‘അക്ക’ എന്ന സീരിസിലെ തേജു എന്ന കഥാപാത്രത്തിലേക്ക് എത്തിയതും അതിനുവേണ്ടി നടത്തിയ തയ്യാറെടുപ്പുകളും പങ്കുവെച്ച് നടി പൂജ മോഹൻരാജ്. ഡബ്ബിങ്ങിനിടെ ഇൻസ്റ്റഗ്രാമിൽ വൈ.ആർ.എഫ് കാസ്റ്റിങ്ങിൽനിന്ന് ലഭിച്ച സന്ദേശമാണ് ഈ അവസരത്തിലേക്ക് വഴിതുറന്നതെന്ന് പൂജ പറയുന്നു. തന്റെ അഭിനയപശ്ചാത്തലത്തിനൊപ്പം ഫിസിക്കൽ ട്രെയിനിങ്ങിനെക്കുറിച്ചും അവർക്ക് നേരത്തെ അറിയാമായിരുന്നുവെന്നും പൂജ ഇൻഡിവുഡിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ഞാൻ ഡബ്ബിങ്ങിന് ഇരിക്കുന്ന സമയത്താണ് ഇൻസ്റ്റഗ്രാമിൽ വൈ.ആർ.എഫ് കാസ്റ്റിങ്ങിൽനിന്ന് ഒരു മെസേജ് വരുന്നത്. ആദ്യം അത് കണ്ടപ്പോൾ ആരെങ്കിലും പറ്റിക്കുകയാണോ എന്നാണ് വിചാരിച്ചത്. പിന്നീട് നോക്കിയപ്പോൾ വെരിഫൈഡ് അക്കൗണ്ടായിരുന്നു. അതിനുശേഷം പെട്ടെന്ന് എനിക്ക് ഒരു കോൾ വന്നു. ഭാരതി എന്ന പെൺകുട്ടിയായിരുന്നു വിളിച്ചത്. അവർ ഷാനു ശർമയുടെ പ്രധാന അസിസ്റ്റന്റാണ്.
പൂജ മോഹൻരാജ്. Photo. Screen Grab/ Youtube
ഷാനു ശർമയെ അറിയാമല്ലോ. രൺബീറിനെയും അനുഷ്കയെയും പോലുള്ള താരങ്ങളെ സിനിമയിലേക്ക് കൊണ്ടുവന്ന മികച്ച കാസ്റ്റിങ് ഡയറക്ടറാണ് അവർ. ഭാരതി വിളിച്ചിട്ട് ഷാനുവുമായി കണക്ട് ചെയ്യാമെന്ന് പറഞ്ഞു. പെട്ടെന്ന് എല്ലാം സംഭവിച്ചപ്പോൾ എന്താണ് നടക്കുന്നതെന്ന് പോലും എനിക്ക് മനസിലായിരുന്നില്ല,’ പൂജ പറഞ്ഞു.
തന്റെ മുൻകാല കഥാപാത്രങ്ങളും ഫിസിക്കൽ ട്രെയിനിങ്ങും ഉൾപ്പെടെ കാര്യങ്ങൾ മനസിലാക്കിയ ശേഷമാണ് അവർ സമീപിച്ചതെന്ന് അറിഞ്ഞപ്പോൾ അത്ഭുതം തോന്നിയെന്നും താരം പറഞ്ഞു.
‘പൂജ, ഇത് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെടാൻ സാധ്യതയുള്ള കഥാപാത്രമാണ് എന്ന് അവർ പറഞ്ഞു. സാധാരണ കാസ്റ്റിങ് ഡയറക്ടർമാർ എല്ലാവരോടും പറയുന്ന കാര്യമല്ലേ എന്ന് ആദ്യം തോന്നി. പക്ഷേ, ഈ കഥാപാത്രത്തിന് ശാരീരികമായും മറ്റും ചില പ്രത്യേകതകളുണ്ട്. എന്നെ സമീപിക്കുന്നതിന് മുമ്പുതന്നെ എന്റെ ട്രെയിനിങ്ങിനെക്കുറിച്ചും ഡൽഹിയിലെ പഠനപശ്ചാത്തലത്തെക്കുറിച്ചും അവർക്ക് അറിയാമായിരുന്നു.
