| Tuesday, 13th October 2026, 2:22 pm

ആ സിനിമയിൽ അവർക്ക് ഞാൻ തന്നെ വേണമെന്നുണ്ടായിരുന്നു, കീർത്തിയുടെയും ധനുഷിന്റെയും കൂടെയാണെന്ന് പറഞ്ഞപ്പോൾ മക്കൾ ഞെട്ടി; പൊന്നമ്മ ബാബു

അജ്മല്‍ കെ

മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് പൊന്നമ്മ ബാബു. 300ൽ അധികം സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും കോമഡി ഷോകളിലും അഭിനയിച്ചിട്ടുള്ള നടി കൂടെയാണ് അവർ. ഇപ്പോഴും മലയാള സിനിമയിൽ സജീവമായ ഇവർ 2024-ൽ പുറത്തിറങ്ങിയ ആക്ഷൻ കോമഡി ചിത്രമായ റൈഫിൾ ക്ലബിലും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിലെ നടിയുടെ അഭിനയത്തിന് ഏറെ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.

ഇപ്പോഴിതാ ധനുഷ് നായകനായ തമിഴ് ചിത്രം ‘തൊടരി’യിലേക്ക് തന്നെ തെരഞ്ഞെടുത്തത് അപ്രതീക്ഷിതമായിട്ടായിരുന്നെന്ന് പറയുകയാണ് നടി പൊന്നമ്മ ബാബു. തമിഴ് സിനിമയിൽ അഭിനയിക്കാൻ ആദ്യം താത്പര്യമില്ലായിരുന്നെന്നും ഒരു സ്റ്റേജ് ഷോ ഏറ്റെടുത്തിരുന്നതിനാൽ ചിത്രത്തിൽ അഭിനയിക്കാൻ പോകാൻ കഴിയുമോ എന്നുപോലും സംശയിച്ചിരുന്നെന്നും താരം അമൃത ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പൊന്നമ്മ ബാബു.Photo. Screen Grab/ Youtube

‘തമിഴിൽ ഞാൻ ആദ്യം ചെയ്യുന്നത് ധനുഷിന്റെ ‘തൊടരി’ എന്ന സിനിമയിലാണ്. കീർത്തി സുരേഷിന്റെ ആദ്യത്തെ പടവും ആയിരുന്നു അത്. എന്നെ ഇവിടെ നിന്ന് കൊണ്ട് പോയതാണ് തമിഴിലേക്ക്,’ പൊന്നമ്മ ബാബു പറഞ്ഞു.

മലയാളത്തിൽനിന്ന് നിരവധി പേരുടെ ഫോട്ടോകൾ അയച്ചുകൊടുക്കുന്നതിനിടയിലാണ് തന്റെ ചിത്രവും സംവിധായകന് ലഭിച്ചത്. ഞാൻ അഭിനയിച്ച സിനിമകളുടെ വിവരങ്ങൾ കൂടി പരിശോധിച്ച സംവിധായകന് എന്നെ തന്നെ വേണമെന്ന നിർബന്ധമായിരുന്നു. എന്നാൽ തമിഴ് സിനിമയായതിനാൽ ഭാഷയെക്കുറിച്ചുള്ള ആശങ്കയും മറ്റ് തിരക്കുകളും കാരണം ആദ്യം മടിച്ചു നിന്നിരുന്നെന്നും നടി പറഞ്ഞു.

‘എന്റെ ഫോട്ടോ സെലക്ടായപ്പോൾ സംവിധായകൻ ഏതൊക്കെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് ചോദിച്ചു. ഞാൻ അഭിനയിച്ച സിനിമകളുടെ വിവരങ്ങൾ അയച്ചുകൊടുത്തതോടെ അദ്ദേഹത്തിന് എന്നെ തന്നെ വേണമെന്നായി. പക്ഷേ, എനിക്ക് അപ്പോൾ ഒരു സ്റ്റേജ് ഷോ ഏറ്റെടുത്തിട്ടുണ്ടായിരുന്നു. തമിഴ് അത്ര വശമില്ലാത്തതുകൊണ്ട് മലയാളം മതി എന്നായിരുന്നു ഞാൻ പറഞ്ഞത്. എന്നാൽ അവിടെയുള്ളവർക്ക് എന്നെ തന്നെ വേണമായിരുന്നു,’ പൊന്നമ്മ ബാബു പറഞ്ഞു.

ധനുഷിന്റെ കൂടെയാണ് അഭിനയിക്കേണ്ടതെന്ന് മക്കളോട് പറഞ്ഞപ്പോഴാണ് സിനിമയുടെ കാര്യത്തിൽ താൻ കൂടുതൽ ആലോചിച്ചതെന്നും താരം പറയുന്നു. ധനുഷിന്റെ സിനിമകൾ അധികം കണ്ടിട്ടില്ലാത്തതിനാൽ അദ്ദേഹത്തെക്കുറിച്ച് വലിയ പരിചയമുണ്ടായിരുന്നില്ല. എന്നാൽ ധനുഷിന്റെ പേരുകേട്ടതോടെ മക്കൾ ആവേശത്തിലായി എന്നും നടി പറഞ്ഞു.

‘ഞാൻ മക്കളെ വിളിച്ച് ഒരു തമിഴ് സിനിമ വന്നിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോൾ അവർ ‘തമിഴോ?’ എന്ന് ചോദിച്ചു. ധനുഷിന്റെ കൂടെയാണെന്ന് പറഞ്ഞപ്പോൾ ‘ധനുഷോ?’ എന്നായി അവരുടെ ചോദ്യം. എനിക്ക് ധനുഷിനെ അത്ര പരിചയമില്ലായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളൊന്നും ഞാൻ കണ്ടിട്ടില്ല. അപ്പോൾ മക്കൾ പറഞ്ഞു, ‘എന്റെ പൊന്നുമമ്മി, ആ പ്രോഗ്രാം ക്യാൻസൽ ചെയ്തിട്ട് ആ സിനിമയ്ക്ക് പോയി അഭിനയിക്ക്’ എന്ന്. അങ്ങനെയാണ് ഞാൻ സിനിമ ചെയ്യാൻ പോയത്,’ പൊന്നമ്മ ബാബു വ്യക്തമാക്കി.

പൊന്നമ്മ ബാബു.Photo. Screen Grab/ Youtube

ഏകദേശം 40 ദിവസത്തോളം ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ പങ്കെടുത്തെന്നും ധനുഷും കീർത്തി സുരേഷും ഒന്നിച്ചുള്ള രംഗങ്ങളിലായിരുന്നു തനിക്ക് കൂടുതൽ രംഗങ്ങൾ ഉണ്ടായിരുന്നതെന്നും താരം കൂട്ടിച്ചേർത്തു.

Content Highlight: Actress Ponnamma babu Talks about Thodari Movie Experience

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more