സെറ്റിൽ ഉണ്ടായിരുന്നത്. മസാജ് ചെയ്യുന്ന ഷോട്ട് എടുക്കുമ്പോൾ ഷൈൻ സാർ ആവശ്യമില്ലാത്ത ഒറ്റ മനുഷ്യനെ ആ റൂമിൽ നിർത്തില്ലായിരുന്നു.

സ്‌പാ , Photo: X.com

ബാക്കി ടെക്നീഷ്യൻസ് ഒക്കെ ആണുങ്ങളായതുകൊണ്ട് ഒരു സ്ത്രീ ഒറ്റയ്ക്ക് അഭിനയിക്കുമ്പോൾ ബുദ്ധിമുട്ട് തോന്നാതിരിക്കാൻ അസോസിയേറ്റ് ഡയറക്‌ടറായ ആനന്ദിനി ബാല മുഴുവൻ സമയവും കൂടെയുണ്ടായിരുന്നു,’ രാധിക കൂട്ടിച്ചേർത്തു.

സിനിമയിലെ ചില രംഗങ്ങൾ സ്വഭാവപരമായി ഏറെ സെൻസിറ്റീവായിരുന്നെങ്കിലും ചിത്രീകരണ സമയത്ത് അഭിനേതാക്കളുടെ സ്വകാര്യതക്കും സുരക്ഷിതത്വത്തിനും പ്രത്യേക പ്രാധാന്യം നൽകിയിരുന്നുവെന്നാണ് രാധികയുടെ വാക്കുകൾ. പ്രത്യേകിച്ച് വനിതാ താരങ്ങൾക്കായി സൗഹൃദപരവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കിയിരുന്നുവെന്നും താരം വ്യക്തമാക്കി.

ഒ.ടി.ടി റിലീസിന് ശേഷം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിയ സ്‌പാ ഇപ്പോഴും സോഷ്യൽ മീഡിയയിലും സിനിമാ ചർച്ചകളിലും ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

Content Highlight: Actress Radhika Radhakrishnan talks about her entry into the spa cinema

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more