എന്നെക്കുറിച്ച് എല്ലാം മനസിലാക്കിയ ശേഷമാണ് അവർ വന്നത്. മലയാളത്തിൽ പലർക്കും ഞാൻ ഒരു ട്രെയിനർ കൂടിയാണെന്ന കാര്യം അറിയില്ല. അതുകൊണ്ട് അവർ എന്നെക്കുറിച്ച് ഇത്രയധികം അന്വേഷിച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ ശരിക്കും ഷോക്കായിരുന്നു,’ നടി പറഞ്ഞു.
നേരത്തെ ചെയ്ത രണ്ടുമൂന്ന് പോലീസ് കഥാപാത്രങ്ങൾ കണ്ടാണ് ‘അക്ക’യിലേക്ക് വിളിച്ചതെന്നും പൂജ പറയുന്നു. അടുത്ത ദിവസം തന്നെ സംവിധായകനുമായി സംസാരിക്കുകയും സ്ക്രിപ്റ്റ് ലഭിക്കുകയും ചെയ്തു. പിന്നീട് ‘ആവേശം’ സിനിമയുടെ ചിത്രീകരണത്തിനായി ബെംഗളൂരുവിൽ എത്തിയപ്പോഴാണ് സംവിധായകനെ നേരിൽ കണ്ടത്. അതിനുശേഷമാണ് തേജുവിനുവേണ്ടിയുള്ള ഫിസിക്കൽ ട്രെയിനിങ് ആരംഭിച്ചതെന്നും താരം കൂട്ടിച്ചേർത്തു.
‘ഈ സിനിമയിൽ എന്റെ കഥാപാത്രത്തിന് ഒരു വലുപ്പം വേണമായിരുന്നു. വെറുതെ മസിൽ പിടിച്ച് നിൽക്കുന്ന ഒരാളാകരുത്. കഥാപാത്രത്തെ കാണുമ്പോൾ തന്നെ ‘ഷീ ഈസ് ഡേഞ്ചറസ്’ എന്ന് ആളുകൾക്ക് തോന്നണം. അതിനുവേണ്ടിയാണ് ഞാൻ ഫിസിക്കലായി തയ്യാറെടുത്തത്.
എന്റെ കഥാപാത്രമായ തേജുവിനെ ആരാണ് അവതരിപ്പിക്കുന്നത് എന്ന് എല്ലാവരും ചോദിക്കുമായിരുന്നു. പക്ഷേ, ആ കഥാപാത്രം ചെയ്യുന്ന ആളെ കാണുമ്പോൾ ക്ളീഷോയായി തോന്നാനും പാടില്ലായിരുന്നു. സ്ത്രീകളുടെ ആക്ഷൻ കാണിക്കുന്നു എന്നൊരു തോന്നൽ മാത്രം പ്രേക്ഷകർക്ക് ഉണ്ടാകരുത്. അതെല്ലാം കൃത്യമായി ശ്രദ്ധിക്കണമായിരുന്നു. അതിനുവേണ്ടി ഒരുപാട് അധ്വാനിച്ചിട്ടുണ്ട്. ശരീരത്തിന് സ്ട്രെങ്ത് ഉണ്ടെങ്കിൽ മാത്രമേ നമ്മൾ വെറുതെ നിന്നാൽ പോലും അത് മറ്റുള്ളവർക്ക് മനസിലാകുകയൊള്ളു,’ പൂജ മോഹൻരാജ് പറഞ്ഞു.
അക്ക,കീർത്തി. Photo. Screen Grab/ Youtube
നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബർ 30നാണ് ക്രൈം ത്രില്ലർ വെബ് സീരീസായ അക്ക സ്ട്രീമിങ് ആരംഭിച്ചത്. വൈ.ആർ.എഫ് എന്റർടൈൻമെന്റിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിക്കുന്ന സീരീസിൽ കീർത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശക്തരായ രണ്ട് സ്ത്രീകളുടെ ഏറ്റുമുട്ടലിന്റെ കഥയാണ് അക്കയിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ ധർമ്മരാജ് ഷെട്ടി പറയുന്നത്. മികച്ച പ്രതികരണങ്ങളാണ് സീരിസിന് ലഭ്യമാകുന്നത്.
Content Highlight: Actress Pooja Mohanraj shares how she landed the role of Teju in the series ‘Akka’ and the preparations she undertook for it.